Connect with us

Kozhikode

കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് അനുകൂലമെങ്കില്‍ പൂഴിത്തോട്- വയനാട് ബദല്‍ റോഡ് പ്രാവര്‍ത്തികമാക്കും: മന്ത്രി

Published

|

Last Updated

പേരാമ്പ്ര: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചാല്‍ നിര്‍ദിഷ്ട വയനാട് പൂഴിത്തോട് പടിഞ്ഞാറെത്തറ ബദല്‍ റോഡ് പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. പേരാമ്പ്ര വികസനവിഷന്‍ 2025 ന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര ഹൈവേ പദ്ധതി നടപ്പാക്കാനും പരിസ്ഥിതി വകുപ്പിന്റെ അനുമതി ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീടും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും സര്‍ക്കാര്‍ ലഭ്യമാക്കും. പേരാമ്പ്ര ടൗണിന്റെ വികസനത്തിനും ഗതാഗതം സുഗമമാക്കുന്നതിനും ടൗണിന്റെ ഒരു ഭാഗത്തുള്ള കടകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റി റോഡ് വീതി കൂട്ടുന്നതിനും ആധുനിക രീതിയിലുള്ള ഷോപ്പിംഗ് സെന്ററുകളും ഓപ്പണ്‍ എയര്‍ തിയേറ്ററും മറ്റും നിര്‍മിക്കാനും ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലക്ക് വന്‍ പ്രാധാന്യം നല്‍കുമെന്നും ആവള പാണ്ടി, കരുവോട് ചിറ, വെളിയന്നൂര്‍ ചെല്ലി എന്നിവടങ്ങളിലെ 4000 ല്‍ പരം ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അവലോകന യോഗത്തില്‍ മന്ത്രി വിശദീകരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനം സജീവമാക്കാന്‍ അടുത്ത മാസം 19 ന് നിയോജക മണ്ഡലത്തിലെ പാലിയേറ്റീവ് ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും പേരാമ്പ്ര ബൈപാസ്, പേരാമ്പ്ര പയ്യോളി- പേരാമ്പ്ര, പേരാമ്പ്ര- ചാനിയംകടവ് റോഡുകളുടെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാലിന്യ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും ഇതിന് വേണ്ടി ജനപങ്കാളിത്തം ഉറപ്പു വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാംബവര്‍ താമസിക്കുന്ന ചേര്‍മല കോളനിയെ മാതൃകാ ഗ്രാമമാക്കി മാറ്റാന്‍ വിഷന്‍ 2025 പദ്ധതിയില്‍ ഊന്നല്‍ നല്‍കും. മേപ്പയ്യൂര്‍, ആവള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഉടന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ചക്കിട്ടപാറ പഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി ഐ സ്ഥാപിക്കാന്‍ നടപടി ആരംഭിക്കും.

50 ല്‍ പരം പ്രൊജക്ടുകള്‍ക്ക് അവലോകന യോഗം കരടു രൂപം നല്‍കി.
കഴിഞ്ഞ മാസം നടന്ന ശില്‍പ്പശാലക്ക് ശേഷമാണ് ഇന്നലെ അവലോകന യോഗം നടന്നത്. ഒക്ടോബര്‍ എട്ടിന് പേരാമ്പ്ര ഹൈസ്‌കൂളില്‍, കാലത്ത് പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ വികസന സെമിനാര്‍ നടക്കും. സെമിനാറില്‍ പദ്ധതികളെപ്പറ്റി വിവിധ ഗ്രൂപ്പ്തല ചര്‍ച്ചകള്‍ നടത്തിയാണ് പദ്ധതികള്‍ അന്തിമമായി തീരുമാനിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ അടുത്തമാസം 25 ന് മുമ്പ് നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സെമിനാറില്‍ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉേദ്യാഗസ്ഥര്‍, സഹകരണ സംഘം ഡയരക്ടര്‍മാര്‍, തുടങ്ങിയവരെ പങ്കെടുപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി അധ്യക്ഷത വഹിച്ചു. വിഷന്‍ 2025 സമിതി ജന. കണ്‍വീനര്‍ എം കുഞ്ഞമ്മദ്, മുനീര്‍ എരവത്ത് എ കെ ചന്ദ്രന്‍, എസ് പി കുഞ്ഞമ്മദ്, പി കെ എം ബാലകൃഷ്ണന്‍, ജെയിംസ് ഇടച്ചേരി, എന്‍ പി ബാബു, പി ബാലന്‍ അടിയോടി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംബന്ധിച്ചു.

Latest