Connect with us

Gulf

മൊബൈല്‍ ഗെയിം കുട്ടികളുടെ സ്വഭാവ വൈകല്യത്തിന് കാരണമാകുന്നു

Published

|

Last Updated

ദോഹ: മൊബൈല്‍ ഗെയിമുകളില്‍ കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്വഭാവവൈകല്യത്തിന് കാരണമാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം ഗെയിം കളിക്കുന്നതിനാല്‍ ദേഷ്യവും ആക്രമണ സ്വഭാവവും കുട്ടികളില്‍ കണ്ടുവരുന്നതായി ഖത്വര്‍ ഫൗണ്ടേഷന്‍ അംഗമായ ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്റര്‍ (സി സി സി) നടത്തിയ പഠനം തെളിയിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം കുട്ടികളില്‍ ഇത്തരം പ്രവണതകള്‍ കണ്ടുവരുന്നുണ്ട്.

85 ശതമാനം കുട്ടികളും ദിവസവും മൊബൈല്‍ ഗെയിം കളിക്കുന്നുണ്ട്. 96 ശതമാനത്തിനും ഗെയിം കളിക്കുന്നതിന് സ്വന്തമായി മൊബൈലോ ടാബോ ഉണ്ട്. രക്ഷിതാക്കളും കുട്ടികളും അടക്കം 500 പേരിലാണ് സര്‍വേ നടത്തിയത്. ഗെയിം കളിക്കാന്‍ തുടങ്ങിയാല്‍ ശരാശരി മൂന്ന് മണിക്കൂര്‍ നേരമാണ് 75 ശതമാനം പേരും ചെലവഴിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ 55 ശതമാനമാണ്. പൊണ്ണത്തടി, അമിതഭാരം, പേശീ തളര്‍ച്ച, കാഴ്ച പ്രശ്‌നം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ 28 ശതമാനമാണ്. ഈ ആരോഗ്യപ്രശ്‌നങ്ങളില്‍ മൊബൈല്‍ ഗെയിം പ്രവണതക്ക് വലിയ പങ്കുണ്ട്.

അതേസമയം, മിതമായ രീതിയില്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ഗെയിം വഴി വിജ്ഞാനം, ഭാഷാ- ആശയവിനിമയ കഴിവ്, സാമൂഹിക സമ്പര്‍ക്കം എന്നിവയുടെ വളര്‍ച്ച വിശ്വാസവും ആത്മവിശ്വാസവും വളര്‍ത്തുക തുടങ്ങിയവും നേടിയെടുക്കാന്‍ സാധിക്കും. കുട്ടികളോടൊത്ത് ഗെയിം കളിക്കുന്ന രക്ഷിതാക്കള്‍ 44 ശതമാനമാണ്. അപൂര്‍വമായി ചെയ്യുന്നവര്‍ 56 ശതമാനമാണ്. പതിനഞ്ച് ശതമാനം കുട്ടികള്‍ ഗെയിമുകള്‍ സ്വന്തം നിലക്ക് വാങ്ങുന്നുണ്ട്. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം 69 ശതമാനമാണ്. കഴിവ് വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് 39 ശതമാനമാണ്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇലക്‌ട്രോണിക് ഗെയിമുകളുടെ പ്രവേശനത്തില്‍ നിരീക്ഷണം നടത്താന്‍ ബന്ധപ്പെട്ട അധികൃതരോട് സെന്റര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഗെയിമുകള്‍ വാങ്ങുന്ന കുട്ടികളുടെ വയസ്സ് നിര്‍ണയിക്കാന്‍ നിയമം കൊണ്ടുവരണം. വയസ്സ് പരിഗണിക്കാതെ കുട്ടികള്‍ക്ക് ഗെയിമുകള്‍ വില്‍ക്കുന്നത് ഷോപ്പുകള്‍ അവസാനിപ്പിക്കണം. കര്‍മശേഷിയും കഴിവുകളും വളര്‍ത്തുന്ന മികച്ച ഗെയിമുകള്‍ മാത്രം കുട്ടികള്‍ ഉപയോഗിക്കുന്നത് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തണമെന്നും സെന്റര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.