Connect with us

Eranakulam

ഫോണ്‍ വിശദാംശങ്ങള്‍ ഒരു വര്‍ഷത്തേത് മാത്രമെ സൂക്ഷിക്കൂ: മൊബൈല്‍ കമ്പനി

Published

|

Last Updated

കൊച്ചി: ഫോണ്‍ കോളുകളുടെ ഒരു വര്‍ഷം വരെയുള്ള വിശദാംശങ്ങള്‍ മാത്രമേ മൊബൈല്‍ കമ്പനികള്‍ സൂക്ഷിക്കാറുള്ളൂവെന്നും അതിന് മുമ്പുള്ള വിവരങ്ങള്‍ നശിപ്പിക്കുകയാണ് പതിവെന്നും മൊബൈല്‍ കമ്പനി നോഡല്‍ ഓഫീസര്‍മാര്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ ഇന്ന് പല സുപ്രധാന കേസുകളും തെളിയുന്നത് ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണെന്നും പല കേസുകളിലും നാലോ അഞ്ചോ വര്‍ഷങ്ങള്‍ അന്വേഷണം ആവശ്യമായി വരുമെന്നും ഈ സാഹചര്യത്തില്‍ ഒരുവര്‍ഷത്തിനപ്പുറമുള്ള വിവരങ്ങള്‍ നശിപ്പിച്ചു കളയുന്നത് തിരിച്ചടിയാകുമെന്നും കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ നിരീക്ഷിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ജിക്കുമോന്‍, ഗണ്‍മാന്‍ സലിംരാജ്, സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുരാധാകൃഷ്ണന്‍ എന്നിവരുടെ മൊബൈല്‍ നമ്പറുകളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് കമ്മീഷന്‍ ഇവരോട് ചോദിച്ചത്. ഇവരുടെ നമ്പറുകളില്‍ നിന്ന് പോയതും വന്നതുമായ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ആര്‍ക്കൊക്കെ നല്‍കിയെന്ന ചോദ്യത്തിന് 14-03-13 മുതല്‍ 14-06-13 വരെയും 22-12-12 മുതല്‍ 21-06-13 വരെയുമുള്ളഫോണ്‍ വിളികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തിരുവന്തപുരം സൂപ്രണ്ട് ഓഫ് പോലീസ് ഇന്റേണല്‍ സെക്യൂരിറ്റിക്ക് ഇ മെയില്‍ വഴി കൈമാറിയതായും നോഡല്‍ ഓഫീസര്‍മാര്‍ കമ്മീഷനെ അറിയിച്ചു.
വിവരങ്ങള്‍ ആവശ്യപ്പെട്ട അപേക്ഷയും ആര്‍ക്ക് കൈമാറിയെന്നതും മാത്രമാണ് രേഖയായി തങ്ങള്‍ സൂക്ഷിക്കാറുള്ളതെന്നും ആയതിനാല്‍ ഇപ്പോള്‍ അത് കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു.