Connect with us

Malappuram

തെരുവ് നായ പ്രതിരോധത്തിന് കര്‍മപദ്ധതി

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ തെരുവുനായകളെ പ്രതിരോധിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കും. ഇന്നലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനാധ്യക്ഷന്‍മാരും സെക്രട്ടറിമാരും വൈറ്റിനറി ഡോക്ടര്‍മാരും മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം.
തെരുവുനായകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
പഞ്ചായത്തുകളുടെ പദ്ധതിയില്‍ തെരുവുനായ നിയന്ത്രണത്തിന് തുക കണ്ടെത്താത്ത പഞ്ചായത്തുകള്‍ അതിന് തുക കണ്ടെത്തണമെന്ന് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.
വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ചുരുക്കം ചില പഞ്ചായത്തുകളിലേ ഇത് നിലവിലുള്ളൂ. അതിനാല്‍ എല്ലാ പഞ്ചായത്തുകളിലും വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് തല കമ്മിറ്റികള്‍ രൂപവത്കരിച്ചത് ജില്ലയിലെ 16 പഞ്ചായത്തുകളില്‍ മാത്രമാണ്. ബാക്കിയുള്ള പഞ്ചായത്തുകളില്‍ കൂടി ഇത് ഉടന്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശം നല്‍കി.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി അവയെ നിശ്ചിത ദിവസത്തേക്ക് പാര്‍പ്പിക്കുവാന്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതും ജില്ലയില്‍ നടപ്പാക്കും. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.