Connect with us

Gulf

കാള പെറ്റുവെന്ന് കേള്‍ക്കുമ്പോള്‍

Published

|

Last Updated

മലയാളികള്‍ക്കിടയില്‍, സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്തതിനെതിരെയുള്ള കേസുകളില്‍, പ്രതിപ്പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഗള്‍ഫിലുള്ളവരായത് എന്തുകൊണ്ട്? കേരളത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ എന്തും ആകാം എന്ന തോന്നലിനാലും ട്രോള്‍, ഫോട്ടോഷോപ്പ് തുടങ്ങിയവ ചെയ്യാന്‍ അനുകൂല സാഹചര്യങ്ങളും സംവിധാനങ്ങളുമാണ് ഗള്‍ഫ് ജീവിതത്തില്‍ ലഭിക്കുന്നത് എന്നതിനാലും ആണെന്ന് സമാന്യമായി പറയാം.
പക്ഷേ, കുരുക്ക് എപ്പോഴാണ് വീഴുക എന്നുമാത്രം പറയാന്‍ കഴിയില്ല. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് അറസ്റ്റിലായത് ദുബൈയിലുള്ള തൃശൂര്‍ സ്വദേശി ബിനീഷ്. ഏതാനും മാസം മുമ്പ് ബി ജെ പി നേതാവ് പി പി മുകന്ദനെ ഫെയ്‌സ്ബുക്കില്‍ ഭീഷണിപ്പെടുത്തിയതിന് കോട്ടയത്ത് പിടിയിലായത്, ദുബൈയില്‍നിന്ന് അവധിക്ക് നാട്ടില്‍ പോയ വാകത്താനം തോട്ടയ്ക്കാട് മുലക്കാട് സതീഷ് നായര്‍.
രണ്ടു സംഭവങ്ങളിലും പ്രതിസ്ഥാനത്ത് മറ്റൊന്നുകൂടിയുണ്ട്. സമീപകാല സാമൂഹിക രാഷ്ട്രീയ അവസ്ഥയില്‍ നിന്ന് ഉരുത്തിരിയുന്ന വികലമായ പൊതുബോധം.
പി പി മുകുന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിമതനായി മത്സരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. രാഷ്ട്രീയം തലക്കു പിടിച്ച സതീഷ് നായര്‍ അസഭ്യവും ഭീഷണിയും ചേര്‍ത്ത് പോസ്റ്റിട്ടു. “”എല്ലൊടിക്കുമെന്നും വീല്‍ചെയറിലിരുത്തുമെന്നും”” പറഞ്ഞു. നേരില്‍ കണ്ട് തെറി വിളിക്കുന്നതിലും മാരകമാണ്, ഫെയ്‌സ്ബുക്കിലെ ഭീഷണികള്‍. നേരിട്ടാകുമ്പോള്‍ പരസ്പരം ഒന്നും രണ്ടും പറഞ്ഞ് ഒരുപക്ഷേ ഒരു ഒത്തുതീര്‍പ്പിന് സാധ്യതയുണ്ട്. ഫെയ്‌സ്ബുക്കിലെ ഭീഷണി “ഇര” കാണുന്നതും അറിയുന്നതും വൈകിയായിരിക്കും. പ്രതിയുടെ മാനസിക നില എന്താണെന്ന് വ്യക്തവുമായിരിക്കില്ല. പി പി മുകുന്ദന്‍ പോലീസില്‍ പരാതിപ്പെട്ടു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരുത്തരവാദപരമായി പെരുമാറുന്നു.
