Connect with us

Kerala

സരിതയുടെ കത്ത് പിടിച്ചെടുക്കാന്‍ ബാധ്യതയില്ലായിരുന്നുവെന്ന് മൊഴി

Published

|

Last Updated

കൊച്ചി: സരിത തന്റെ അഭിഭാഷകന് നല്‍കാനായി ജയിലില്‍ വെച്ചെഴുതിയ കത്ത് പിടിച്ചെടുക്കാന്‍ നിയമപരമായ ബാധ്യത പോലീസിന് ഇല്ലായിരുന്നതിനാലാണ് ആ കത്ത് പോലീസ് പിടിച്ചെടുക്കാതിരുന്നതെന്ന് ഡി വൈ എസ് പി. വി അജിത്ത് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷിച്ചിരുന്ന സിഐ റോയിയെ മനപൂര്‍വമായി പ്രത്യേകാന്വേഷണ സംഘത്തിന്റെ ഒരു യോഗത്തിലും പങ്കെടുപ്പിക്കാതിരുന്നിട്ടില്ലെന്നും ഡിവൈ എസ് പി മൊഴി നല്‍കി. പെരുമ്പാവൂര്‍ ഡി വൈഎസ്പി ആയിരുന്ന ഹരികൃഷ്ണന്‍ പങ്കെടുക്കുന്നത് കൊണ്ടാണ് റോയിയെ അന്നത്തെ യോഗങ്ങളിലേക്ക് ക്ഷണിക്കാതിരുന്നത്. ആദ്യ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിലാണ് റോയിയെ എസ് ഐ ടിയില്‍ ഉള്‍പ്പെടുത്തിയത്. സരിത എസ് നായരെ അറസ്റ്റ് ചെയ്യാന്‍ നിയോഗിച്ച എസ് ഐ സുധീര്‍ മനോഹറിന് സിആര്‍പി സി സെക്ഷന്‍ 55 പ്രകാരം മേലുദ്യോഗസ്ഥനായ സിഐ റോയ് രേഖാമൂലം അധികാരപത്രം നല്‍കിയിട്ടുള്ളതായി അറിയില്ല. സരിതയെ ഇടപ്പഴഞ്ഞിയിലെ വീടിന് സമീപം വച്ച് പുലര്‍ച്ചെ നാല് മണിക്ക് സുധീര്‍മനോഹറും സംഘവും അറസ്റ്റ് ചെയ്തത് മജിസ്‌ട്രേറ്റിന്റെ അനുവാദം വാങ്ങാതെയാണെന്നാണ് തന്റെ അറിവ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായരെ ആദ്യമായി അറസ്റ്റു ചെയ്തത് പെരുമ്പാവൂരിലെ തട്ടിപ്പ്് കേസിലാണെന്നതിനാലും അതില്‍ തട്ടിക്കപ്പെട്ട തുക വലുതായതിനാലുമാണ് ആ കേസ് ഗൗരവതരമാണെന്ന് എസ് ഐ ടി മനസ്സിലാക്കിയതെന്ന് അദ്ദേഹം മൊഴി നല്‍കി.