Connect with us

Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് ഘടനയില്‍ ധാരണയായി

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഘടനയില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയായി. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് വര്‍ധിപ്പിച്ചാണ് ധാരണയിലെത്തിയത്. ധാരണപ്രകാരം സര്‍ക്കാറിന് വിട്ടുകൊടുത്ത അമ്പത് ശതമാനത്തിലെ ആദ്യ 20 ശതമാനം സീറ്റുകളിലെ ഫീസ് നിരക്കില്‍ വ്യത്യാസമില്ല. ബാക്കി വരുന്ന 30 ശതമാനം സീറ്റുകളില്‍ രണ്ടര ലക്ഷം രൂപയായിരിക്കും ഫീസ്.

ഇത് നാലര ലക്ഷം രൂപയാക്കണം എന്നായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികളുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 1.8 ലക്ഷം എന്നതില്‍ നിന്ന് 30 ശതമാനം വര്‍ധന വരുത്തി രണ്ടര ലക്ഷം രൂപയാക്കി തീരുമാനത്തിലെത്തുകയായിരുന്നു.

ബാക്കി വരുന്ന അമ്പത് ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ വലിയ വര്‍ധനവ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ എട്ടരലക്ഷം എന്ന ഫീസ് ഉയര്‍ത്ത് 11 ലക്ഷമാക്കി സര്‍ക്കാറുമായി തീരുമാനത്തിലെത്തുകയായിരുന്നു.

ഡെന്റല്‍ പ്രവേശനത്തിലെ അമ്പത് ശതമാനം മെറിറ്റ് സീറ്റുകളിലെ ആദ്യ 20 ശതമാനം സീറ്റുകളില്‍ രണ്ട് തരത്തിലാണ് ഫീസ് നിരക്ക്. ഇതില്‍ ആദ്യത്തെ ആറ് ശതമാനം സീറ്റുകളില്‍ 23000 രൂപയും ബാക്കിയുള്ള 14 ശതമാനം സീറ്റുകളില്‍ 44000 രൂപയും ആയിരിക്കും ഫീസ്. പിന്നീട് വരുന്ന മുപ്പത് ശതമാനം സീറ്റുകളില്‍ 2.10 ലക്ഷം രൂപയായിരിക്കും ഫീസ്.

ഡെന്റല്‍ പ്രവേശനത്തിലെ ബാക്കിവരുന്ന 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലും രണ്ട് തരത്തിലാണ് ഫീസ്. ഇതില്‍ ആദ്യത്തെ 35 ശതമാനം സീറ്റുകളില്‍ അഞ്ച് ലക്ഷം രൂപയാണ് ഫീസ്. കഴിഞ്ഞ വര്‍ഷം 4.70 ലക്ഷമായിരുന്ന ഫീസാണ് അഞ്ച് ലക്ഷമായി ഉയര്‍ന്നത്. ബാക്കി വരുന്ന 15 ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ ആറ് ലക്ഷം രൂപയും നല്‍കണം.

വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫീസ് ഘടനയില്‍ ധാരണയായത്. 13 മാനേജ്‌മെന്റുകളുടെ പ്രതിനിധികളാണ് ധാരണയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ഷൈലജയാണ് വിവരങ്ങള്‍ അറിയിച്ചത്.

Latest