Connect with us

National

സര്‍വകക്ഷി സംഘം നാലിന് കശ്മീരില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് മാസത്തോളമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തെ അയക്കുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം അടുത്ത മാസം നാലിന് കശ്മീരിലെത്തും. കശ്മീരിലെ വിവിധ ജനവിഭാഗങ്ങളുമായും സംഘടനാ പ്രതിനിധികളുമായും സര്‍വകക്ഷിസംഘം ആശയവിനിമയം നടത്തും. രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുള്ള സംഘത്തെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെ ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കശ്മീരിലേക്ക് സര്‍വകക്ഷികളെ അയക്കേണ്ടതില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ കശ്മീരിലെ പ്രതിപക്ഷകക്ഷി പ്രതിനിധികള്‍ കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
സര്‍വകക്ഷി സംഘത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിലെ ഏതെല്ലാം സംഘടനകളുമായി ചര്‍ച്ച നടത്തണം എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ പേരുവിവരങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധവും ഏറ്റുമുട്ടലുകളും തുടരുന്നതിന്നതിനിടെ 52 ദിവസത്തിന് ശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന പുല്‍വാമ ജില്ലയിലും ശ്രീനഗറിന്റെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ തുടരും. സമാധാന ശ്രമങ്ങളുടെ ഭാഗമായി കശ്മീരില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ രണ്ട് തവണ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

---- facebook comment plugin here -----

Latest