Connect with us

Malappuram

പൊന്നാനി മറൈന്‍ മ്യൂസിയം നിര്‍മാണം വൈകുന്നു

Published

|

Last Updated

പൊന്നാനി: മറൈന്‍ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി വൃക്ഷങ്ങള്‍. ഇവ മുറിച്ചുമാറ്റാന്‍ ഇനിയും നടപടിയായിട്ടില്ല. കഴിഞ്ഞ മാസം 18ന് നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
ചമ്രവട്ടം പ്രൊജക്ട് ഓഫീസിനോട്—ചേര്‍ന്ന ഭാരതപ്പുഴയോരത്തെ പദ്ധതി പ്രദേശത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുമതി വൈകുന്നതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സമാകുന്നത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ ജനുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനായില്ല. മുഴുവന്‍ സാങ്കേതിക പ്രശ്‌നങ്ങളും നീക്കി നിര്‍മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് പദ്ധതി പ്രദേശത്തെ വൃക്ഷങ്ങള്‍ തടസമായിരിക്കുന്നത്.
സംസ്ഥാന ടൂറിസം വകുപ്പ് 4.3 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. ഇ ടി മുഹമ്മദ് ബശീര്‍ എം പിയുടെ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രക്കാണ് നിര്‍മാണച്ചുമതല. സിംഗപ്പൂരിലെ യൂനിവേഴ്സല്‍ മറൈന്‍ മ്യൂസിയത്തിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് കരാര്‍. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചുനീക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭം എന്ന നിലയിലാണ് പൊന്നാനിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന മറൈന്‍ മ്യൂസിയം വിഭാവനം ചെയ്യപ്പെടുന്നത്. കായല്‍, പുഴ, കടല്‍ എന്നിവടങ്ങളിലെ വൈവിധ്യങ്ങളും ജീവജാലങ്ങളും ഒരേമേല്‍ക്കൂരക്കു കീഴില്‍ ക്രമീകരിക്കപ്പെടുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. കേന്ദ്ര—സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണവും മറൈന്‍ വിഭാഗത്തിന്റെ സഹായവും പദ്ധതിക്കായി പ്രതീക്ഷിക്കുന്നു.
ആഴക്കടലിലെ വിസ്മയങ്ങളെ പ്രദര്‍ശനത്തിനായി ഒരുക്കുന്നതിലൂടെ ടൂറിസ്റ്റുകളുടെയും അക്കാദമിക് യാത്രികരുടെയും ഒഴുക്ക് ഒരുപോലെ മ്യൂസിയത്തിലേക്ക് സാധ്യമാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരമൊരു സംരംഭത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് പൊന്നാനിയെന്ന് സാധ്യതാ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. വൈജ്ഞാനിക രംഗത്ത് പൊന്നാനിക്കുള്ള പെരുമയും ടൂറിസം രംഗത്തുള്ള സാധ്യതകളും കണക്കിലെടുത്താണ് മറൈന്‍ മ്യൂസിയം ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.