Connect with us

International

ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Published

|

Last Updated

സിയോള്‍: ഉത്തര കൊറിയ കിഴക്കന്‍ തീരത്ത് നിന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ സൈന്യം. യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണ പരമ്പരകളില്‍ അവസാനത്തേതാണിത്. ഇന്നലെ പുലര്‍ച്ചയോടെ തീര നഗരമായ സിന്‍പൊയില്‍നിന്നുമാണ് മീസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നതെന്ന് ഇവിടെയുള്ള മുങ്ങിക്കപ്പലിന്റെ സാറ്റലൈറ്റ് ദ്യശ്യങ്ങള്‍ കാണിക്കുന്നതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
മിസൈല്‍ ജപ്പാന്റെ ആകാശ പ്രതിരോധ തിരിച്ചറിയല്‍ മേഖലയില്‍ എത്തിയതായി ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹൈഡ് സുഗ പറഞ്ഞു. ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് നടത്തുന്ന വാര്‍ഷിക സൈനിക അഭ്യാസങ്ങള്‍ തുടങ്ങി രണ്ട് ദിവസത്തിനുള്ളിലാണ് ഉത്തര കൊറിയ പുതിയ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. സംയുക്ത സൈനിക അഭ്യാസം തങ്ങള്‍ക്കെതിരായ ആക്രമണത്തിനുള്ള തയ്യാറെടുപ്പെന്നാണ് ഉത്തര കൊറിയ ആരോപിക്കുന്നത്. ജനുവരിയില്‍ നടത്തിയ നാലാമത്തെ ആണവ പരീക്ഷണത്തിന് ശേഷം വടക്കന്‍ കൊറിയ കൂടുതല്‍ ഒറ്റപ്പെട്ടുവെങ്കിലും ഫിബ്രവരിയില്‍ ദീര്‍ഘദൂര റോക്കറ്റ് പരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് യു എന്‍ രാജ്യത്തിനെതിരായ ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഉത്തര കൊറിയ നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിക്ഷേപിക്കുന്ന മിസൈലുകള്‍ രാജ്യത്തിനകത്ത് തന്നെയൊ അല്ലങ്കില്‍ ജപ്പാന്‍ നിയന്ത്രണത്തിലുള്ള സമുദ്രാതിര്‍ത്തിയിലൊ ആണ് പതിക്കാറ്.

Latest