Connect with us

Sports

ഗുദ്യോണ്‍സന്‍ പൂനെയില്‍

Published

|

Last Updated

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചെല്‍സിയുടെയും ബാഴ്‌സലോണയുടെയും മുന്‍ സൂപ്പര്‍ താരം എയ്ദുര്‍ ഗുഡ്‌ജോണ്‍സന്‍ എത്തുന്നു. എഫ് സി പൂനെ സിറ്റിയുടെ ജഴ്‌സിയിലാകും ഗുഡ്‌ജോണ്‍സന്‍ ഐ എസ് എല്ലില്‍ പന്ത് തട്ടുക. മാര്‍ക്വു താരമായിട്ടാണ് പൂനെ ഐസ്‌ലാന്‍ഡിന്റെ മുന്‍ രാജ്യാന്തര സ്‌ട്രൈക്കറെ ടീമിലെത്തിച്ചത്. എഫ് സി പൂനെ സിറ്റിയുടെ സി ഇ ഒ ഗൗരവ് മൊഡ്‌വെല്‍ ആണ് ഗുഡ്‌ജോണ്‍സനുമായി കരാറിലെത്തിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
മുപ്പത്തേഴു വയസുള്ള ഗുഡ്‌ജോണ്‍സന്റെ പരിചയ സമ്പത്ത് പൂനെയുടെ യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്ന വിശ്വാസമാണ് ക്ലബ്ബ് അധികൃതര്‍ക്കുള്ളത്. 2004-05, 2005-06 തുടര്‍ സീസണുകളില്‍ ചെല്‍സിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാവായ ഗുഡ്‌ജോണ്‍സന്‍ ബാഴ്‌സലോണക്കൊപ്പം 2008-09 ല്‍ ലാ ലിഗയും യുവേഫ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി.
1994 ല്‍ വാലുര്‍ ക്ലബ്ബിലാണ് കരിയര്‍ ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ഹോളണ്ടിലെ പി എസ് വി ഐന്തോവനിലെത്തി. മൂന്ന് വര്‍ഷം ഡച്ച് ക്ലബ്ബില്‍ തുടര്‍ന്ന ഐസ്‌ലാന്‍ഡ് സ്‌ട്രൈക്കര്‍ ആദ്യ രാജ്യാന്തര മത്സരം കളിച്ചത് പതിനേഴാം വയസില്‍. 1996 ഏപ്രിലില്‍ എസ്‌തോണിയക്കെതിരെ ആയിരുന്നു രാജ്യാന്തര ഫുട്‌ബോളിലെ അരങ്ങേറ്റം. രസകരമായ വസ്തുത പിതാവ് ആര്‍നറിന്റെ പകരക്കാരനായിട്ടായിരുന്നു ഗുഡ്‌ജോണ്‍സന്‍ അന്ന് ദേശീയ ടീമിനായി കളത്തിലിറങ്ങിയത് എന്നതാണ്. 1998 ല്‍ ഇംഗ്ലണ്ടില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സില്‍ എത്തിയതോടെയാണ് തലവര തെളിഞ്ഞത്. രണ്ടാം സീസണില്‍ ഇരുപത്തൊന്ന് ഗോളുകള്‍ നേടി ബോള്‍ട്ടന്റെ ടോപ് സ്‌കോറര്‍. ഇതോടെ, പ്രീമിയര്‍ ലീഗിലെ മുന്‍നിരക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി ഗുഡ്‌ജോണ്‍സന്‍ മാറുകയും ചെയ്തു. 2000 ല്‍ ചെല്‍സിയിലെത്തിയ സ്‌ട്രൈക്കര്‍ 263 മത്സരങ്ങള്‍ അവിടെ പൂര്‍ത്തിയാക്കി. 78 ഗോളുകളും നേടി. 2006 ല്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറ്റം.
ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയില്‍ ലോണില്‍ കളിച്ച ഗുഡ്‌ജോണ്‍സന്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ടോട്ടനം ഹോസ്പര്‍, സ്റ്റോക് സിറ്റി, ഫുള്‍ഹാം ക്ലബ്ബുകളിലും കളിച്ചു. ഗ്രീക്ക് ക്ലബ്ബ് എ ഇ കെ ഏഥന്‍സ്, ബെല്‍ജിയന്‍ ക്ലബ്ബ് ക്ലബ്ബ് ബ്രുഗെ എന്നീ ക്ലബ്ബുകളിലും പന്ത്തട്ടിയ ഗുഡ്‌ജോണ്‍സന്‍ 2014 ല്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിലേക്ക്തന്നെ തിരിച്ചെത്തി.
ഐസ്‌ലാന്‍ഡിനായി ലോകകപ്പ്, യൂറോ കപ്പ് യോഗ്യതാ റൗണ്ടുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുവാന്‍ ഗുഡ്‌ജോണ്‍സന്‌സാധിച്ചിട്ടുണ്ട്.
2014 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ക്രൊയേഷ്യയോട് പ്ലേ ഓഫില്‍ പരാജയപ്പെട്ടത് ഐസ്‌ലാന്‍ഡിനും ഗുഡ്‌ജോണ്‍സനും വലിയ തിരിച്ചടിയായി. ഫ്രാന്‍സില്‍ നടന്ന 2016 യൂറോ കപ്പിനുള്ള ഐസ്‌ലാന്‍ഡ് ടീമില്‍ ഗുഡ്‌ജോണ്‍സനുണ്ടായിരുന്നു.
മുന്‍ ചെല്‍സി താരവുമായുള്ള കരാറിനെ പൂനെ ഹെഡ് കോച്ച് അന്റോണിയോ ഹബാസ് സ്വാഗതം ചെയ്തു. ക്ലബ്ബ് സഹ ഉടമ ഹൃത്വിക് റോഷനും ആവേശത്തിലാണ്. ഐ എസ് എല്ലില്‍ പൂനെക്ക് പുതിയ മേല്‍വിലാസമുണ്ടാക്കാന്‍ മൂന്നാം സീസണില്‍ സാധിക്കുമെന്ന ശുഭാപ്തിയും ഹൃത്വിക് പ്രകടിപ്പിച്ചു.