Connect with us

Kerala

ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ധമന്ത്രി കെഎം മാണി ഉള്‍പ്പെടുന്ന ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ അനുമതി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്റെ ഹരജി പരിഗണിച്ചാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. സുകേശന്റെ ഹരജി അനുവദിക്കണമെന്ന് വിജിലന്‍സ് അഭിഭാഷകനും കേസിലെ കക്ഷികളായ വിഎസ് അച്യുതാനന്ദന്റെയും മന്ത്രി വിഎസ് സുനില്‍കുമാറിന്റെയും അഭിഭാഷകരും ആവശ്യപ്പെട്ടു.

ബാര്‍ക്കേസ് അട്ടിമറിച്ചുവെന്ന് വ്യക്തമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ കോടതിയെ സമീപിച്ചത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി ശങ്കര്‍ റെഡ്ഢി അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് ഹരജിയില്‍ പറയുന്നു. മാണിയെ കുറ്റവിമുക്തനാക്കി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹരജിയില്‍ ആവശ്യം. കോടതിയില്‍ സമര്‍പ്പിച്ചത് തന്റെ അന്വേഷണ റിപ്പോര്‍ട്ടല്ലെന്നും ഇതില്‍ അന്നത്തെ എഡിജിപി വ്യക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നുമാണ് സുകേശന്റെ നിലപാട്.

അതേസമയം കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ശങ്കര്‍ റെഡ്ഡി പറഞ്ഞു. റിപ്പോര്‍ട്ടിലെ പിഴവ് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി അനുവദിച്ചാല്‍ അന്വേഷണം തുടരാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ശക്തമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടരന്വേഷണത്തിനുള്ള ഉത്തരവ് ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ ക്രമക്കേടുനടന്നുവെന്ന് എല്‍ഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. ആ നിലപാട് കോടതി ശരിവെക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴക്കേസിലെ വിധി ഗൗരവമുള്ളതാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകും. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പ്രതികരിച്ചു.
കെഎം മാണി നിരാപരാധിയാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംശയത്തിന്റെയും ആരോപണത്തിന്റെയും നിഴലില്‍ നില്‍ക്കുന്ന സുകേശനെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് ശരിയല്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് വി.എം.സുധീരന്‍ പറഞ്ഞു.

ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണം. കെഎം മാണിയുമായി സമരസപ്പെടാന്‍ എല്‍ഡിഎഫിനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

യുഡിഎഫ് അറിയാതെ ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പ്രതികരിച്ചു. യുഡിഎഫ് വിട്ടത് കൊണ്ട് മാണിക്ക് എല്‍ഡിഎഫ് സഹായം ലഭിക്കില്ലെന്നും കാനം വ്യക്തമാക്കി.

Latest