Connect with us

Wayanad

വകയിരുത്തുന്നത് കോടികള്‍; കാട് പിടിച്ച് മരവയലിലെ സ്റ്റേഡിയം

Published

|

Last Updated

കല്‍പ്പറ്റ: എല്ലാ പദ്ധതികളെയും പോലെ കോടികള്‍ വകയിരുത്തുന്നുണ്ടെങ്കിലും ജില്ലാ സ്‌റ്റേഡിയത്തിന് അവഗണന മാത്രം. 2009-10 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 3.90 കോടി വകയിരുത്തിയതിനു പിന്നാലെ ഇത്തവണയും കോടികളാണ് ജില്ലാ സ്‌റ്റേഡിയത്തിന് മാറ്റിവച്ചത്. അഞ്ചു കോടി രൂപ നീക്കിവച്ചതല്ലാതെ കാടുപിടിച്ചു കിടക്കുന്ന സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. കാല്‍നൂറ്റാണ്ടു മുമ്പ് തുടക്കമിട്ട പദ്ധതിയാണ് ഇപ്പോഴും വിസ്മൃതിയില്‍ തുടരുന്നത്. ഒരു വിവാദവുമില്ലാതെ ജില്ലാ സ്‌റ്റേഡിയത്തിന് മുണ്ടേരി മരവയലില്‍ എട്ടേക്കര്‍ ഭൂമി സൗജന്യമായി ലഭിച്ച് 27 വര്‍ഷമായിട്ടും സ്‌റ്റേഡിയം പോയിട്ട് നൂറുമീറ്റര്‍ ട്രാക്ക് പോലും വന്നില്ല. എം ജെ വിജയപത്മനാണ് സ്ഥലം വിലക്കു വാങ്ങി സ്‌റ്റേഡിയത്തിന് നല്‍കിയത്.
കായികമേഖലയില്‍ ജില്ലയുടെ കുതിപ്പ് ലക്ഷ്യമിട്ടാണ് സ്‌റ്റേഡിയം എന്ന ആശയം കൊണ്ടുവന്നത്. പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലാതെ ആദിവാസി വിഭാഗത്തിലടക്കമുള്ള കായികതാരങ്ങളുടെ കഴിവുകള്‍ തുടക്കത്തിലേ കരിയുന്നത് ഒഴിവാക്കി നേട്ടങ്ങള്‍ കൊയ്യുകയായിരുന്നു ലക്ഷ്യം. സ്ഥലം ലഭ്യമായെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. കായികപ്രേമികളുടെ ദീര്‍ഘകാലത്തെ മുറവിളിക്കു ശേഷമാണ് 2009-2010 വര്‍ഷം 3.90 കോടി രൂപ വകയിരുത്തിയത്. പോലിസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചു. ഗ്രൗണ്ട് നിരപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങിവച്ച് കോര്‍പറേഷന്‍ പണി അവസാനിപ്പിച്ചു. അഡ്വാന്‍സ് തുക കൈപ്പറ്റിയശേഷമാണ് കോര്‍പറേഷന്‍ പ്രവൃത്തി ഉപേക്ഷിച്ചത്.
പിന്നീട് സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികളും ഇതുവരെ ഉണ്ടായില്ല. പ്രവൃത്തി സംബന്ധിച്ച് പോലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ അന്വേഷിച്ചാല്‍ വ്യക്തമായ മറുപടി പോലുമില്ല.
കല്‍പ്പറ്റ നഗരത്തില്‍ നിന്നു മൂന്നുകിലോമീറ്റര്‍ അകലെയുള്ള നിര്‍ദ്ദിഷ്ട സ്‌റ്റേഡിയം ഭൂമി കാടുമൂടി കിടക്കുകയാണ്. സാമൂഹികവിരുദ്ധര്‍ ഇവിടെ തമ്പടിക്കുന്നുമുണ്ട്. പരീശീലനത്തിന് നല്ല ഒരു ഗ്രൗണ്ട് പോലുമില്ലാതെ ജില്ലയിലെ കായികതാരങ്ങള്‍ വലയുമ്പോഴാണ് ജില്ലാ സ്‌റ്റേഡിയത്തിന് ഈ ദുര്‍ഗതി.
സ്ഥലപരിമിതിയില്‍ ജില്ലാ സ്‌കൂള്‍ കായികമേള പോലും നടത്താന്‍ വിഷമിക്കുകയാണ്. മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് ആകെ 400 മീറ്റര്‍ ട്രാക്കുള്ളത്. മിക്കവാറും ഇവിടെയാണ് കായികമേളകള്‍ നടത്തുന്നത്. സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ മൈതാനവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു സ്‌റ്റേഡിയത്തില്‍ വിഭാവനം ചെയ്തിരുന്നത്്. കുഴികളും ചരിവുകളും നിറഞ്ഞ സ്‌കൂള്‍ മുറ്റങ്ങളില്‍ ഓടിയും ചാടിയും പരിശീലിച്ചാണ് വയനാടന്‍ താരങ്ങള്‍ ദേശീയ തലത്തില്‍ വരെ മികവ് തെളിയിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഒ പി ജെയ്ഷയടക്കമുള്ളവര്‍ വയനാടിന്റെ പരാധീനതകളോട് പടവെട്ടി മുന്നേറിയവരാണ്. ദീര്‍ഘദൂര ഓട്ടത്തില്‍ വയനാട്ടുകാര്‍ നേരത്തെതന്നെ സംസ്ഥാന-ദേശീയ മെഡലുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്പ്രിന്റിലും ത്രോ ഇനങ്ങളിലും പ്രതീക്ഷയുള്ള താരങ്ങള്‍ വളരുന്നുണ്ട്. ഫുട്‌ബോള്‍, അമ്പെയ്ത്ത്, ടേബിള്‍ ടെന്നീസ്, ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും ജില്ലയുടെ വളര്‍ച്ച ദ്രുതഗതിയിലാണ്.

Latest