Connect with us

Gulf

മരവടി ഉപയോഗിച്ച് കൊല: വിചാരണ തുടങ്ങി

Published

|

Last Updated

ഷാര്‍ജ: നാട്ടുകാരനെ മരവടിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നൈജീരിയക്കാരായ മൂന്നു പേര്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതി വിചാരണ തുടങ്ങി. 24, 25, 26 വയസുള്ള മൂന്നു പേര്‍ക്കെതിരെയാണ് മദ്യപിച്ച് കൊല നടത്തിയത് ഉള്‍പെടെയുള്ള കുറ്റം ചുമത്തി വിചാരണ ആരംഭിച്ചിരിക്കുന്നത്.
അല്‍ മുറഖബാതിലെ വില്ലയില്‍ പാര്‍ട്ടി നടക്കവേയായിരുന്നു കൊല്ലപ്പെട്ട വ്യക്തിയും പ്രതികളായ മൂന്നു പേരുമായി വാക്കേറ്റമുണ്ടായത്. പിന്നീട് നടന്ന സംഘട്ടനത്തിലായിരുന്നു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. തൊഴില്‍രഹിതരായ രണ്ടു പേരും കര്‍ഷകനായ ഒരാളുമാണ് പ്രതികള്‍. മദ്യപിച്ച് ലക്കുകെട്ട സംഘം വഴക്കിടുകയും നിലംതുടക്കാന്‍ ഉപയോഗിക്കുന്ന മോപ്പിന്റെ മരവടി മുറിച്ചെടുത്ത് ഇടത്തേ കൈയില്‍ കുത്തിക്കയറ്റുകയുമായിരുന്നു. മാരകമായി മുറിവേറ്റതിനാല്‍ അമിതമായി രക്തം ചിന്തിയ യുവാവ് ഉടന്‍ മരണപ്പെടുകയായിരുന്നു. മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.
പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ രാവിലെ എട്ടിന് തന്നെ മുഖ്യപ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചു. നൈഫ് മേഖലയില്‍ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. അതേ ദിവസം തന്നെ ഷാര്‍ജയില്‍ നിന്ന് മൂന്നാം പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം പുലര്‍ച്ചെ നാലിനായിരുന്നു രണ്ടാം പ്രതിയെ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ യു എ ഇ വിടാന്‍ ഒരുങ്ങവേയായിരുന്നു അറസ്റ്റ്. മുറഖബാത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചതായും പരസ്പരം പഴിചാരിയതായും അന്വേഷണത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചു. ജന്മദിന പാര്‍ട്ടിയുടെ ഭാഗമായി സ്‌നേഹിത തങ്ങളെ അവരുടെ വില്ലയിലേക്ക് ക്ഷണിച്ചതായി സംഘം പറഞ്ഞിരുന്നു. ഇവിടെ വെച്ച് യുവാക്കള്‍ വാക്കേറ്റത്തില്‍ ഏര്‍പെട്ടു. ഇത് കലഹമായി പുരോഗമിക്കുകയും പിന്നീട് മരവടി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. കുത്തേറ്റതിനെ തുടര്‍ന്ന് കനത്ത തോതില്‍ രക്തം നഷ്ടപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. അടുത്ത മാസം 18ന് കേസ് വീണ്ടും പരിഗണിക്കും.