Connect with us

Gulf

ഖത്വറിലെ റീട്ടെയില്‍ രംഗം വളര്‍ച്ചയില്‍; മൂന്നു വര്‍ഷത്തിനകം കൂടുതല്‍ സ്ഥാപനങ്ങള്‍

Published

|

Last Updated

ദോഹ:രാജ്യത്ത് അടുത്ത മൂന്നു വര്‍ഷത്തിനിടെ 12.7 ലക്ഷം ചതുര ശ്ര മീറ്റര്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ കൂടി തുറക്കും. എണ്ണവിലക്കുറവിന്റെ പശ്ചാത്തലത്തില്‍ വ്യവസായ, വ്യാപാര മേഖലയില്‍ ഇടിവുണ്ടാകുമ്പോഴും റീട്ടെയില്‍ വ്യവസായ രംഗം വളര്‍ച്ചയുടെ പാതയിലാണെന്ന് സി ബി ആര്‍ ഇ തയാറാക്കിയ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യ ആറു മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ രണ്ട് പ്രമുഖ ഷോപ്പിംഗ് മാളുകലായ വില്ലാജിയോയിലും സിറ്റി സെന്ററിലും പ്രതിദിന സന്ദര്‍ശകര്‍ വര്‍ധിച്ചു. രണ്ടു മാളുകളിലെയും ശരാശരി സന്ദര്‍ശകര്‍ 46,000, 45,000 വീതമാണ്.

രാജ്യത്തെ റീട്ടെയില്‍ രംഗത്ത് മത്സരം വര്‍ധിച്ചു വരികയാണെന്നും പുതുതായി നിലവില്‍ വരുന്ന റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഈ സൂചനയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതുതായി നിലവില്‍ വരുന്ന സ്ഥാപനങ്ങള്‍ നിലവിലുള്ളവയുടെ 83 ശതമാനത്തോളം വരും. രാജ്യത്തെ കെട്ടിട വാടകയില്‍ ഇളവു വരുന്നത് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, വളര്‍ച്ച കൈവരിക്കുമ്പോഴും റീട്ടെയില്‍ മേഖല ചില വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ടെന്ന് സി ബി ആര്‍ ഇ മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് മേധാവി മാറ്റ് ഗ്രീന്‍ പറഞ്ഞു.

രാജ്യത്തെ ഓഫീസ് കെട്ടിടങ്ങളുടെ വാടക കുറഞ്ഞുവരുന്നതായും കെട്ടിട ഉടമകള്‍ പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓഫീസ് സ്‌പെയ്‌സുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു വരുന്നത് പരിഹരിക്കുന്നതിന് പുതിയ തന്ത്രങ്ങള്‍ ആവിഷികരിക്കുകയാണ് റിയല്‍ എസ്റ്റേറ്റ് മേഖല. ഓഫീസ് കെട്ടിടങ്ങള്‍ കൂടുതല്‍ ലഭ്യമായതാണ് ഡിമാന്‍ഡ് കുറയാന്‍ കാരണം. ആറുമാസത്തിനിടെ ഓഫീസ് കെട്ടിടങ്ങളുടെ ആവശ്യത്തില്‍ ശ്രദ്ധേയമായ കുറവുണ്ടായി. കെട്ടിടങ്ങളുടെ ഒഴിവുകള്‍ ഉയരുകയും ചെയ്തു. വന്‍കിട ഓഫീസ് കെട്ടിടങ്ങള്‍ക്കും രണ്ടാം നിര ഓഫീസ് കെട്ടിടങ്ങള്‍ക്കും ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്.
എണ്ണവിലക്കുറവ് പെട്രോളിയം മേഖലയിലെ കമ്പനികളിലുണ്ടാക്കിയ വിപരീത സ്വാധീനമാണ് ഓഫീസ് കെട്ടിടങ്ങളുടെ ഡിമാന്‍ഡിലും പ്രതിഫലിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പൊതുവായ സാമ്പത്തിക, വാണിജ്യ, വ്യാപാര മേഖലയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

---- facebook comment plugin here -----

Latest