Connect with us

Kozhikode

അസ്‌ലം വധം; പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത് മടിക്കൈയിലും കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും

Published

|

Last Updated

കാഞ്ഞങ്ങാട്: മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ നാദാപുരം കാളിയപറമ്പത്ത് അസ്‌ലമിനെ കൊലപ്പെടുത്തിയ കേസിലെ സി പി എം പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ മടിക്കൈ ബങ്കളത്തെ വീട്ടിലും കാഞ്ഞങ്ങാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും ഒളിവില്‍ കഴിഞ്ഞതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ച സി പി എം ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനിലിന്റെ മൊഴിയില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. അനില്‍ അവിചാരിതമായി ഹോസ്ദുര്‍ഗ് പോലീസ് സറ്റേഷനിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ എസ് ഐ. കെ ബിജുലാല്‍ കസ്റ്റഡിയിലെടുത്ത് നാദാപുരം പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ അനിലിനെ പ്രതി ചേര്‍ത്തു. കൊലക്കേസില്‍ നേരിട്ട് ബന്ധമുള്ള വളയം കക്കുഴിയുള്ള പറമ്പത്ത് കുട്ടു എന്ന നിഥിനെ കുറ്റിയാടി സി ഐ. ടി സജീവന്‍ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്ടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെയും കണ്ണൂരിലെ ഒട്ടേറെ രാഷ്ട്രീയ കൊലപാതകക്കേസുകളിലെയും പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയത് കാസര്‍കോട് ജില്ലയിലെ വിവിധ പാര്‍ട്ടി ഗ്രാമങ്ങളിലാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതേസമയം ജില്ലയിലെ ഒരു മുന്‍ എം എല്‍ എയുടെ മകനടക്കമുള്ളവര്‍ കൊലക്കേസ് പ്രതികളെ സഹായിച്ചെന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
ഒമ്പതുകാരന് മര്‍ദനം; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
കൊച്ചി: അടിമാലി സ്വദേശിയായ ഒമ്പതുകാരന് മാതാപിതാക്കളുടെ ക്രൂരമായ മര്‍ദനമേറ്റതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ഇടുക്കി ജില്ലാ പോലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസര്‍മാര്‍, കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവര്‍ സംഭവത്തെക്കുറിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Latest