Connect with us

Gulf

മടക്കയാത്ര പ്രവാസികള്‍ക്ക് ദുരിതയാത്ര

Published

|

Last Updated

ഷാര്‍ജ: വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടക്കയാത്ര പ്രവാസികള്‍ക്ക് ദുരിതമാകുന്നു. ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകുന്നില്ല. കേരളത്തില്‍ നിന്നും മംഗലാപുരത്ത് നിന്നുമുള്ള നിരക്കിലാണ് വന്‍ വര്‍ധനവ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരക്കിനേക്കാള്‍ ഇരട്ടിയാണ് കേരളത്തില്‍ നിന്നും ഈടാക്കുന്നത്. 30,000 രൂപയിലേറെയാണ് ചില ഘട്ടങ്ങളിലെ നിരക്ക്.
നിരക്കിലെ ഈ ഭീമമായ വര്‍ധനവ് മലയാളികളെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടക്കയാത്രക്ക് പ്രേരിപ്പിക്കുന്നു. ഇത് ദുരിതത്തിനും ഇടയാക്കുന്നു. മുംബൈ, ഗോവ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കേരളത്തില്‍ നിന്നും ഈടാക്കുന്നതിന്റെ നേര്‍പകുതിയാണ് മേല്‍പറഞ്ഞ സ്ഥലങ്ങളിലേക്കുള്ള മടക്കയാത്രാ നിരക്ക്. അതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ നിന്നു യാത്ര ചെയ്യാന്‍ പ്രവാസികളെ നിര്‍ബന്ധിതരാക്കുന്നു.
കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യേണ്ടി വരുന്നവരാണ് നിരക്ക് വര്‍ധനവ് കാരണം ഏറെ കഷ്ടപ്പെടുന്നത്. മണിക്കൂറുകളോളമാണ് വിമാനത്താവളങ്ങളില്‍ ഇവര്‍ക്ക് കഴിഞ്ഞുകൂടേണ്ടി വരുന്നത്.
മംഗലാപുരത്ത് നിന്നും മുംബൈക്ക് യാത്ര ചെയ്യേണ്ടവര്‍ തങ്ങള്‍ സഞ്ചരിക്കേണ്ട വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് നിശ്ചയിക്കപ്പെട്ട വിമാനത്താവളങ്ങളില്‍ എത്തിച്ചേരണം. കഴിഞ്ഞ ദിവസങ്ങളില്‍ ആറും എട്ടും മണിക്കൂറുകളാണ് ചില യാത്രക്കാര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നത്. ഉത്തരമലബാറുകാരായിരുന്നു അധികവും. രാത്രി എട്ട് മണിക്ക് പുറപ്പെടേണ്ട വിമാനത്തില്‍ യാത്ര ചെയ്യേണ്ട ഇവര്‍ ഉച്ചക്ക് രണ്ട് മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തി. മംഗലാപുരത്ത് നിന്നായിരുന്നു ഇവരെത്തിയത്. നിശ്ചതസമയം വരെ നടന്നും കിടന്നും ഇവര്‍ കഴിച്ചുകൂട്ടുകയായിരുന്നു. പലരും വിശന്നു വലയുന്നുണ്ടായിരുന്നു. വിമാനത്താവളത്തിലെ ഭക്ഷണ സാധനങ്ങളുടെ വില താങ്ങാനാവാത്തതിനാല്‍ പലരും വയര്‍ മുറുക്കി സമയം തള്ളി നീക്കുകയായിരുന്നു.
ഗോവയില്‍ നിന്നു പുറപ്പെടേണ്ട യാത്രക്കാര്‍ തീവണ്ടി മാര്‍ഗമാണ് കാസര്‍കോട്, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നിന്ന് എത്തിയത്. ആറ് മണിക്കൂറിനുള്ളില്‍ കാസര്‍കോട് നിന്ന് ഗോവയിലെത്തും. യാത്രാനിരക്കും തുച്ഛമാണ്. വിമാനക്കൂലിയാവട്ടെ മംഗലാപുരം, കേരളം എന്നിവിടങ്ങളെ അപേക്ഷിച്ച് വളരെ കുറവുമാണ്. 9,000 രൂപ വരെയാണ് ദുബൈയില്‍ നിന്ന് ഗോവയിലേക്കുള്ള നിരക്ക്. അതുകൊണ്ട് നിരക്കില്‍ വന്‍ കുറവ് ലഭിക്കുന്നതിനാല്‍ സാധാരണക്കാരായ പല പ്രവാസികളും ഗോവയെയും ഗള്‍ഫ് യാത്രക്കായി ഉപയോഗിക്കുകയാണ്.
മടക്കയാത്രാ നിരക്കിലെ വന്‍ വര്‍ധനവ് കാരണം നിരവധി പ്രവാസികളാണ് നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. അവധിയില്‍ പോയ പലരും യഥാസമയം തിരിച്ചെത്താന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ്. അതേസമയം വരും ദിവസങ്ങളിലും നിരക്കില്‍ വലിയ മാറ്റം വരാനുള്ള സാധ്യത കുറവാണ്.
വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാനായതോടെ പ്രവാസികളുടെ ഒഴുക്ക് വര്‍ധിച്ചതാണ് യാത്രാനിരക്ക് കുത്തനെ വിമാനക്കമ്പനികള്‍ കൂട്ടിയത്. വര്‍ധനവിനെ തുടര്‍ന്ന് പലരും വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ തിരിച്ചെത്താനുള്ള സാധ്യതയും വിരളമാണ്. ഒരു ചെറിയ കുടുംബത്തിനു മടക്കയാത്രാ ടിക്കറ്റെടുക്കണമെങ്കില്‍ നല്ലൊരു തുക വേണ്ടിവരും. പലപും മടക്കയാത്രാ ടിക്കറ്റെടുക്കാതെയാണ് നാട്ടിലേക്ക് തിരിച്ചിരുന്നത്. നാട്ടില്‍ നിന്നെടുക്കുമ്പോള്‍ മടക്കയാത്രാ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു അത്തരക്കാര്‍. എന്നാല്‍ നിരക്ക് വര്‍ധനവോടെ അവര്‍ തീര്‍ത്തും വെട്ടിലാവുകയായിരുന്നു.

Latest