Connect with us

Gulf

ഏറ്റവും വലിയ വിമാന ഇടപാടിന് ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

ദോഹ: ഏറ്റവും വലിയ വിമാന ഇടപാടിന് ഒരുങ്ങി ഖത്വര്‍ എയര്‍വേയ്‌സ്. ബോയിംഗ്, എയര്‍ ബസ് എന്നീ കമ്പനികളില്‍ നിന്നായി ജെറ്റ് വിമാനങ്ങളാണ് ഖത്വര്‍ എയര്‍വേയ്‌സ് വാങ്ങുന്നത്. ഏറ്റവും വലിയ വിമാന ഇടപാട് ഉടനെയുണ്ടാകുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വിമാനങ്ങളുടെ എണ്ണവും ഇനങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

കമ്പനിയുടെ വിമാനങ്ങളുടെ ശരാശരി പഴക്കം വല്ലാതെ നീളാതിരിക്കാന്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നത് ഖത്വര്‍ എയര്‍വേയ്‌സ് തുടരുന്ന നയമാണെന്ന് അല്‍ ബാകിര്‍ പറഞ്ഞു. പഴക്കമുള്ളത് മാറ്റുകയും ചെയ്യും. എന്‍ജിന്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇടപാട് നിര്‍ത്തിവെച്ച 80 എയര്‍ബസ്, എ320 നിയോ വിമാനങ്ങള്‍ക്ക് പകരം ബോയിംഗിന്റെ 737 മാക്‌സ് വാങ്ങുന്നതിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. ഇറ്റാലിയന്‍ കമ്പനിയായ മെരിഡിയാന ഫ്‌ളൈ സ്പായുടെ വിമാനങ്ങള്‍ പുതുക്കുന്നതിന് കമ്പനി സഹായിക്കും. ഇറ്റാലിയന്‍ കമ്പനിയില്‍ 49 ശതമാനം ഓഹരി ഖത്വര്‍ എയര്‍വേയ്‌സിന്റെതാണ്. ഖത്വര്‍ എയര്‍വേയ്‌സിന്റെ ഈ ഇടപാട് കാരണമായി വിപണിയില്‍ പുതിയ പ്രവണതകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ലോകത്തെ വിവിധ വിമാന കമ്പനികള്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനി നിര്‍മിച്ച എന്‍ജിന്റെ കൂളിംഗ് പ്രശ്‌നത്തെ തുടര്‍ന്ന് ഇതുവരെ മൂന്ന് എ320 നിയോ വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് വിസമ്മതിച്ചിട്ടുണ്ട്. ഈ ഇടപാടിന്റെ ഭാവി കാര്യങ്ങള്‍ അല്‍ ബാകിര്‍ വിശദീകരിച്ചിട്ടില്ല.
വലിയ വിമാനങ്ങളുടെ ഇന്റീരിയര്‍ ഫിറ്റിംഗ് വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ എ350 വിമാനങ്ങള്‍ കമ്പനികള്‍ക്ക് നല്‍കാന്‍ എയര്‍ബസ് പ്രയാസപ്പെടുകയാണ്. ജെറ്റിന്റെ ആദ്യ ഉപഭോക്താവായ ഖത്വര്‍ എയര്‍വേയ്‌സിന് ഇപ്പോള്‍ അഞ്ച് വിമാനങ്ങളുടെ ദൗര്‍ലഭ്യമുണ്ട്. വിമാനങ്ങള്‍ സമയത്തിന് ലഭിക്കാത്തത് വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എ350 വിമാനങ്ങളുടെ കുറവ് വലിയ ആഘാതമാണ് കമ്പനിക്കുണ്ടാക്കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ നേരത്തെ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ തയ്യാറാകണമെന്നും അല്‍ ബാകിര്‍ പറഞ്ഞു.

Latest