Connect with us

National

കശ്മീര്‍: പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശവുമായി മെഹ്ബൂബ

Published

|

Last Updated

The Chief Minister of Jammu and Kashmir, Ms. Mehbooba Mufti meeting the Prime Minister, Shri Narendra Modi, in New Delhi on August 27, 2016.

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീര്‍ താഴ്‌വരയിലെ അശാന്തിക്ക് കാരണം പാക്കിസ്ഥാന്റെ പരസ്യമായ ഇടപെടലാണെന്നും താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ പരസ്യമായി ശ്രമിക്കുകയാണെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു. കശ്മീര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മെഹ്ബൂബ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം നാല്‍പ്പത് ദിവസം പിന്നിട്ടതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
“തെരുവില്‍ പ്രക്ഷോഭം നടത്തുന്നവരോട് അഭ്യര്‍ഥനയുണ്ട്. നിങ്ങള്‍ക്ക് എന്നോടും എനിക്ക് നിങ്ങളോടും ദേഷ്യമുണ്ടാകാമെങ്കിലും നിങ്ങള്‍ എനിക്ക് ഒരു അവസരം തരണം. സമാധാനം ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച നടത്തുന്നതിന് അനുകൂലമാണെ”ന്നും മെഹ്ബൂബ പറഞ്ഞു. എന്നാല്‍, ഒരമ്മയെന്ന നിലയില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ കല്ലേറിയാന്‍ കൊച്ചുകുട്ടികളെ ഉപയോഗിക്കുന്നതില്‍ വേദനയുണ്ട്. കല്ലേറിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമോയെന്നും മെഹ്ബൂബ ചോദിച്ചു.
പ്രക്ഷോഭ കലുഷിതമായ കശിമീരിലെ ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവരെയും പോലെ പ്രധാനമന്ത്രിയും അസ്വസ്ഥനാണ്. 2008ന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ മോശമായി. എന്നാല്‍, യു പി എ സര്‍ക്കാര്‍ ഇക്കാര്യം അവഗണിച്ചു. പ്രധാനമന്ത്രി മോദി ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും മെഹ്ബൂബ പറഞ്ഞു. പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്താന്‍ മുന്‍കൈയെടുത്തതിന് പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും അവര്‍ പ്രശംസിച്ചു. പ്രധാനമന്ത്രി ലാഹോറില്‍ പോയി. എന്നാല്‍, അപ്പോള്‍ പഠാന്‍കോട്ട് വ്യോമത്താവളം ആക്രമിക്കപ്പെട്ടു. രാജ്‌നാഥ്‌സിംഗ് ഇസ്‌ലാമാബാദില്‍ എത്തി. എന്നാല്‍, കശ്മീര്‍ പ്രശ്‌നം ഉന്നയിക്കാനുള്ള സാധ്യതകള്‍ പാക്കിസ്ഥാന്‍ ഇല്ലാതാക്കി. കശ്മീരില്‍ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പാക്കിസ്ഥാന് പ്രതികരിക്കാനുള്ള സമയമാണിത്. കശ്മീരിലെ നിഷ്‌കളങ്കരായ യുവാക്കളുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം വിഘടനവാദി നേതാക്കളും മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം