Connect with us

Alappuzha

ആലപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍

Published

|

Last Updated

ആലപ്പുഴ: മരുമകളെ നിരന്തരം ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്. മരുമകളെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത പരിസരവാസിയായ ഉണ്ണി എന്നയാള്‍ക്കെതിരെ കൃഷ്ണകുമാര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചില്ല.

പിന്നീട്‌ പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ച് ഉണ്ണിയെ താക്കീത് ചെയ്തു. ഇതിന് പിന്നാലെ മാവേലിക്കരയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘം കൃഷ്ണകുമാറിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന ഉണ്ണിയുടെ പരാതിയില്‍ പോലീസ് കൃഷ്ണകുമാറിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു.

തന്റെ മരണത്തിന് തൃക്കുന്നപ്പുഴ എസ്‌ഐ കുഞ്ഞുമോനും ഉണ്ണിയുമാണ് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തന്റെ മരണത്തോടെ അവസാനിക്കുമെന്ന് വിശ്വസിക്കുന്നു. ഇതുപോലെ നരാധമന്‍മാരായ പോലീസുകാര്‍ തന്റെ മരണംകൊണ്ടെങ്കിലും പാഠം പഠിക്കട്ടെ. ഇങ്ങനെയുള്ളവര്‍ ഉദ്യോഗത്തിലിരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും വിലയില്ലാതാകും. തന്റെ മരണം ഇതിനൊരു മാറ്റം വരുത്തട്ടെ എന്നുമാണ് കത്തിലെഴുതിയിരിക്കുന്നത്.

സജീവ സിപിഎം പ്രവര്‍ത്തകനാണ് മരിച്ച കൃഷ്ണകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമായി രണ്ട് കത്തുകളാണ് കൃഷ്ണകുമാര്‍ എഴുതിയത്. ഇതില്‍ ഒന്ന് ഭിത്തിയില്‍ ഒട്ടിച്ച നിലയിലും മറ്റൊന്ന് കട്ടിലിന്റെ അടിയില്‍ നിന്നുമാണ് ലഭിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കത്ത് കീറിക്കളയാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.