Connect with us

Editorial

കര്‍ഷകരുടെ ചേതം പരിഹരിക്കട്ടെ

Published

|

Last Updated

സിംഗൂരില്‍ ടാറ്റാ മോട്ടോര്‍സിന് നാനോ കാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ ഏറ്റെടുത്ത ആയിരം ഏക്കറോളം ഭൂമി ഉടമസ്ഥര്‍ക്ക് 12 ആഴ്ചകള്‍ക്കകം തിരിച്ചു നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് വലിയ അര്‍ഥതലങ്ങളുള്ള ഒന്നാണ്. ഭൂരഹിതരെന്ന നിലയില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കണക്കിലെടുത്ത്, നല്‍കിയ നഷ്ടപരിഹാരം സര്‍ക്കാര്‍ തിരിച്ചു വാങ്ങാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ പോലെ ഒരു സംസ്ഥാനത്ത് വ്യവസായ വികസനത്തിന്റെ പാത കൂടി തിരഞ്ഞെടുക്കാനുള്ള ബുദ്ധദേവ് ഭട്ടാചാര്യയുടെ തീര്‍പ്പിനെ ഒറ്റനോട്ടത്തില്‍ കുറ്റം പറയാനാകില്ല. തൊഴിലില്ലായ്മ, ശുഷ്‌കമായ സാമൂഹിക വികസനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി അഭിമുഖീകരിച്ച ഒട്ടനവധി പ്രതിസന്ധികളെ വ്യവസായ സാധ്യതകള്‍ കൊണ്ട് പൂരിപ്പിക്കാനാകുമോ എന്ന സ്വാഭാവിക അന്വേഷണമാണ് നടന്നത്. എന്നാല്‍, അതിന്റെ രീതി പ്രതിലോമപരമായി എന്നിടത്ത് പ്രശ്‌നങ്ങള്‍ തുടങ്ങി. മണ്ണിന്റെ ഉടമകളോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ന്യായമല്ലായിരുന്നു.
സിംഗൂര്‍ വിഷയത്തില്‍ സി പി എം വലിയ വിചാരണ നേരിടേണ്ടിവന്നിട്ടുണ്ട്. അവര്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ എന്നും പറയാം. കാരണം, പാര്‍ട്ടി തന്നെ കനത്ത വിലകൊടുത്ത് നടന്നുതീര്‍ത്ത വഴികളാണ് അവര്‍ സ്വയം റദ്ദാക്കിയത്. നടപടികളിലൂടെ സ്വന്തം നിലപാടുകളെ അവര്‍ തള്ളിപ്പറയുകയും ചെയ്തു. ഒരു കര്‍ഷകനെ മനസ്സിലാക്കാന്‍, മണ്ണിനോടുള്ള അവന്റെ വൈകാരികതയെ അളന്നെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയേണ്ടിയിരുന്നു. അതുണ്ടായില്ല.

അതേസമയം, എന്തുകൊണ്ട് സി പി എം ഇങ്ങനെ ചെയ്തു എന്നിടത്ത് സ്തംഭിച്ചുനിന്നു ചര്‍ച്ചകള്‍. എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇങ്ങനെ പെരുമാറുന്നു എന്ന് ആരും ചോദിച്ചില്ല.ഭൂമി ഏറ്റെടുത്തത് “പൊതു ആവശ്യമാണോ” എന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ അന്തരമുണ്ട്. എപ്പോഴാണ് ഒരു കാര്യം “പൊതു” ആവശ്യമാകുന്നത്? കുറച്ച് പേര്‍ക്ക് തൊഴില്‍ വാഗ്ദാനം വരുമ്പോഴേക്ക് ഒരു വ്യവസായം “പൊതു” ആകുമോ? ടാറ്റയുടെ ആവശ്യം എങ്ങനെയാണ് നാടിന്റെ പൊതു ആവശ്യമാകുന്നത്? വ്യവസായം ഔദ്യോഗിക വ്യവസ്ഥയായ ഒരു കാലത്ത് കര്‍ഷകന്റെ സ്ഥാനം എവിടെയാണ്? അധികാരികളെ പ്രകോപിക്കുന്ന~ഒരുപാട് ചോദ്യങ്ങള്‍ക്ക് വിധിപ്രസ്താവം വഴിവെക്കുന്നുണ്ട്.

