Connect with us

Kerala

മാര്‍ക്കല്ല, അഭിരുചിയാണ് വിദ്യാഭ്യാസമെന്ന് തെളിയിച്ച് മാളിവിക

Published

|

Last Updated

മുംബൈ: പത്താം ക്ലാസോ പ്ലസ്ടുവോ പാസായിട്ടില്ലെങ്കിലും, സ്വപ്‌നതുല്യമായ ഉപരിപഠനാവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് 17കാരിയായ മാളവികാ രാജ്. കേംബ്രിഡ്ജിലെ മാസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ (എം ഐ ടി) മാളവിക സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിയിരിക്കുക യാണിപ്പോള്‍. വിദ്യാഭ്യാസത്തിലെ പാരമ്പര്യരീതി അവഗണിച്ച് മകളെ പഠിപ്പിക്കാന്‍ തയ്യാറായ മാതാവിന് കൂടി അവകാശപ്പെട്ടതാണ് ഈ നേട്ടം. മാര്‍ക്കിനെക്കാള്‍ എന്തുകൊണ്ട് കഴിവ് അംഗീകരിക്കപ്പെട്ടുകൂടാ എന്നാണ് മാതാവ് സുപ്രിയ ചിന്തിച്ചത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥകള്‍ക്ക് വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന പ്രോഗ്രാമിംഗ് ഒളിമ്പ്യാഡ് എന്നറിയപ്പെടുന്ന ഇന്റര്‍നാഷനല്‍ ഒളിമ്പ്യാഡ് ഓഫ് പ്രോഗ്രാമില്‍ മൂന്ന് തവണ മെഡല്‍ ജേതാവായതോടെയാണ് മാളവികക്ക് എം ഐ ടിയിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയത്. മാത്‌സ്, ഫിസിക്‌സ് കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തില്‍ മൂന്ന് തവണ മെഡല്‍ ജേതാവാകുന്നവര്‍ക്ക് പ്രവേശനം നല്‍കാമെന്ന് എം ഐ ടിയുടെ വ്യവസ്ഥ മാളവികക്ക് തുണയായി.
നാല് വര്‍ഷം മുമ്പാണ് മാളവിക സ്‌കൂളില്‍ പോക്ക് നിര്‍ത്തിയത്. മുംബൈയിലെ ദാദര്‍ പാര്‍സീ യൂത്ത് അസംബ്ലിസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. പിന്നീട് വീട്ടില്‍ വെറുതെയിരിക്കുകയായിരുന്നില്ല ഈ മിടുക്കി. താത്പര്യമുള്ള വിവിധ വിഷയങ്ങളില്‍ സ്വയം അവഗാഹം നേടിക്കൊണ്ടിരുന്നു.
പ്രോഗ്രാമിംഗ് ആയിരുന്നു ഏറ്റവും ഇഷ്ട വിഷയം. പന്ത്രണ്ടാം ക്ലാസ് യോഗ്യതയില്ലാത്തതിനാല്‍ ഐ ഐ ടി പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പ്രോഗ്രാമിംഗ് പഠിക്കുക മാളവികക്ക് സാധ്യമായിരുന്നില്ല. എന്നിരുന്നാലും അവളുടെ അറിവ് കണക്കിലെടുത്ത് എം എസ് സി നിലവാരത്തിലുള്ള കോഴ്‌സിന് ചേരാന്‍ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അനുവദിച്ചു. അവിടെ വെച്ച് ഇന്ത്യന്‍ കമ്പ്യൂട്ടിംഗ് ഒളിമ്പ്യാഡിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ കൂടിയായ അധ്യാപകന്‍ മാധവന്‍ മുകുന്ദാണ് മാളവികയെ പരിശീലിപ്പിച്ചത്. തുടര്‍ന്നാണ് തുടര്‍ച്ചയായ മൂന്ന് പ്രോഗ്രാമിംഗ് ഒളിമ്പ്യാഡില്‍ പെണ്‍കുട്ടി മെഡലുകള്‍ നേടുന്നത്. തുടര്‍ന്ന് അഭിമാനകരമായ എം ഐ ടിയില്‍ പ്രവേശനവും.
ഈ നേട്ടത്തില്‍ കൗതുകംപൂണ്ട് നിരവധി രക്ഷിതാക്കളാണ് തന്നെ വിളിക്കുന്നതെന്ന് മാതാവ് സുപ്രിയ പറയുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് തനിക്ക് ഒരു മറുപടിയേയുള്ളു: “മക്കളുടെ അഭിരുചി കണ്ടറിഞ്ഞ് തീരുമാനമെടുക്കൂ.”

Latest