Connect with us

Gulf

യാത്രാ സൗഹൃദ ഭൂപടവുമായി ആര്‍ടിഎ

Published

|

Last Updated

ദുബൈ: യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന യാത്രാ സൗഹൃദ ഭൂപടം പൊതുഗതാഗത വകുപ്പ് ഏര്‍പെടുത്തുന്നു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയാണ് സ്‌പൈഡര്‍ ഡയഗ്രം ടെക്‌നോളജിയില്‍ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നതിനും ആ ഭാഗങ്ങളിലേക്കുള്ള ബസ് സമയ ക്രമീകരണത്തെ കുറിച്ച് എളുപ്പത്തില്‍ മനസിലാക്കുന്നതിനും സാധിക്കും. പുതിയ ഭൂപടം ആര്‍ ടി എയുടെ സൈറ്റുകളായ www.rta.ae, www.dubai-buses.com എന്നിവയില്‍ ലഭ്യമാണ്.
പുതിയ ഭൂപടം ത്രിമാന രൂപരേഖയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ദുബൈയുടെ ഭൂപ്രകൃതിയും വിനോദസഞ്ചാര കേന്ദ്രങ്ങളും അതിന്റെ തനത് രൂപ ഭംഗിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുഗതാഗത ബസുകളുടെ റൂട്ടുകള്‍ പ്രത്യേകം തരം തിരിച്ച് വിവിധ വര്‍ണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന ബസ് സ്റ്റേഷനുകളെ എളുപ്പത്തില്‍ മനസിലാക്കുന്നതിന് ഇതിലൂടെ സാധിക്കും. ഇരു പാതകളിലുമുള്ള മെട്രോ സ്റ്റേഷനുകള്‍, ഫീഡര്‍ ബസ് റൂട്ടുകള്‍ എന്നിവയെ കുറിച്ച് അനായാസം യാത്രക്കാര്‍ക്ക് മനസിലാക്കാന്‍ പുതിയ ത്രിമാന ഭൂപടത്തിലൂടെ സാധിക്കും. ദുബൈയുടെ വിവിധ ഡിസ്ട്രിക്കുകളെ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ ടി എയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി, പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അലി വ്യക്തമാക്കി.
ദുബൈയിലെ ശീതീകരിച്ച എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പുതിയ ത്രിമാന ഭൂപടം സ്ഥാപിച്ചിട്ടുണ്ട്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ലക്ഷം കോപ്പികളാണ് സന്ദര്‍ശകര്‍ക്കായി ഏര്‍പെടുത്തിയിട്ടുള്ളത്. വിവിധ ഹോട്ടലുകളിലും മാളുകളിലും പ്രധാന സന്ദര്‍ശക കേന്ദ്രങ്ങളിലും കോപ്പികള്‍ ലഭ്യമാണ്.