Connect with us

Kerala

ചെയര്‍മാനെതിരെ പ്രതിഷേധം:വനിതാ അംഗം പിഎസ്‌സി യോഗത്തിനെത്തിയത് മുഖംമറച്ച്

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി യോഗത്തില്‍ ചെയര്‍മാനെതിരെ വനിതാഅംഗത്തിന്റെ മുഖംമൂടി പ്രതിഷേധം. അംഗങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് സി പി ഐ നോമിനിയായ വനിതാഅംഗം ഡോ. കെ ഉഷ മുഖം മറച്ച് പ്രതിഷേധിച്ചത്. യോഗം തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ പ്രതിഷേധം തുടര്‍ന്നു.
പി എസ് സിയില്‍ നിന്ന് വിരമിച്ച മുന്‍ അഡീഷനല്‍ സെക്രട്ടറി കോഴിക്കോട് റീജ്യനല്‍ ഓഫീസില്‍ ദുരൂഹസാഹചര്യത്തില്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി കഴിഞ്ഞ യോഗത്തിലുണ്ടായ വാദപ്രതിവാദത്തിനിടെ ചെയര്‍മാന്‍ ഡോ.കെഎസ് രാധാകൃഷ്ണന്‍ അംഗങ്ങള്‍ക്കെതിരെ അസഭ്യവാക്കുപയോഗിച്ചെന്നാണ് ആക്ഷേപം. ചെയര്‍മാന്റെ തൊട്ടടുത്തിരുന്ന യു സുരേഷ്‌കുമാര്‍ മാത്രമാണ് ഇത് കേട്ടത്. യോഗം നേരത്തെ അലസിപ്പിരിഞ്ഞതിനാല്‍ കഴിഞ്ഞ കമ്മീഷന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവാദമുണ്ടായില്ല. ഇന്നലെ ട്രെയിനുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് അംഗങ്ങള്‍ കുറവായതിനാല്‍ ഈ വിഷയം ആരും ഉന്നയിച്ചതുമില്ല. അടുത്ത കമ്മീഷന്‍ യോഗത്തില്‍ വിഷയം വീണ്ടും ഉന്നയിക്കാനും ചെയര്‍മാന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെടാനുമാണ് അംഗങ്ങളുടെ തീരുമാനം.
രണ്ട് മാസം മുമ്പാണ് പി എസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്ന കോഴിക്കോട് റീജ്യനല്‍ ഓഫീസില്‍ വിവാദ ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തിയത്. ചെയര്‍മാന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം നടത്തുന്നതെന്ന് ഉദ്യോഗസ്ഥരെ അറിയിച്ച ഇദ്ദേഹം തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങളും നല്‍കി. പി എസ് സിയുടെ ഔദ്യോഗിക കാറില്‍ റീജ്യനല്‍ ഓഫീസറോടൊപ്പമായിരുന്നു സന്ദര്‍ശനം നടത്തിയത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ പി എസ് സി അംഗങ്ങള്‍ക്കും ചെയര്‍മാനും പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് പി എസ് സി യോഗത്തില്‍ വിഷയം ചര്‍ച്ചയായത്. എന്നാല്‍, തന്റെ അറിവോടെയല്ല ഇയാള്‍ സന്ദര്‍ശനം നടത്തിയതെന്നും താന്‍ അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് ചെയര്‍മാന്റെ വാദം.
ഇക്കാര്യത്തില്‍ കോഴിക്കോട് റീജ്യനല്‍ ഓഫീസറോട് ചെയര്‍മാന്‍തന്നെ വിശദീകരണം തേടാനും തീരുമാനിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷനില്‍ വെക്കാത്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ദുരൂഹ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന അംഗങ്ങളുടെ ആവശ്യത്തില്‍നിന്ന് ചെയര്‍മാന്‍ ഒഴിഞ്ഞുമാറിയതാണ് വാഗ്വാദങ്ങള്‍ക്കിടയാക്കിയത്. അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്നും ആരും കോഴിക്കോട് ഓഫീസില്‍ പരിശോധന നടത്തിയിട്ടില്ലെന്നും ചെയര്‍മാന്‍ വിശദീകരിച്ചു.

Latest