Connect with us

Kerala

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ വടക്കേ തെരുവ് ഭാഗത്ത് താഴകത്ത് വീട്ടില്‍ അബ്ദുല്‍ ഹാലിം (39), മലപ്പുറം പൊന്നാനി താലൂക്ക് വെളിയംകോട് പാലപ്പെട്ടി തണ്ണിതുറക്കല്‍ വീട്ടില്‍ ഷംനാദ് (27) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ ഹാലിം രണ്ടാം പ്രതിയും ഷംനാദ് നാലാം പ്രതിയുമാണ്. ഷംനാദിനും കേസില്‍ നേരിട്ട് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചാ സംഘം ഉപയോഗിച്ച ഇന്നോവ കാറും സ്വര്‍ണം കൊണ്ട് പോയ ബാഗും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണം ബാഗില്‍ നിന്നും എടുത്ത ശേഷം ബാഗ് ആലുവ മംഗലപ്പുഴ ഭാഗത്തെ പെരിയാറില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭാരമുള്ള കല്ല് ബാഗിന്റെ അകത്ത് നിറച്ചാണ് പുഴയില്‍ ഉപേക്ഷിച്ചത്. മുങ്ങല്‍ വിദഗ്ധന്‍ പെരിയാറിന്റെ അടിത്തട്ടില്‍ നിന്ന് ബാഗ് കണ്ടെടുത്തു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ണൂരില്‍ നിന്ന് വാടകക്കെടുത്തതാണ്. കാറില്‍ വ്യാജ നമ്പര്‍ പതിപ്പിച്ചാണ് പ്രതികള്‍ കവര്‍ച്ചക്ക് എത്തിയത്. കവര്‍ച്ച് ശേഷം തിരിച്ച് പോകുമ്പോള്‍ കാറിന്റെ നമ്പര്‍ മാറ്റുകയായിരുന്നു. പറവൂര്‍ പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ നിന്നുമാണ് കാറിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചു
പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അബ്ദുല്‍ ഹാലിം മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചു. ഹാലിമിനെയും ഷംനാദിനെയും കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് മെഡിക്കല്‍ എടുക്കുന്നതിന് സ്റ്റേഷനില്‍ നിന്ന് പുറത്തേക്കിറക്കുമ്പോള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ചിത്രം എടുക്കാന്‍ ശ്രമിച്ച തേജസിന്റെ ലേഖകന്‍ റഷീദ് മല്ലശ്ശേരിയുടെ മുഖത്തടിക്കുകയായിരുന്നു.