Connect with us

Gulf

വേനലവധിക്കു വിട; അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമാകുന്നു

Published

|

Last Updated

ഷാര്‍ജ:വേനലവധിക്കു വിട. അക്ഷരമുറ്റങ്ങള്‍ ഇന്നു മുതല്‍ വീണ്ടും ശബ്ദമുഖരിതമാകും. രണ്ട് മാസത്തിലേറെ നീണ്ട വേനലവധിക്കു ശേഷം രാജ്യത്തെ ഇന്ത്യന്‍ വിദ്യാലയങ്ങളും ഇന്ന് തുറക്കും. ജൂണ്‍ 23നായിരുന്നു മധ്യവേനലവധി തുടങ്ങിയത്. അവധിക്കാലം മതിവരുവോളം ആഘോഷിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ വീണ്ടും അക്ഷര മുറ്റങ്ങളിലെത്തുന്നത്.

വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. ആവശ്യമായ സജ്ജീകരണങ്ങള്‍ വിദ്യാലയങ്ങളില്‍ ഏര്‍പെടുത്തിയിട്ടുണ്ട്. വിദ്യാലയ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി മോടി കൂട്ടി. ക്ലാസ് മുറികളിലെ ശീതീകരണ സംവിധാനങ്ങളും കുറ്റമറ്റതാക്കി. പഠനത്തിനാവശ്യമായ മുഴുവന്‍ നടപടികളും ഓരോ വിദ്യാലയ അധികൃതരും കൈകൊണ്ടു. ക്ലേശമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുള്ള നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കുള്ള കുടിവെള്ള വിതരണത്തിനും പ്രത്യേക നടപടി സ്വീകരിച്ചു. പഴക്കമുള്ള കൂളറുകള്‍ മാറ്റി പുതിയ കൂളറുകള്‍ വിദ്യാലയങ്ങളില്‍ സ്ഥാപിച്ചാണ് നടപടി.

ഗുണമേന്മയുള്ള ഫര്‍ണിച്ചറുകളും ക്ലാസ്മുറികളില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമതകളും അധികൃതര്‍ ഉറപ്പാക്കി. ശീതീകരണ സംവിധാനം കുറ്റമറ്റതാണെന്നും ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ ബസ് ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. കുട്ടികളുടെ സുരക്ഷക്കാണ് മുന്തിയ പരിഗണന. അവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്ന നിര്‍ദേശവും ലഭിച്ചിട്ടുണ്ട്. സ്വന്തം മക്കളെപ്പോലെ കുട്ടികളെ പരിപാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജീവനക്കാരോട് അഭ്യര്‍ഥിച്ചു. പഠനവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ക്ലാസുകളും സംഘടിപ്പിച്ചു.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പധികൃതരും പോലീസും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് പതിപ്പിക്കുന്നത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. നിരവധി നിര്‍ദേശങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ച പ്രത്യേക സര്‍ക്കുലറില്‍ ഉള്ളത്. സ്‌കൂള്‍ ബസുകളില്‍ വനിതാ സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നത് പ്രധാന നിര്‍ദേശമായിരുന്നു.
വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ നാടെങ്ങും വീണ്ടും ഉണരും. അവധിക്ക് മിക്ക പ്രവാസി കുടുംബങ്ങളും മറ്റും നാട്ടില്‍ പോയതിനെ തുടര്‍ന്ന് എങ്ങും നിര്‍ജീവമായിരുന്നു. വ്യാപാര മേഖലയില്‍ മാന്ദ്യമാണ് അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നല്ല തിരക്കായിരുന്നു.

Latest