Connect with us

Gulf

പെരുന്നാള്‍ വിപണി സജ്ജമാകുന്നു; നഗരസഭാ പരിശോധന ആരംഭിച്ചു

Published

|

Last Updated

ദോഹ: ബലി പെരുന്നാള്‍ വിപണി സജീവമായിത്തുടങ്ങുമ്പോള്‍ ക്രമക്കേടുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇല്ലാതെ ജനങ്ങള്‍ക്ക് മികച്ച സേനവും ഉത്പന്നങ്ങളും ലഭ്യമാക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. വിറ്റഴിക്കുന്ന ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്തവയാണെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം ചൂഷണവും വിലക്കയറ്റവും തടയുകയാണ് പ്രത്യേക പരിശോധനാ കാമ്പയിന്റെ ലക്ഷ്യമെന്ന് നഗരസഭ അറിയിച്ചു.
നഗരസഭയുടെ പരിശോധനാ ഉദ്യോഗസ്ഥര്‍ എല്ലാ തരം വാണിജ്യ സ്ഥാപനങ്ങളിലും പരിശോധനക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മിഠായി, നട്‌സ് ഷോപ്പുകള്‍, ഷോപിംഗ് കോംപ്ലസ്‌കുള്‍ എന്നിവയുടെ പ്രമോഷനുകളും വില്‍പ്പനകളും പരിശോധിക്കും. ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ തന്നെയണോ വിറ്റഴിക്കുന്നത് എന്നാണ് പരിശോധിക്കുക. ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റ് പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വില്‍പ്പന ശാലകകള്‍ മറ്റൊരു സംഘം പരിശോധിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വനിതാ ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അറവുശാലകളിലെ ശുചിത്വവും ആരോഗ്യ സരക്ഷണവും ഉറപ്പു വരുത്തുന്നതിനായി 26 വെറ്ററിനേറിയന്‍മാര്‍ ഉള്‍ക്കൊള്ളുന്ന സംഘം പ്രവര്‍ത്തിക്കും. പെരുന്നാളിന് ബലി കര്‍മംകൂടിയുള്ളതിനാല്‍ ശുചിത്വവും സുരക്ഷയും പാലിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ട്. പൂര്‍ണ ആരോഗ്യമുള്ള മൃഗങ്ങള്‍ തന്നെയാണ് അറുക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്തും. സെന്‍ട്രല്‍ മാര്‍ക്കറ്റിലെയും ദോഹ കോര്‍ണിഷിലെയും മത്സ്യ മാര്‍ക്കറ്റുകളിലും ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന നടത്തും. വില്‍ക്കപ്പെടുന്ന ഇറച്ചി, മത്സ്യം, കോഴി എന്നിവയെല്ലാം നീതിയുക്തമാണെന്ന് ഉറപ്പു വരുത്തും. അറവു ശാലകളിലും മാര്‍ക്കറ്റുകളിലും പെരുന്നാളിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ സുരക്ഷിതമായി നടന്നു വരുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
പോര്‍ട്ടുകളില്‍ മതിയായ ജീവനക്കാരെ ഉറപ്പു വരുത്തുന്നതിനും അടിയന്തര ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ്, മെഡിക്കല്‍ സേവനങ്ങളും സജ്ജമാക്കുന്നതിനും വിവിധ അതോറിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളം, വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനുള്ള ബദല്‍ കരുതലുകളുമുണ്ടാകും. സെപ്തംബര്‍ മൂന്നു മുതല്‍ ഒമ്പതു വരെ ഭക്ഷ്യവിപണിയില്‍ പ്രത്യേക പരിശോധനയുണ്ടാകും. ഗ്രോസറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പഴം പച്ചക്കറി ഔട്ട്‌ലെറ്റുകളിലും മൊത്ത വിപണിയിലുമാണ് പരിശോധന നടത്തുക.

Latest