Connect with us

Ongoing News

അമേരിക്കയില്‍ ഇന്ന് ടി20 വെടിക്കെട്ട്‌

Published

|

Last Updated

ഫ്‌ളോറിഡ: അമേരിക്കയില്‍ ക്രിക്കറ്റിന്റെ ആവേശം പടര്‍ത്താന്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം. കാര്‍ലോസ് ബ്രാത്‌വൈറ്റ് നയിക്കുന്ന വിന്‍ഡീസ് ലോകചാമ്പ്യന്‍മാരുടെ തലയെടുപ്പോടെയാണ് അമേരിക്കന്‍ മണ്ണിലിറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ കരീബിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യക്കുള്ളത്. ചെറിയ ഫോര്‍മാറ്റിലെ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിനൊപ്പം ചേര്‍ന്നത് ടീം ഇന്ത്യക്ക് ഉണര്‍വേകും.
ഇന്ത്യയില്‍ വെച്ച് ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയെ പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഫൈനലില്‍ നാല് സിക്‌സറുകള്‍ പറത്തി അവിശ്വസനീയ ജയം വിന്‍ഡീസിന് സമ്മാനിച്ച ആള്‍റൗണ്ടര്‍ ബ്രാത്‌വൈറ്റിന്റെ അറ്റാക്കിംഗ് ക്യാപ്റ്റന്‍സിയാണിപ്പോള്‍ വിന്‍ഡീസിനെ കുതിപ്പിക്കുന്നത്. ഡ്രസിംഗ് റൂം സാഹചര്യം മികച്ചതായതിനാല്‍ ടീമിനെ നയിക്കുക എന്നത് ദുഷ്‌കരമായ ജോലിയായി മാറുന്നില്ലെന്ന് ബ്രാത്‌വൈറ്റ് പറഞ്ഞു. ടീമിനുള്ളില്‍ ധാരാളം ഈഗോപ്രശ്‌നങ്ങളുണ്ടാകാം. അതൊരു വലിയ പ്രശ്‌നമായി മാറാതെ നോക്കുന്നിടത്താണ് ടീമിന്റെ വിജയമെന്നും താരം പറയുന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങളും പതിനാല് ഏകദിനങ്ങളും എട്ട് ടി20കളും മാത്രം കളിച്ചതിന്റെ പരിചയ സമ്പത്തിലാണ് ബ്രാത്‌വൈറ്റ് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നത്.
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ട വിന്‍ഡീസ് പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. അതേ ഫോം തുടരുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.
ക്രിസ് ഗെയിലിന്റെ മികച്ച ഫോം വിന്‍ഡീസിന് ശുഭപ്രതീക്ഷയാണ്.
ഇന്ത്യന്‍ നിരയിലും ശുഭാപ്തിക്കുറവില്ല. ആസ്‌ത്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഏഷ്യാ കപ്പുംസ്വന്തമാക്കിയിരുന്നു. ജൂണില്‍ സിംബാബ്‌വെക്കെതിരെ 2-1ന് പരമ്പര നേടിയിരുന്നു.
ടെസ്റ്റ് ടീമിലെ പതിനാല് പേരില്‍ പന്ത്രണ്ട് പേരും ഫ്‌ളോറിഡയിലുണ്ട്. പതിനയ്യായിരത്തോളം പേര്‍ മത്സരം കാണുവാന്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യ : എം എസ് ധോണി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ,അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംമ്‌റ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സ്റ്റുവര്‍ട് ബിന്നി, ഉമേഷ് യാദവ്, വിരാട് കോഹ്‌ലി.

വെസ്റ്റിന്‍ഡീസ് : കാര്‍ലോസ് ബ്രാത്‌വൈറ്റ്(ക്യാപ്റ്റന്‍), ആന്ദ്രെ ഫ്‌ളെചര്‍, ആന്ദ്രെ റസല്‍, ക്രിസ് ഗെയില്‍, ഡ്വെയിന്‍ ബ്രാവോ, എവിന്‍ ലുയിസ്, ജാസന്‍ ഹോള്‍ഡര്‍, ജോണ്‍സന്‍ ചാള്‍സ്, കീരണ്‍ പൊള്ളാര്‍ഡ്, ലെന്‍ഡല്‍ സിമണ്‍സ്, മര്‍ലോണ്‍ സാമുവല്‍സ്, സാമുവല്‍ ബദ്രി, സുനില്‍ നരെയ്ന്‍.

റാങ്കിംഗ് മാറിമറയും
ദുബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ 2-0ന് തോറ്റാല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ തിരിച്ചടി നേരിടും. 128 പോയിന്റോടെ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. നാല് പോയിന്റ് മുകളില്‍ ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസാണ്. രണ്ട് തവണ ലോകചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് 122 പോയിന്റാണുള്ളത്.
2-0 മാര്‍ജിനില്‍ ജയിച്ചാല്‍ വിന്‍ഡീസിന് 127 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറാം. അതേ സമയം, ഇന്ത്യ 124 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
നേരെ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഇന്ത്യക്ക് റാങ്കിംഗില്‍ ന്യൂസിലാന്‍ഡിനൊപ്പമെത്താം. എന്നാല്‍, പോയിന്റിലെ ദശാംശക്കണക്കില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും എന്ന് മാത്രം. വിന്‍ഡീസാകട്ടെ 118 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഇറങ്ങും. 119 പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് കയറും.
പരമ്പര സമനിലയായാല്‍ ഇന്ത്യ 128 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തും. വിന്‍ഡീസ് 123 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരും.
വ്യക്തിഗത റാങ്കിംഗും മാറിമറയും. വിരാട് കോഹ്‌ലി ഐ സി സി ടി20 ബാറ്റ്‌സ്മാന്‍ റാങ്കിംഗില്‍ 837 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആസ്‌ത്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. മുപ്പത്തിനാല് പോയിന്റ് വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
രണ്ടാമത്തെ മികച്ച റാങ്കിംഗ് ഉള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍യമാണ്. ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി അമ്പതാം സ്ഥാനത്താണ്.
വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ എട്ടാം സ്ഥാനത്തും മര്‍ലോണ്‍ സാമുവല്‍ പതിനേഴാം സ്ഥാനത്തുമാണ്. ലെന്‍ഡല്‍ സിമണ്‍സ്, ഡ്വെയിന്‍ ബ്രാവോ, ആന്ദ്രെ ഫ്‌ളെച്ചര്‍ എന്നിവര്‍ യഥാക്രമം 31,37,48 സ്ഥാനങ്ങളിലാണ്.
പരമ്പര ഇവരെ സംബന്ധിച്ചിടത്തോളം റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള അവസരമാണ്.
ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ വിന്‍ഡീസിന്റെ സാമുവല്‍ ബദ്രി ഒന്നാമതും സുനില്‍ നരെയ്ന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.
രണ്ടും സ്പിന്നര്‍മാര്‍. മീഡിയം പേസര്‍ ഡ്വെയിന്‍ ബ്രാവോ മുപ്പത്തൊമ്പതാം സ്ഥാനത്താണ്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംമ്‌റയാണ് രണ്ടാം സ്ഥാനത്ത്. രവിചന്ദ്രന്‍ അശ്വിന്‍ ഏഴാം സ്ഥാനത്തും രവീന്ദ്ര ജഡേജ പത്തൊമ്പതാം സ്ഥാനത്തുമാണ്.
ആള്‍ റൗണ്ടര്‍ റാങ്കിംഗില്‍ വിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സിനാണ് മികച്ച പൊസിഷന്‍. അഞ്ചാംസ്ഥാനത്താണ് സാമുവല്‍സ്.

 

Latest