Connect with us

Kozhikode

ഓണാഘോഷം: കടപ്പുറത്തും ഭട്ട് റോഡിലും പ്രധാന വേദികള്‍

Published

|

Last Updated

കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട്ട് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ അവതരിപ്പിക്കുന്ന പ്രധാന ഇനങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. കോഴിക്കോട് ബീച്ചിലും ഭട്ട് റോഡിലുമാണ് പ്രധാനവേദികള്‍ ഒരുങ്ങുന്നത്.

ഉദ്ഘാടന ദിവസമായ 11ന് പ്രശസ്ത ഗായിക റിമ്മി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പഞ്ചവാദ്യം, പേരാമ്പ്ര മാതാ തിയേറ്റേഴ്‌സിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവയുണ്ടാകും. നിര്‍മ്മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡിഷോയും ആദ്യ ദിനം പ്രധാന വേദിയിലെത്തും.

12ന് തേജ് മെര്‍വിന്‍ ബാന്റ് ഒരുക്കുന്ന സിതാര കൃഷ്ണകുമാറിന്റെ സംഗീത സായാഹ്നം സ്റ്റേജിലെത്തും. ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സിനോവ്, ആകാശ്, ആതിര എന്നിവരാണ് മറ്റ് ഗായകര്‍. കൊച്ചി ധ്വനി തരംഗിലെ ബിജു സേവ്യര്‍ അണിയിച്ചൊരുക്കുന്ന വിഷ്ണുപ്രിയ, കൃഷ്ണപ്ര”ടീമിന്റെ നൃത്തപരിപാടിയാണ് രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. 13ന് പ്രധാന വേദിയില്‍ നീരവ് ബവ്‌ലേജയും സംഘവും ഡാന്‍സ് അവതരിപ്പിക്കും. ഗുജറാത്തി നാടോടി നൃത്തം, ദേവരാജന്റെ കോമഡി ഷോ എന്നിവയാണ് മറ്റ് ഇനങ്ങള്‍.
14ന് പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍ പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത പരിപാടി ഒരുക്കും. മാത പേരാമ്പ്രയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീതവും അരങ്ങിലെത്തും. പ്രശസ്ത സംഗീത ട്രൂപ്പായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയോടെ സെപ്തംബര്‍ 15ന് ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാവും.