Connect with us

National

ഇന്ത്യ-യു എസ് കരാര്‍:പ്രയോജനം കൂടുതല്‍ യു എസിന്

Published

|

Last Updated

ന്യൂഡല്‍ഹി:സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ കഴിയുന്ന സൈനിക സഹകരണ കരാറിന്റെ പ്രയോജനം കൂടുതലും അമേരിക്കക്ക്. ഏഷ്യന്‍ മേഖലയില്‍ ഇടപെടാന്‍ തക്കം പാര്‍ത്തിരിക്കുന്ന അമേരിക്കക്ക് കരാറിലൂടെ ഇതിനുള്ള വഴിയൊരുക്കിക്കൊടുക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്ന് നയതന്ത്ര മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. കരാര്‍ പ്രകാരം ഇന്ത്യക്ക് യു എസിന്റെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാമെങ്കിലും അതുകൊണ്ട് കാര്യമായ പ്രയോജനമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

വളരെ അപൂര്‍വമായി മാത്രമേ ഇന്ത്യന്‍ സൈന്യം ഇന്ത്യക്ക് വെളിയില്‍ പോകാറുള്ളൂവെന്നതിനാല്‍ കരാറിലൂടെ ഇന്ത്യയെക്കാള്‍ വലിയ ഗുണം ലഭിക്കുക യു എസിനാണെന്ന് വ്യക്തമാണ്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനയുടെ സൈനിക സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കരാറൊപ്പിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നുവെങ്കിലും ഇതെല്ലാം മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യതാത്പര്യങ്ങള്‍പ്പുറം അമേരിക്കന്‍ അനുകൂല നിലപാടുമായി മുന്നോട്ടു പോയത്.
നേരത്തെ ഇറാഖ്- കുവൈത്ത് യുദ്ധത്തിന്റെ മറവില്‍ സഊദിയില്‍ താവളമുറപ്പിച്ച അമേരിക്ക പിന്നീട് കലുഷിതമായ പശ്ചിമേഷ്യന്‍ സാഹചര്യങ്ങളില്‍ ഈ സൗകര്യം വളരെ തന്ത്രപൂര്‍വം ഉപയോഗിച്ചിരുന്നു. എന്നിരിക്കെ നിലവിലെ സാഹചര്യത്തില്‍ ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി വഷളായ ബന്ധം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇങ്ങനെ ഒരു സൗകര്യം ലഭിക്കുന്നത് അമേരിക്കക്ക് വളരെ പ്രയോജനകരമാകും. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം സൈനിക താവളങ്ങള്‍ യു എസ് താവളമാക്കാന്‍ സാധിക്കില്ലെങ്കിലും തങ്ങളുടെ മേല്‍ക്കോയ്മ ഏഷ്യന്‍ മേഖലകളില്‍ അടിച്ചേല്‍പ്പിക്കുന്നതോടൊപ്പം ആയുധ വില്‍പ്പന ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാകും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest