Connect with us

National

ആദ്യ ഭാര്യയെ ത്വലാഖ് ചെയ്യാതെ മറ്റൊരു വിവാഹം തെറ്റല്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പുരുഷന് ശരീഅത്ത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നുവെന്നിരിക്കെ ആദ്യ ഭാര്യയെ ത്വലാഖ് ചെയ്യാതെ തന്നെ രണ്ടാമത്തെ വിവാഹം കഴിക്കാമെന്ന് സുപ്രീം കോടതി. ആദ്യ ഭാര്യയെ വിവാഹമോചനം നടത്താതെ നാല് വിവാഹങ്ങള്‍ വരെ പ്രഥമ ദൃഷ്ട്യാ തെറ്റൊന്നും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. തന്റെ ഭര്‍ത്താവ് തന്നെ ത്വലാഖ് ചെയ്യാതെ മറ്റൊരു വിവാഹം കഴിച്ചുവെന്ന് കാണിച്ച് നാല് മക്കളുടെ മാതാവായ ഹൗറാ സ്വദേശിനി ഇശ്‌റത്ത് ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ബഞ്ചിന്റെ നിരീക്ഷണം.
മുത്തലാഖിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് സുപ്രീം കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ടന്നും ദുബൈയില്‍ നിന്ന് പ്രഖ്യാപിച്ച മുത്തലാഖ് സാധുവാണോ എന്ന കാര്യത്തില്‍ തീരുമാനകാത്തിടത്തോളം കാലം വിവാഹ മോചനം നടന്നതായി കണക്കാക്കാനാകില്ലെന്നും ഇശ്‌റത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ഈ ഘട്ടത്തിലാണ് ത്വലാഖില്ലാതെ പുനര്‍ വിവാഹം നടത്തുന്നതില്‍ നിന്ന് മുസ്‌ലിം പുരുഷനെ വിലക്കാനാകില്ലെന്ന് ബഞ്ച് നിരീക്ഷിച്ചത്.
അതേസമയം, മുത്വലാഖ് വിഷയത്തില്‍ ബഞ്ച് കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും, ന്യൂനപക്ഷ മന്ത്രാലയത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. മുത്വലാഖ് ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് ഇശ്‌റത്ത് ജഹാന്‍ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ഡി വൈ ചന്ദ്രഹൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
അടുത്തമാസം ആറിന് കോടതി ഹരജി വീണ്ടും പരിഗണിക്കും. അതിനു മുമ്പ് വിഷയത്തില്‍ മറുപടി അറിയിക്കണമെന്ന് ന്യൂനപക്ഷമന്ത്രാലയത്തോടും വ്യക്തി നിയമ ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു. മുത്വലാഖ് ഏകപക്ഷീയമാണെന്നും അത് മുസ്‌ലിം വനിതയുടെ സ്വത്തവകാശത്തെയും കുട്ടികളിലുള്ള അവകാശത്തെയും ഹനിക്കുന്നതാണെന്നുമാണ് ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്.

Latest