Connect with us

National

ക്ഷേത്രങ്ങളിലെ ആര്‍ എസ് എസ് ശാഖ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ദേശീയ നേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ആര്‍ എസ് എസ് ശാഖകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ ശക്തമായി പ്രതിരോധിക്കാന്‍ ആര്‍ എസ് എസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ക്ഷേത്രങ്ങള്‍ ആയുധ പുരകളാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നുവെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നതിനാണ് ആര്‍ എസ് എസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഇന്നലെ രംഗത്തെത്തി. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ സംഘങ്ങള്‍ക്ക് നെഗറ്റീവ് പ്രമോഷന്‍ നല്‍കുന്നതിന്റെ ഭാഗമാണ് പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസ് ക്ഷേത്രങ്ങളെ ആയുധപ്പുരയാക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ പാര്‍ട്ടിക്കാരാണെന്നും അവര്‍ക്കാണ് തെറ്റുപറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ കേരളത്തില്‍ നടക്കുന്നത് മറിച്ചാണ്. സംസ്ഥാനത്ത് സി പി എം ആണ് രാഷ്ട്രീയ അതിക്രമങ്ങള്‍ നടത്തുന്നത്. അവര്‍ ഇത്തരം രാഷ്ട്രീയ രീതികളിലൂടെ ഭരണം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നത് . മൂന്നൂറില്‍ പരം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അതിക്രമം അവിടെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് നടത്തി വരുന്ന ശാഖകള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞത്. ഫേസ് ബുക്ക് പോസ്റ്റ് വഴിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നത്. ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് അടക്കമുള്ള സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പാരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ലെന്നും കാണിച്ചായിരുന്നു മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

---- facebook comment plugin here -----

Latest