Connect with us

Malappuram

ചോക്കാടില്‍ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് സി പി എം നീക്കം

Published

|

Last Updated

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരെ സി പി എം അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ആനിക്കാട്ടില്‍ ഉണ്ണികൃഷ്ണനാണ് ചോക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ സി പി എം അംഗമാണ് പഞ്ചായത്ത് പ്രസിഡന്റായത്. എന്നാല്‍ സി പി എമ്മിലെ വിഭാഗീയത കാരണം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമാണ് വൈസ് പ്രസിഡന്റായത്. കോണ്‍ഗ്രസിന് എട്ടും സി പി എമ്മിന് ആറും ലീഗിന് നാലും അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തില്‍ മുന്നണി സംവിധാനം ഇല്ലാതെ ത്രികോണ മത്സരമാണ് നടന്നത്. സി പി എമ്മും ലീഗും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് 2016 ജനുവരി ഒന്നിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരം നടന്നത്. എന്നാല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാളിയേക്കല്‍ പ്രദേശത്തെ അവഗണിച്ചതായി ആരോപിച്ച് സി പി എമ്മിലെ മൂന്ന് അംഗങ്ങള്‍ വിട്ട് നിന്നതോടെയാണ് കോണ്‍ഗ്രസ് അംഗം വിജയിച്ചത്.
മുന്നണി സംവിധാനം പുന:സ്ഥാപിക്കാന്‍ യു ഡി എഫ് നേതൃത്വം നീക്കം ഊര്‍ജിതമാക്കിയതിനിടെയാണ് സി പി എം നേതൃത്വം അവിശ്വാസത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ലോക്കല്‍ കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തതായിട്ടാണ് അറിയുന്നത്. എന്നാല്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ലോക്കല്‍ സെക്രട്ടറി ടി സുരേഷ്‌കുമാര്‍ പറഞ്ഞത്. മുസ്‌ലിം ലീഗ് നേതൃത്വവും ഇത് സംബന്ധിച്ച് സി പി എമ്മുമായി കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും അറിയിച്ചു.
പഞ്ചായത്തിലെ വിചിത്ര ഭരണ സംവിധാനം ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഒമ്പത് മാസമായി പ്രതിപക്ഷമില്ലാത്ത ഭരണ സമിതിയാണെങ്കില്‍ കൂടി പഞ്ചായത്തിന് വികസന കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ആറ് മാസം കഴിഞ്ഞാല്‍ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സി പി എം അഭിപ്രായ സമന്വയത്തിലെത്താതാണ് വൈകാന്‍ കാരണം.

Latest