Connect with us

Articles

ഇരുകാലികള്‍ക്ക് പ്രാണഭയം, നാല്‍ക്കാലികള്‍ക്കോ നിര്‍ഭയത്വവും!

Published

|

Last Updated

കയത്തില്‍ വീണ പശുവിനെ രക്ഷിക്കാനിറങ്ങിയ മുഹമ്മദിനെയും ദളിതനെയും പശുവിനെ “ദ്രോഹിക്കുക”യാണെന്നാരോപിച്ചു സംഘികള്‍ മുക്കിക്കൊന്നു- സോഷ്യല്‍ മീഡിയകളില്‍ ഓടിനടന്ന അനേകം ട്രോളുകളില്‍ ഒന്നായിരുന്നു ഇത്. ജനാധിപത്യം മാറി മൃഗാധിപത്യം വന്നുതുടങ്ങിയോ എന്നൊക്കെ ചിന്തിപ്പിക്കുന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ നമുക്ക് ചുറ്റും അരങ്ങുതകര്‍ക്കുന്നത്. ഇരുകാലികള്‍ക്ക് നിര്‍ഭയത്വം നഷ്ടപ്പെടുകയും നാല്‍ക്കാലികള്‍ക്ക് “സംരക്ഷണം” ഉറപ്പ് വരുത്തുകയും ചെയ്യാന്‍ എമ്പാടും സംഘടനകളും വകുപ്പുകളും. അങ്ങനെ സംരക്ഷണം കിട്ടിയതില്‍ പശുവിന് തൊട്ടുതാഴെയായി ഇപ്പോള്‍ പട്ടിയും സ്ഥാനം പിടിച്ചിരിക്കുന്നു.
മൃഗസ്‌നേഹികളും തെരുവുനായ്ക്കളും ഇപ്പോള്‍ വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. തെരുവുപട്ടികളെ കൊല്ലുന്നതു കൊണ്ട് കേരളത്തില്‍ പട്ടികടി കുറയുകയില്ലെന്നും 60 വര്‍ഷമായി നായ്ക്കളെ കൊന്നൊടുക്കിയ സംസ്ഥാനം എന്തു നേടിയെന്നും “ദ വീക്കി”ന് അനുവദിച്ച അഭിമുഖത്തില്‍ മേനകാ ഗാന്ധി ചോദിച്ചിരുന്നു. പുല്ലുവിളയില്‍ നായയുടെ അക്രമണത്തിന് ഇരയായ സ്ത്രീയുടെ കൈവശം മാംസഭാഗം ഉണ്ടായിരിക്കണമെന്നും നായ്ക്കള്‍ വെറുതെയൊന്നും ആക്രമിക്കില്ലെന്നും അവര്‍ പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്തു. പോരേ പൂരം.
റോഡിലിറങ്ങി നടന്ന് പരിചയമില്ലാത്ത, എ സി കാറിലും വിമാനത്തിലും ഹെലികോപ്ടറിലും മാത്രം സഞ്ചരിക്കുന്ന മൃഗസ്‌നേഹികള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ എങ്ങനെയറിയുമെന്ന ചോദ്യം എല്ലാ കാലത്തും പ്രസക്തമാണ്. പട്ടികടിയേറ്റ് പേയിളകുന്ന മനുഷ്യരുടെ അവസ്ഥയും ദിവസങ്ങളോളം കാത്ത് കിടന്ന് നടത്തേണ്ട മുന്‍കരുതല്‍ ചികിത്സയുമെല്ലാം ഈ മൃഗസ്‌നേഹികള്‍ക്ക് അറിയുമോ ആവോ?
മനുഷ്യജീവന്‍ അപഹരിക്കുന്നത് ഏതു വര്‍ഗത്തില്‍ നിന്നുള്ള ജന്തുവാണെങ്കിലും തടയിടാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണം. മനുഷ്യസ്‌നേഹം ഇല്ലാത്തവരുടെ മൃഗസ്‌നേഹത്തെ പറ്റി കഴിഞ്ഞ ദിവസം ഒരു മന്ത്രി പരിഹസിച്ച് ചോദിച്ചിരുന്നു. വര്‍ഷം തോറും കേരളത്തില്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പട്ടികളുടെ കടിയേല്‍ക്കുന്നു. 2013ല്‍ 62,280 പേര്‍ക്കും 2014ലും 2015ലും യഥാക്രമം 1,19,191ഉം 1,22,286ഉം പേര്‍ക്ക് കടിയേറ്റു. ഈ വര്‍ഷം മെയ് വരെ 31,334 പേര്‍ക്കും കടിയേറ്റതായാണ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പുറമെ പട്ടികളുടെ ആക്രമണത്തിന് ഇരയാകുന്ന മനുഷ്യേതര ജന്തുവര്‍ഗങ്ങളും. സംസ്ഥാനത്ത് ഒരു ദിവസം തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നത് 2015ല്‍ 125 പേര്‍ക്കായിരുന്നെങ്കില്‍ 2016ല്‍ അത് 335 ആയി ഉയര്‍ന്നു.
പരാക്രമം കാട്ടി പാഞ്ഞു നടന്ന നായ്ക്കളെ ഓടിച്ച് പിടിച്ച് അടിച്ചുകൊല്ലുന്ന ഒരേര്‍പ്പാട് നമ്മുടെ നാട്ടിന്‍പുറത്തുണ്ടായിരുന്നു. എന്നാല്‍ വൈദഗ്ധ്യം നേടിയ പട്ടിപ്പിടുത്തക്കര്‍ നന്നേ ചുരുങ്ങിയിരിക്കുകയാണ്. രണ്ടര ലക്ഷത്തോളം വരുന്ന തെരുവുപട്ടികളെ ഏതാനും പേര്‍ ഓടിച്ചുപിടിക്കുക അസാധ്യമാണ്. പകരം അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ABC) എന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പലയിടത്തും ഇതിന് സൗകര്യങ്ങളില്ല. രണ്ടര ലക്ഷത്തോളം നായ്ക്കളെ ഉത്പാദന നിയന്ത്രണത്തിന് കീഴിലാക്കാന്‍ വര്‍ഷങ്ങളെടുക്കും. മാത്രമല്ല, വന്ധ്യംകരണത്തിന്റെ ചെലവുകള്‍ കേട്ടാല്‍ അത്ഭുതപ്പെടും. ശസ്ത്രക്രിയ, മരുന്ന് എന്നിവക്ക് മാത്രം 30 കോടിയോളം രൂപ വേണ്ടിവരുമത്രെ. പുറമെ, നായ്ക്കളെ പുനരധിവാസം, പദ്ധതിക്ക് നിയമിക്കുന്ന ഡോക്ടര്‍മാരുടെയും പ്രത്യേക പരിശീലനം നേടിയവരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം, വാഹനം തുടങ്ങിയ ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ 100 കോടിയോളം വരും.
അക്രമണകാരികളായ തെരുവുപട്ടികളെ കൊല്ലുന്നതിനുള്ള അനുമതി നിരുപാധികം പുനഃസ്ഥാപിക്കുകയാണ് പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം. വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുന്നവര്‍ക്ക് തെരുവുനായകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാനാകില്ല. അങ്ങനത്തവര്‍ നിര്‍മിക്കുന്ന നിയമത്തിനും സാധാരണക്കാരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകില്ല.

Latest