Connect with us

National

റെയില്‍വേ വികസനത്തിന് സംയുക്ത സംരംഭം;കേരളവും റെയില്‍വേയും കരാര്‍ ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സംയുക്ത സംരംഭം രൂപവത്കരിക്കാനുള്ള ഉഭയകക്ഷി കരാറില്‍ കേരളവും റെയില്‍വേയും ഒപ്പുവെച്ചു. ഡല്‍ഹി റെയില്‍വേ ഭവനില്‍ നടന്ന ചടങ്ങില്‍ കേരളത്തിന് വേണ്ടി സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും റെയില്‍വേക്ക് വേണ്ടി റെയില്‍വേ ബോര്‍ഡ് വര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് സി ജെയ്‌നുമാണ് കരാര്‍ ഒപ്പുവെച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ കെ മിത്തല്‍, കേരള ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, റാപിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ ആര്‍ ടി എസ്) പ്രൊജക്ട് ഡയറക്ടര്‍ ടോമി സിറിയക്കും ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ സര്‍വീസ്, അങ്കമാലി- ശബരി, നിലമ്പൂര്‍- നഞ്ചന്‍കോട്, ഗുരുവായൂര്‍- തിരുനാവായ, കൊച്ചി- മധുര, തലശ്ശേരി- മൈസൂര്‍ റെയില്‍ പാതകള്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റെയില്‍ കണ്ടെയ്‌നര്‍ ട്രാക്ക്, പാലക്കാട് റെയില്‍കോച്ച് ഫാക്ടറിയുടെ നിര്‍മാണം തുടങ്ങി എട്ട് പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ പരിഗണനയിലുള്ളത്. ഇതിന് ഓരോ പദ്ധതി നടപ്പാക്കുമ്പോഴും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കണം.

സംയുക്ത സംരംഭത്തില്‍ 49 ശതമാനം മൂലധനം റെയില്‍വേയും 51 ശതമാനം മൂലധനം കേരളവുമാണ് മുതല്‍മുടക്കുന്നത്. സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികളുടെ ചെലവ് പങ്കുവെക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി 27ന് ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ വകുപ്പുമായി ഒപ്പുവെച്ചിരുന്നു. ഇതിന്റെ അനുബന്ധ നടപടിയെന്ന നിലയിലാണ് ഡല്‍ഹിയില്‍ സംയുക്തമായി കമ്പനി രൂപവത്കരിക്കുന്നതിന് കരാര്‍ ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം നൂറ് കോടിരൂപയാണ് കമ്പനിയുടെ മൂലധനം. ഇതിനായി സംസ്ഥാന ബജറ്റില്‍ അമ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കമ്പനി രൂപവത്കരണത്തിന് അംഗീകാരം നല്‍കിയത്.
കേരളത്തിന് 51 ശതമാനം പങ്കാളിത്തമുള്ള കമ്പനിയില്‍ ഒരു മാനേജിംഗ് ഡയറക്ടറും രണ്ട് ഡയറക്ടര്‍മാരും ആറ് പാര്‍ട്ട് ടൈം ഡയറക്ടര്‍മാരുമാണ് ഉണ്ടാകുക. ഇതില്‍ രണ്ട് പേര്‍ വീതം റെയില്‍വേയുടേയും കേരളത്തിന്റെയും പ്രതിനിധികളായിരിക്കും. രണ്ട് പേര്‍ പുറമെ നിന്നുള്ള വിദഗ്ധരായിരിക്കും.

പദ്ധതികളുടെ നടത്തിപ്പ് അധികാരം റെയില്‍വേക്കാണെന്നതിന് അംഗീകാരം നല്‍കുന്നതിനായി കമ്പനി രൂപവത്കരിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മുപ്പത് വര്‍ഷത്തേക്ക് റെയില്‍വേയുമായി കണ്‍സഷന്‍ കരാര്‍ വീണ്ടും ഒപ്പുവെക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുള്ള പദ്ധതികള്‍ക്ക് വിഴിഞ്ഞത്തിന് ലഭിച്ച രീതിയില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സംരംഭക മൂലധനത്തിനും (വയബിലിറ്റി ഗ്യാപ്പ് ഫണ്ട്) ലഭിക്കാനും അര്‍ഹതയുണ്ടായിരിക്കും. ഇതാണ് കരാറിന്റെ പ്രധാന നേട്ടം.

കേരളത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ക്ക് പണംകണ്ടെത്താനുള്ള ബാധ്യത റെയില്‍വേക്കൊപ്പം സംസ്ഥാനത്തിനുമുണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാറിന് താത്പര്യമുള്ള ഏത് റെയില്‍വേ പദ്ധതിയും നിര്‍ദേശിക്കാനും നടത്തണമെന്ന് ആവശ്യപ്പെടാനും അവസരം ലഭിക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest