Connect with us

Malappuram

വാഹനങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

Published

|

Last Updated

മഞ്ചേരി: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. എളങ്കൂര്‍ അത്താണിക്കല്‍ മഞ്ഞപ്പറ്റ തൊണ്ടിയന്‍ മുഹമ്മദ് പര്‍വ്വീസ് (28) ആണ് പിടിയിലായത്. ഇത്തരത്തില്‍ പണയംവെച്ച ഇരുപത് കാറുകളില്‍ പതിമൂന്നെണ്ണം അന്വേഷണ സംഘം കണ്ടെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വാഹന ഉടമകളെ സമീപിച്ച് വിവാഹ ആവശ്യത്തിന്, ഗള്‍ഫില്‍ നിന്ന് ലീവില്‍ വരുന്നവര്‍ക്ക് ഉപയോഗിക്കുന്നതിന് തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞാണ് വാഹനം വാടകക്കെടുക്കുന്നത്.
വാടകക്കെടുക്കുന്ന ആഡംബര കാറുകള്‍ എടവണ്ണപ്പാറ, കൊണ്ടോട്ടി, മലപ്പുറം, നിലമ്പൂര്‍, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍, മൊറയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പണയപ്പെടുത്തിയത്. രണ്ടു വര്‍ഷം മുമ്പ് വാടകക്കെടുത്ത വാഹനങ്ങള്‍ വരെ ഇന്നലെ പോലീസ് കണ്ടെടുത്തവയില്‍പെടും. മഞ്ചേരി സി ഐ. കെ എം ബിജു, എസ് ഐ. എസ് ബി കൈലാസ്‌നാഥ് എന്നിവര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ അമ്പതോളം തട്ടിപ്പുകള്‍ നടത്തിയതായും പണം ആര്‍ഭാട ജീവിതത്തിനായി ഉപയോഗിക്കുമെന്നും പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും സി ഐ പറഞ്ഞു. മലപ്പുറം ഡി വൈ എസ് പി ശറഫുദ്ദീന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണ സംഘത്തില്‍ സി ഐക്കും എസ് ഐക്കും പുറമെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാമന്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ടി ശ്രീകുമാര്‍, പി സഞ്ജീവ് എന്നിവരും ഉള്‍പ്പെടും.