Connect with us

Gulf

എംപയര്‍ സ്റ്റേറ്റില്‍ 622 മില്യന്‍ ഡോളറിന്റെ ഓഹരി ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക്

Published

|

Last Updated

ദോഹ: ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഉടമസ്ഥരായ എംപയര്‍ സ്റ്റേറ്റ് റിയല്‍റ്റി ട്രസ്റ്റിന്റെ പത്ത് ശതമാനം പലിശ ഖത്വര്‍ ഇന്‍വെസ്റ്റ്മന്റ് അതോറിറ്റി (ക്യു ഐ എ) വാങ്ങി. അഥവ, എംപയര്‍ സ്റ്റേറ്റ് റിയല്‍റ്റിയില്‍ 622 മില്യന്‍ ഡോളറിന്റെ ഓഹരിയാണ് ക്യു ഐ എ സ്വന്തമാക്കിയത്. വടക്കന്‍ അമേരിക്കയിലെയും ഏഷ്യ- പസഫിക് മേഖലയിലെയും നിക്ഷേപങ്ങള്‍ക്ക് ക്യു ഐ എയെ ഇത് കൂടുതല്‍ സഹായിക്കും.

21 ഡോളര്‍ വിലയിട്ട ക്ലാസ് എ പൊതു ഓഹരിയില്‍ 29.6 മില്യന്‍ ഡോളര്‍ സ്വന്തമാക്കുകയും എംപയര്‍ സ്റ്റേറ്റ് റിയല്‍റ്റി ട്രസ്റ്റില്‍ 9.9 ശതമാനം സാമ്പത്തിക, വോട്ടിംഗ് പലിശ സ്വന്തമാക്കുകയും ചെയ്തു. ക്യു ഐ എയുടെ നിക്ഷേപം ഭാവി പദ്ധതികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് കമ്പനി പ്രസിഡന്റ് ജോണ്‍ കെസ്സ്‌ലര്‍ പറഞ്ഞു. മൂലധനം വര്‍ധിച്ചതോടൊപ്പം ലോകത്തെ ആധുനികവും കൂടുതല്‍ വിശ്വാസയോഗ്യവുമായ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ തങ്ങളുടെ പങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപയര്‍ കമ്പനിയുടെ ഭാവി പദ്ധതികളും നിക്ഷേപങ്ങളും എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മാന്‍ഹാട്ടനിലും ന്യൂയോര്‍ക്കിന്റെ വടക്കന്‍ പ്രദേശങ്ങളിലുമായി 10.1 മില്യന്‍ ചതുരശ്രയടി ഓഫീസും ചില്ലറ വസ്തുക്കളും കമ്പനിയുടെ ഉടമസ്ഥതയിലുണ്ട്.

യൂറോപ്പിന് പുറമെ അമേരിക്കയിലും ഖത്വര്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. അടുത്ത അഞ്ച് വര്‍ഷത്തിനകം 35 ബില്യന്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കുമെന്ന് അമേരിക്കയിലെ ഖത്വര്‍ അംബാസിഡര്‍ മുഹമ്മദ് അല്‍ കുവാരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും നീളം കൂടിയ കെട്ടിടങ്ങളിലൊന്നായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് 1931ലാണ് തുറന്നത്. 1454 അടിയാണ് ഉയരം.

Latest