രാഷ്ട്രീയ, സാംസ്‌കാരിക, മത, വാണിജ്യ മേഖലയില്‍ മുന്‍നിരയിലുള്ളവരെ ഭീഷണിപ്പെടുത്താനും അപഹസിക്കാനുമുള്ള വേദിയായി വാര്‍ത്തകളെ കാണുന്നു. പോയ വര്‍ഷങ്ങളില്‍ പത്മ പുരസ്‌കാരങ്ങള്‍ നേടിയവരെ തേജോവധം ചെയ്യുന്നു. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാം എന്നായിട്ടുണ്ട്. ഇല്ലാക്കഥ ചിത്രം സഹിതം “നിര്‍മിക്കാനും” എളുപ്പം. ഇതിനുള്ള ഉത്സാഹം വരുന്നത് മലിനമായ മനസില്‍ നിന്ന്. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ ചില സംഘടനകളും സൈറ്റുകളുമുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ധാരാളം അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതിലൊന്ന്, ഏതോ ഒരാളുടെ കൊട്ടാരം പോലുള്ള വീടിന്റെ ചിത്രം, പിണറായിയുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു. സമാനമായ അനുഭവമാണ് മലബാര്‍ ഗോള്‍ഡിന്റേതും. ഗള്‍ഫിലെ ഒരു പ്രമുഖ സ്ഥാപനം പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദുബൈയില്‍ പാക്കിസ്ഥാന്‍, പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ചു. അത് ചെയ്തത് മലബാര്‍ ഗോള്‍ഡാണെന്ന് ചിലര്‍ വരുത്തിത്തീര്‍ത്തു. ദേശീയത ലഹരിയായി കൊണ്ടുനടക്കുന്ന ചിലര്‍ അത് ഏറ്റുപിടിച്ചു. മലബാര്‍ ഗോള്‍ഡ് ഒരു ആഗോള സ്ഥാപനമാണെന്നതും ധാരാളം പാക്കിസ്ഥാനികള്‍ ഇടപാടുകാരായി ഉണ്ടെന്നതും പോകട്ടെ, മറ്റൊരു സ്ഥാപനത്തിന്റെ ആഘോഷചിത്രം മലബാര്‍ ഗോള്‍ഡിന്റെ തലയില്‍ കെട്ടിവെച്ചതിലെ ദുഷ്ടലാക്ക് എന്താണ്?
ഇന്ത്യ-പാക് ബന്ധം വഷളാണെന്നത് ഏവര്‍ക്കും അറിയാം. എന്നാല്‍ ഇന്ത്യയിലെ പ്രമുഖ വാണിജ്യ വ്യവസായികള്‍ പാക്കിസ്ഥാന് സ്വാതന്ത്ര്യദിനം ആശംസിച്ചത് ലോകം കണ്ടതാണ്. കൂട്ടത്തില്‍ ഒരു പ്രമുഖ ഹിന്ദി ടെലിവിഷന്‍ ചാനലുമുണ്ട്. മലബാര്‍ ഗോള്‍ഡിനെ ഇരുട്ടത്ത് നിര്‍ത്തി വിദ്വേഷം ജനിപ്പിച്ചത്, ലളിതമായി വിലയിരുത്തേണ്ടതല്ല. ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ തക്ക തിരിച്ചറിവ് നല്‍കുന്ന വിശകലനം വേണം.
1,800ഓളം നിക്ഷേപകരുള്ള ആഭരണ വ്യാപാര ശൃംഖലയാണ് മലബാര്‍ ഗോള്‍ഡ്. ലോകത്ത് ഏറ്റവും ശൃംഖലയുള്ള സ്വര്‍ണാഭരണ വ്യാപാര സ്ഥാപനമായി മാറാനുള്ള കുതിപ്പിലാണ്. മലബാറില്‍ നിന്ന് ചെറിയ നിലയില്‍ തുടങ്ങിയ പ്രയാണമാണ്. അതിനെ തകര്‍ക്കുക എന്ന സ്ഥാപിത താത്പര്യത്തിന് സാമൂഹിക മാധ്യമങ്ങളെ ചിലര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.
മലബാര്‍ ഗോള്‍ഡ് ഉള്‍പെടെ, മലയാളികളുടെ വാണിജ്യ സാമ്രാജ്യങ്ങള്‍ നിരവധി പേരുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘ വീക്ഷണത്തിന്റെയും ഫലമാണ്. ഭരണത്തില്‍ സ്വാധീനം ചെലുത്തിയോ അധോലോകത്തിന്റെ കൂട്ട് പിടിച്ചോ എളുപ്പം കെട്ടിപ്പൊക്കിയതല്ല. മാത്രമല്ല, പലയിടങ്ങളിലായി എത്രയോ കുടുംബങ്ങള്‍ പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നത് ഇവരുടെ സ്ഥാപനങ്ങളിലെ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. രാഷ്ട്രീയ നേതൃത്വം ഉള്ളില്‍ കുത്തിവെച്ച വിഷാണുക്കള്‍ പെരുകുമ്പോള്‍ ആ ചൊറിച്ചില്‍ ശമിപ്പിക്കാന്‍, മുന്‍പിന്‍ നോക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ “”കഴുതക്കാമം കരഞ്ഞു തീര്‍ത്താല്‍”” ഉണ്ടാകുന്ന പ്രത്യാഘാതം ചെറുതല്ല. അതിന് അത്രതന്നെ തിരിച്ചടി ലഭിക്കും.
മറ്റുള്ളവരെ തേജോവധം ചെയ്യാന്‍, സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ല. സാമൂഹിക വിമര്‍ശനങ്ങളെന്ന പേരില്‍ ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളില്‍ പലതും അടിസ്ഥാനമില്ലാത്തതും അപഹസിക്കലുമാണ്.
ഇരയാകുന്നവര്‍ക്കു പോലും ചിന്താപരിവര്‍ത്തനം വരുന്ന രീതിയില്‍ കാര്യകാരണ സഹിതമായിരിക്കണം വിമര്‍ശനം. അത്തരം വിമര്‍ശനങ്ങള്‍ക്ക് ഫോട്ടോഷോപ്പ് ഒരു ഉപാധിയേയല്ല.
കേരളത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തില്‍ ധാരാളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രാഷ്ട്രീയ തിമിരം ബാധിച്ചവരാണ് ഇതിന് പിന്നില്‍; യഥാര്‍ഥ മതവിശ്വാസികളല്ല.
വികലമായ കാഴ്ചപ്പാടാണ് പലരേയും നയിക്കുന്നത്. ഗള്‍ഫില്‍ ശീതീകരണ മുറിയിലിരുന്ന് കമ്പ്യൂട്ടറിലൂടെയും ജനാലയിലൂടെയും കാണുന്നതല്ല, യഥാര്‍ഥ ലോകം. പല വിവരങ്ങളിലും നിക്ഷിപ്ത താത്പര്യങ്ങളുണ്ടാകും. കാളപെറ്റു എന്ന് പറയുമ്പഴേ കയറെടുക്കേണ്ടതില്ല.
മലബാര്‍ ഗോള്‍ഡിനെതിരെയുള്ള അപവാദം ചിത്രം പ്രചരിപ്പിച്ചതിനാണ് ബിനീഷ് അറസ്റ്റിലായത്. അത് ആദ്യം “”നിര്‍മിച്ച””ത്, ആരെന്ന അന്വേഷണം തുടരുന്നു. ബിനീഷിന്റെ അറസ്റ്റോടെ മറ്റൊരു കാര്യംകൂടി വ്യക്തമായി. സാമൂഹിക മാധ്യമങ്ങളില്‍, അപവാദം നിര്‍മിക്കുന്നവര്‍ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും ലൈക്ക് അടിക്കുന്നവരും കുടുങ്ങും.
സാമൂഹിക മാധ്യമങ്ങളെ പറ്റേ കൈവിടണമെന്നല്ല പറയുന്നത്. വിവര വിനിമയത്തിനും ആവിഷ്‌കാരത്തിനും ഏറ്റവും മികച്ച മാര്‍ഗമാണത്. പക്ഷേ സത്യവും അസത്യവും നന്മയും തിന്മയും പറയാന്‍ പാടുള്ളതും പാടില്ലാത്തതും എന്നിങ്ങനെയുള്ള വിവേചന ബുദ്ധി വേണം. ദേശീയ, സാമുദായിക, രാഷ്ട്രീയ വികാരങ്ങളെ തീവ്രമാകരുത്. യാഥാര്‍ഥ്യ ബോധം വേണം. ഗള്‍ഫിലിരുന്ന് നാട്ടിലുള്ളവരെ അസഭ്യം കൊണ്ട് നിലത്തടിക്കാമെന്ന് കരുതിയാല്‍, ഒരുനാള്‍ അതേ ഭൂമികയില്‍ എത്തിപ്പെടേണ്ടവരാണെന്ന് ഓര്‍ക്കുന്നതു നന്ന്. മിഥ്യാബോധത്തിന്റെ ആകാശത്ത് നിന്ന് ഇറങ്ങിയ ഉടന്‍ അഴിയെണ്ണേണ്ടി വരും.

Latest