Connect with us

National

കാവേരി നദീജല തര്‍ക്കം: ഇന്ന് സര്‍വകക്ഷി യോഗം

Published

|

Last Updated

ബെംഗളൂരു: കാവേരി നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് കര്‍ണാടക- തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ല. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ കക്ഷി യോഗം ചേരും. പ്രശ്‌നത്തിന് ഏതെങ്കിലും തരത്തിലുള്ള പരിഹാരം ഇന്ന് നടക്കുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഡി വി സദാനന്ദഗൗഡ, എച്ച് എന്‍ അനന്തകുമാര്‍, സിദ്ധേശ്വര, കാവേരി തട ജില്ലകളില്‍ നിന്നുള്ള എം എല്‍ എമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. കാവേരി തടാകത്തിലെ അണക്കെട്ടുകളുടെ ശോച്യാവസ്ഥയും ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ വിലയിരുത്തുമെന്ന് ജലവിഭവ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു.
വിട്ടുകൊടുക്കേണ്ട ജലത്തില്‍ 22.934 ടി എം സി അടി കുറവ് വരുത്തിയതായി ആരോപിച്ച് തമിഴ്‌നാട് രംഗത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമായത്. തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 50. 552 ടി എം സി അടി ജലം വിട്ടുകൊടുക്കാന്‍ കര്‍ണാടകക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് കര്‍ണാടക സര്‍ക്കാറിനും കത്തയച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ കാവേരിയില്‍ നിന്ന് വെള്ളം വിട്ടുതരുന്നില്ലെന്നാണ് തമിഴ്‌നാടിന്റെ ആരോപണം. കബനി അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ജലസേചനത്തിന് വെള്ളം നല്‍കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
സംസ്ഥാനത്ത് മഴ ലഭ്യത വര്‍ധിക്കുകയാണെങ്കില്‍ കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്‌നാടിന് വെള്ളം കൊടുക്കുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണെന്നും ഇക്കാര്യം തമിഴ്‌നാട്ടിലെ കര്‍ഷകരുടെ സംഘടനകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് തമിഴ് നാട്ടിലെ കര്‍ഷകരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മുന്‍ എം പി രാമലിംഗത്തിന്റെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.
സാംബ കൃഷിക്കായി കാവേരി ജലം വിട്ടുകിട്ടണമെന്ന് തമിഴ് കര്‍ഷകര്‍ അഭ്യര്‍ഥിച്ചെങ്കിലും മുഖ്യമന്ത്രി അംഗീകരച്ചില്ല. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും വെള്ളം യഥേഷ്ടം ലഭിച്ചാല്‍ വിട്ടുകൊടുക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഹ്രസ്വകാല കൃഷികളായ കുറുവൈ, തലാഡി, ദീര്‍ഘകാല കൃഷിയായ സാംബ എന്നിവ നല്ല രീതിയില്‍ നടത്താന്‍ സാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ വെള്ളത്തിന്റെ അപര്യാപ്തത കാരണം കൃഷി തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിക്കാത്തതാണ് കാര്‍ഷിക മേഖലയില്‍ ഇപ്പോഴുണ്ടായ തകര്‍ച്ചക്ക് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആയിരക്കണക്കിന് വരുന്ന കര്‍ഷകരുടെ ജീവിതമാണ് ഇതുമൂലം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.