Connect with us

Kerala

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

Published

|

Last Updated

തിരുവനന്തപുരം: തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.തൊഴിലാളി യൂനിയനുകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം തളളിക്കളഞ്ഞു കൊണ്ടാണ് കേന്ദ്ര തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം വേതനം, ബോണസ് എന്നിവ ഭാഗികമായി അംഗീകരിച്ചപ്പോള്‍ വിദേശനിക്ഷേപത്തിനായുള്ള പുതുക്കിയ നയം പുനഃപരിശോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. മിനിമം വേതനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തള്ളിയ തൊഴിലാളി സംഘടനകള്‍ നിലവിലെ വാഗ്ദാനങ്ങളുടെ പേരില്‍ പണിമുടക്ക് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി. അതേസമയം പണിമുടക്കില്‍നിന്നു പിന്മാറുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടനയായ ബി എം എസ് അറിയിച്ചു.
ബേങ്ക്, സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ പൊതുമേഖലയിലെ ഫാക്ടറി ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുമെന്ന് യൂനിയനുകള്‍ അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ജീവനക്കാരും പണിമുടക്കിന് പിന്തുണ അറിയിച്ചു. ഇതോടെ ബേങ്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ഫാക്ടറികള്‍, പൊതുഗതാഗത സംവിധാനം തുടങ്ങിയവയെ പണിമുടക്ക് ബാധിക്കും. രാജ്യത്തെ തൊഴിലാളികളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന ഇന്‍ഷ്വറന്‍സ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ വിദേശനിക്ഷേപം വരുന്നതുള്‍പ്പെടയുള്ള 12 ഇന അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ പ്രമുഖ ട്രേഡ് യൂനിയനുകളുടെ സര്‍വീസ് സംഘടനകളും പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നത് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഈ ആവശ്യം. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവവരെ തടയില്ല.

Latest