Connect with us

National

ബീഹാര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ ദുരന്തം: പ്രിന്‍സിപ്പലിന് 17 വര്‍ഷം തടവ്

Published

|

Last Updated

ഛപ്ര: 23 കുട്ടികളുടെ മരണത്തിനിടയാക്കിയ ഉച്ചഭക്ഷണ ദുരന്തത്തില്‍ പ്രിന്‍സിപ്പലിന് 17 വര്‍ഷം തടവ്. ബീഹാറിലെ ഛപ്ര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീനാ ദേവിക്കാണ് അഡീഷനല്‍ സെഷന്‍സ് കോടതി കഠിന തടവ് വിധിച്ചത്.
23 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷബാധ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. 2013ല്‍ ഗന്ധാമന്‍ പ്രൈമറി സ്‌കൂളിലാണ് രാജ്യത്തെയാകെ നടുക്കിയ ദുരന്തമുണ്ടായത്. മീനാ ദേവിയുടെ ഭര്‍ത്താവ് അര്‍ജുന്‍ റായിയും കേസില്‍ പ്രതിയായിരുന്നെങ്കിലും ഇയാളെ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു.
മീനാ ദേവിയെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304, 308 എന്നിവ പ്രകാരമാണ് 17 വര്‍ഷം തടവിന് ശിക്ഷിച്ചത്. സെക്ഷന്‍ 304 പ്രകാരം 10 വര്‍ഷവും 308 പ്രകാരം ഏഴ് വര്‍ഷവും ശിക്ഷ അനുഭവിക്കണം. ഇവ വെവ്വേറെ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതു കൂടാതെ ഇരു വകുപ്പുകള്‍ പ്രകാരം യഥാക്രമം 2.5 ലക്ഷം, 1.25 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.
ആഗസ്റ്റ് 24നാണ് കേസില്‍ മീനാ ദേവിക്കെതിരായ കുറ്റം തെളിഞ്ഞതായി കോടതി വിധിച്ചത്. എന്നാല്‍ കൊലപാതകം, കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കി.
വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മീനാ ദേവിയുടെ അഭിഭാഷകന്‍ പറഞ്ഞു. 2013 ജൂലൈ 16നാണ് ദുരന്തം നടന്നത്. ഉച്ചഭക്ഷണം പാകം ചെയ്യാന്‍ വിഷം കലര്‍ന്ന എണ്ണ ഉപയോഗിച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്.