Connect with us

Gulf

ഗള്‍ഫ് വിമാനങ്ങള്‍ക്ക് ആകാശം തുറക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാകുന്നു

Published

|

Last Updated

ദോഹ :സീറ്റുകള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ക്ക് അവസരം സൃഷ്ടിക്കണമെന്ന ഗള്‍ഫ് വിമാന കമ്പനികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തോട് ഇന്ത്യ പുലര്‍ത്തിവന്ന കടും പിടുത്തം ഉപേക്ഷിക്കുന്നു. ഉപാധികളോടെയെങ്കിലും ഇന്ത്യയുടെ ആകാശം തുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായത് ഇന്ത്യ-ഗള്‍ഫ് സെക്ടറിലെ വ്യോമയാന രംഗത്ത് ഉണര്‍വു സൃഷ്ടിക്കുകയാണ്. ഗള്‍ഫ് വിമാനക്കമ്പനികളും അയാട്ട ഉള്‍പ്പെടെ രാജ്യാന്തര വ്യോമയായ ഇന്‍ഡസ്ട്രി ഏജന്‍സികളും ഇന്ത്യയുടെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നു.
എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ സാമ്പത്തിത താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ പതിറ്റാണ്ടുകളായി നിയന്ത്രണം തുടര്‍ന്നു പോന്നത്. എന്നല്‍ ഇത് ഫലത്തില്‍ ഇന്ത്യക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവിന്റെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയാറായിരിക്കുന്നതെന്ന് അറേബ്യന്‍ ബിസിനസ് മാഗസിന്‍ നിരീക്ഷിച്ചു. നേരത്തേ നടന്ന വിലപേശലുകള്‍ കൊണ്ട് ഇരു വിഭാഗത്തിനും ഒരു ലാഭവുമുണ്ടായിട്ടില്ലെന്നും സീറ്റ് അവകാശം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കു സന്നദ്ധമാണെന്നും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഖത്വര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാനങ്ങള്‍ സീറ്റുകള്‍ അധികരിച്ചു കിട്ടാന്‍ വര്‍ഷങ്ങളാണ് ഇന്ത്യാ ഗവണ്‍മെന്റിനെ പിന്തുടരുകയാണ്. യു എ ഇ വിമാനങ്ങളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവയും മുന്നിലുണ്ട്. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതു വഴി രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക, തൊഴില്‍ നേട്ടങ്ങളും വിമാന കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എമിറേറ്റ്‌സ് വിമാനം കഴിഞ്ഞ വര്‍ഷം തയാറാക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലേക്കു നടത്തുന്ന സര്‍വീസുകളിലൂടെ വര്‍ഷത്തില്‍ 848 ദശലക്ഷം ഡോളര്‍ ഇന്ത്യക്ക് നേടിക്കൊടുത്തതായും 86,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായും പറയുന്നു. കൂടുതല്‍ സര്‍വീസുകള്‍ക്ക് അവസരം സൃഷ്ടിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്ക് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിക്കൊടുക്കാന്‍ സാധിക്കുമെന്ന് എമിറേറ്റ്‌സ് എക്‌സിക്യുട്ടീവ് അദ്‌നാന്‍ കാസിം പറഞ്ഞു. എമിറേറ്റ്‌സ് വഴി ഉണ്ടാകുന്നതിനു സമാനമായ നേട്ടം സീറ്റുകള്‍ ഉയര്‍ത്തുക വഴി മറ്റു ഗള്‍ഫ് വിമാനങ്ങളില്‍നിന്നും ഉണ്ടാകുമെന്ന് നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എകോണമി റിസര്‍ച്ച് പ്രതിനിധി ഡോ. സൗരഭ് ബന്ദോപാധ്യായയും അടിവരയിടുന്നു. ജെറ്റ് എയര്‍വേയ്‌സുമായി ഉണ്ടാക്കിയ വ്യാപാര സഹകരണത്തിലൂടെ അബുദാബിക്കും ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 63 ലശതമാനം വര്‍ധനയുണ്ടാക്കാന്‍ ഇത്തിഹാദ് എയര്‍വേയ്‌സിനു കഴിഞ്ഞിരുന്നു.
ഗള്‍ഫ് വിമാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചാല്‍ അതു ഇന്ത്യന്‍ വിമാന കമ്പനികളുടെ തകര്‍ച്ചക്കു വഴിവെക്കുമെന്നാണ് ഇപ്പോഴും ഓപ്പണ്‍ എയര്‍ പോളിസിക്കു തടസം നില്‍ക്കുന്നവര്‍ പറയുന്നത്. ഇതുകൂടി പരിഗണിച്ചു കൊണ്ടാണ് ചര്‍ച്ചക്കു തയാറാണെന്നു പറയുമ്പോഴും വളരെ കാഠിന്യമേറിയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി അശോക് ഗജപതി രാജു പറയുന്നത്. വ്യോമയാന മന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ വിമാനങ്ങള്‍ക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് എതിര്‍പ്പുകളുയരുന്ന പശ്ചാത്തലത്തില്‍ സീറ്റുകള്‍ ലേലം ചെയ്തു നല്‍കാമെന്ന ആശയം കഴിഞ്ഞ വര്‍ഷം നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിമാന യാത്രാനിരക്ക് വര്‍ധിക്കാനിട വരുമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
ശേഷം നേരിട്ട് സീറ്റുകള്‍ അനുവദിക്കുന്നതിനു പകരം വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ വിമാനനങ്ങളില്‍ 100 ശമാനം നിക്ഷേപത്തിന് അനുമതി നല്‍കി വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുക എന്ന ആശയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായി. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ നിക്ഷേപം ഗള്‍ഫ് വിമാനങ്ങള്‍ സന്നദ്ധമായിട്ടില്ല. ഖത്വര്‍ എയര്‍വേയ്‌സ് വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ഇന്ത്യക്കും ഗള്‍ഫ് നാടുകള്‍ക്കുമിടയിലെ വിമാന സര്‍വീസുകളുടെ കുറവ് ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. സീസണ്‍ സമയഹങ്ങളില്‍ മൂന്നും നാലും ഇരട്ടി തുക നല്‍കി യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലേക്കും ആഴ്ചയില്‍ പോലും നേരിട്ടുള്ള സര്‍വീസുകളില്ലാത്തതും പ്രവാസികളെ പ്രശ്‌നത്തിലാക്കുന്നു.

Latest