വ്യവസായവും കൃഷിയും തമ്മിലുള്ള സംഘര്‍ഷം ഒരു സിംഗൂരിന്റെയോ സി പി എമ്മിന്റെയോ മാത്രം പ്രശ്‌നമല്ല. കൃഷി രാജ്യത്തിന്റെ നട്ടെല്ലാണ് എന്നു പറയുമ്പോഴും ആ എല്ലിന്‍കൂട് കൊണ്ട് മാത്രം എല്ലാം സാധ്യമല്ലല്ലോ. വ്യാവസായവും അനുബന്ധ കാര്യങ്ങളും വേണം. കാര്‍ഷിക ഉത്പന്നങ്ങള്‍ തന്നെ മൂല്യവര്‍ധിത വിഭവങ്ങളായി തരം മാറുന്നത് വ്യവസായ ശാലകളില്‍ വെച്ചാണ്. അതേസമയം കൃഷി എന്ന മനുഷ്യന്റെ പുരാതന തൊഴിലിനെ തൃണവത്ഗണിക്കാനാകുകയുമില്ല. രണ്ടിനുമിടയില്‍ അനുരഞ്ജന നൂല്‍പ്പാലത്തിലൂടെ നീങ്ങുക എന്നതാണ് ഒരു സര്‍ക്കാറിന് നിവൃത്തിയുള്ളത്. പരസ്പര പൂരകമായ ഒരു നിലപാട് സ്വരൂപിച്ചേ മുന്നോട്ട് പോകാന്‍ കഴിയൂ.

കൃഷിയെയും കര്‍ഷകരെയും അവജ്ഞയുടെ ചെളിപ്പാടത്തേക്ക് ഉന്തിത്തള്ളിയിടുന്ന പുതിയ വികസന രാഷ്ട്രീയത്തിനു മേലുള്ള പ്രഹരം കൂടിയായി വിധിയെ വിലയിരുത്താം. “ജയ് ജവാന്‍ ജയ് കിസാന്‍” മുദ്രാവാക്യങ്ങളൊക്കെ ആര്‍ക്കുവേണം ഇക്കാലത്ത്? കിസാനെ ആര്‍ക്കും വേണ്ട. വ്യവസായത്തിലും വ്യാവസായവത്കരണത്തിലും മാത്രമായി അധികാരികളുടെ ചിന്ത. മാത്രമല്ല, കൃഷിയെ തന്നെ കുത്തകകള്‍ വ്യവസായമായി പരാവര്‍ത്തനം ചെയ്യുന്ന ദുരന്തവും നാം കാണുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഈ നാട്ടില്‍ കൃഷിക്കും ഒരിടമുണ്ടെന്ന് ഭരണകൂടം തിരിച്ചറിയണം.

അതേസമയം, ഇടതുപക്ഷത്തിന്റെ പിഴവായി എന്നത് കൊണ്ട് മാത്രം സിംഗൂര്‍ ഒച്ചപ്പാടായതിന്റെ രാഷ്ട്രീയവും കാണാതിരിക്കരുത്. സിംഗൂരില്‍ നിന്ന് പിന്‍വാങ്ങിയ ടാറ്റ ഗ്രൂപ്പിന് നാനോ യൂനിറ്റ് തുടങ്ങുന്നതിന് ഗുജറാത്തിലെ സാനന്ദില്‍ 1,100 ഏക്കര്‍ സ്ഥലം മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ചതുരശ്ര മീറ്ററിന് 900 രൂപക്കാണ് ഭൂമി അനുവദിച്ചത്. വിപണിയില്‍ 10,000 രൂപ വിലയുണ്ടായിരുന്നു ഇതിന്. ഭൂമി കുറഞ്ഞ വിലക്ക് നല്‍കുക വഴി ടാറ്റ ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ നല്‍കിയ ലാഭം 33,000 കോടി രൂപ. ബംഗാളില്‍ കര്‍ഷകര്‍ക്ക് വേണ്ടി വാദിച്ചവര്‍ പക്ഷേ, ഗുജറാത്തിലെത്തിയപ്പോള്‍ ടാറ്റയുടെ വരവിനെ വികസനത്തിന്റെ ആഘോഷമാക്കി തരംമാറ്റി. സാനന്ദില്‍ ഭൂമി ഏറ്റെടുത്തത് ചോദ്യം ചെയ്ത് കര്‍ഷകര്‍ സമര്‍പ്പിച്ച ഹരജി തള്ളുമ്പോള്‍ സുപ്രീം കോടതി പറഞ്ഞത് ഏറ്റെടുത്തതിന് ശേഷം പരാതി പറയുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു.

വ്യവസായം തുടങ്ങുന്നതിന് സര്‍ക്കാര്‍ എവിടെ സ്ഥലം കണ്ടെത്തുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ നെഞ്ചില്‍ കൈ വെച്ചത്. എന്നിട്ടും ആരും അത് ഏറ്റെടുത്തില്ല. സിംഗൂരിലെ വീഴ്ചക്ക് സി പി എം നല്‍കേണ്ടിവന്ന വില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളോട് സ്വീകരിക്കേണ്ട നിലപാടുകള്‍ രൂപവത്കരിക്കുന്നതില്‍ പാഠമാകേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. അടിസ്ഥാനപരമായി ഭൂമിയുടെ അവകാശികള്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വിധിയിലുണ്ടെന്ന് ആശ്വസിക്കാം. കര്‍ഷകന്റെ സാമൂഹിക മാന്യതക്കുള്ള അംഗീകാരമായും ഇതിനെ കാണാം.