Connect with us

Gulf

ദുബൈയില്‍ തൊഴിലില്ലായ്മ കുറവെന്ന് ഡി എസ് സി

Published

|

Last Updated

ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍

ദുബൈ: ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ ദുബൈയില്‍ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവെന്ന് ഡി എസ് സി (ദുബൈ സ്റ്റാറ്റിസ്റ്റിക് സെന്റര്‍). ഡി എസ് സി നടത്തിയ ദുബൈ മാന്‍പവര്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 2014ല്‍ ദുബൈയില്‍ തൊഴിലില്ലായ്മയുടെ തോത് 0.1 മതുല്‍ 0.3 വരെയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 0.4 വരെ മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. ലോകത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം തൊഴിലില്ലായ്മ കുത്തനെ കൂടുമ്പോഴാണ് ദുബൈയില്‍ തുലോം കുറഞ്ഞ അവസ്ഥയില്‍ തുടരുന്നത്. സ്വദേശികളും അല്ലാത്തവരും ആണും പെണ്ണും എല്ലാം ഉള്‍പെടുത്തിയാണ് 15 വയസിന് മുകളില്‍ പ്രായമുള്ളവരെ പങ്കെടുപ്പിച്ച് ഡി എസ് സി സര്‍വേ നടത്തിയത്. മാന്‍പവര്‍ സര്‍വേ എല്ലാ വര്‍ഷവും നടത്തിവരുന്ന ഏറ്റവും തന്ത്രപ്രധാനമായ പ്രവര്‍ത്തനമാണെന്ന് ഡി എസ് സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആരിഫ് അല്‍ മുഹൈരി വ്യക്തമാക്കി. വരുമാനത്തിന് നികുതിയില്ലാത്തത്, വിവിധ പ്രൊഫഷണലുകളില്‍ ലഭിക്കുന്ന മികച്ച അവസരം, ഉയര്‍ന്ന നിലയിലുള്ള ജീവിതശൈലി പിന്തുടരാനുള്ള സൗകര്യം തുടങ്ങിയവയാണ് പ്രവാസികളെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്നതെന്നും അല്‍ മുഹൈരി പറഞ്ഞു.

ദുബൈയില്‍ തൊഴിലില്ലായ്മ കുറയാന്‍ ഇടയാക്കുന്നത് മൂന്നു മുഖ്യ കാരണങ്ങളാലാണെന്ന് സര്‍വേയുമായി സഹകരിച്ച യൂറോമോണിറ്റര്‍ ഇന്റര്‍നാഷ്ണല്‍ ഗവേഷണ വിഭാഗം മാനേജര്‍ നികോള കൊസ്റ്റിക് അഭിപ്രായപ്പെട്ടു. ദുബൈയിലെ ഉയര്‍ന്ന ജീവിത നിലവാരം മറ്റൊരു പണികിട്ടിയ ശേഷം നിലവിലെ ജോലിയില്‍ നിന്ന് മാറാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നത് ഇതില്‍ പ്രധാനമാണ്. വിദേശതൊഴിലാളികള്‍ ബഹുഭൂരിപക്ഷവും ഈ രീതി പിന്തുടരുന്നവരാണ്. ഇത് ഇവരുടെ വരുമാന ശ്രോതസ്സ് നഷ്ടമാവാതിരിക്കാനും ഇടയാക്കുന്നുണ്ട്. ദുബൈയില്‍ താമസിക്കാന്‍ വിസയോ സ്‌പോണ്‍സര്‍ഷിപ്പോ ആവശ്യമാണെന്നതും തൊഴിലില്ലായ്മ ഇല്ലാതാക്കുന്ന ഘടകമാണ്. ദുബൈയില്‍ ജോലിക്കായി ശ്രമിക്കുന്നവരില്‍ ബഹുഭുരിപക്ഷവും വിദേശങ്ങളിലാണ് ജീവിക്കുന്നതെന്നതും ഇവിടെ തൊഴിലില്ലാത്ത അവസ്ഥ കുറയാന്‍ ഇടയാക്കുന്നുണ്ട്. തൊഴില്‍ അന്വേഷകരായി രാജ്യത്ത് എത്തുന്നവര്‍ സ്ഥിരതാമസത്തിന് സാധിക്കാത്ത ടൂറിസ്റ്റ് വിസയിലാണ്. ഈ വിഭാഗത്തില്‍ എത്തുന്നവരെ സര്‍വേയുടെ ഭാഗമായി കാണാറില്ലെന്നതും ഘടകമാണെന്ന്അദ്ദേഹം വിശദീകരിച്ചു.
ദുബൈയില്‍ ജോലി ചെയ്യുന്നവരില്‍ 59.6 ശതമാനം വരുന്ന 17 ലക്ഷം 25നും 39നും ഇടയില്‍ പ്രായമുള്ളവരാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകളില്‍ 66.7 ശതമാനവും ഇതേ പ്രായക്കാരാണ്. പുരുഷന്മാരുടെ ശതമാനം ഇതേ പ്രായ പരിധിയില്‍ 51.6 ശതമാനമാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.