Connect with us

Editorial

ഇത് തന്നെയല്ലേ രാഷ്ട്രീയ ആത്മഹത്യ?

Published

|

Last Updated

ബ്രോയിലര്‍ കോഴികളെ ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന് ഒത്താശ ചെയ്തതിലൂടെയും ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കിയതിലൂടെയും കോടികളുടെ വെട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കോഴിക്കച്ചവടക്കാര്‍ സര്‍ക്കാറില്‍ ഒടുക്കാനുണ്ടായിരുന്ന 65 കോടി രൂപ പിഴ ഒഴിവാക്കാന്‍ 50 ലക്ഷം രൂപയും മരുന്നു കമ്പനികള്‍ക്ക് 150 കോടി നികുതി കുറച്ചുകൊടുത്തതിലൂടെ 15 കോടിയും മാണി കൈപ്പറ്റിയെന്നാണ് ആരോപണം. മാണിയെ ചോദ്യം ചെയ്തതിനു പിറകെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ബാര്‍കോഴ തുടരന്വേഷണത്തിന്റെ ഭാഗമായി മാണിക്കെതിരായ പരാതികള്‍ വിജിലന്‍സ് പരിശോധിക്കുകയായിരുന്നു. മാണിയുടെയും ബന്ധുക്കളുടെയും ബേങ്ക് അക്കൗണ്ടുകളും മറ്റ് ആസ്തികളും സ്വത്തുവിവരങ്ങളും അന്വേഷിക്കാനും തീരുമാനമുണ്ട്. മന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. സ്വര്‍ണക്കച്ചവടക്കാരില്‍ നിന്നും അരി മില്ലുകാരില്‍ നിന്നും നികുതി ഇളവിനായി കോഴ വാങ്ങിയെന്ന പരാതിയും ഉണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം മുന്‍ കാലങ്ങളില്‍ അവഗണിക്കപ്പെട്ടു. ഭരണം മാറിയ ശേഷവും പരാതികള്‍ വന്നു. ഇതിന്റെ തുടര്‍ച്ചയാ ണ് ഇപ്പോഴത്തെ എഫ് ഐ ആര്‍.
ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിട്ടും ഒഴിവാക്കിക്കിട്ടാത്ത പിഴ തോംസണ്‍ ഗ്രൂപ്പിന് ഒഴിവാക്കിക്കൊടുത്തുവെന്നും പിഴ ഒഴിവാക്കിക്കൊടുക്കാന്‍ തയ്യാറാകാതിരുന്ന നികുതി വകുപ്പിലെ അപ്പീല്‍ ഡപ്യൂട്ടി കമ്മീഷണര്‍മാരെ പല തവണ മാറ്റിയെന്നും ആരോപണമുണ്ട്. നമ്മുടെ ഖജനാവ് നാം വിശ്വസിച്ചേല്‍പ്പിക്കുന്നവര്‍ അതിനെ എത്ര നിരുത്തരവാദപരവും ചൂഷണോത്സുകവുമായാണ് പരിപാലിക്കുന്നത് എന്ന് പറഞ്ഞുതരുന്നു ഈ ആക്ഷേപങ്ങള്‍. മാത്രമല്ല, ഒരാള്‍ക്കെതിരെ തന്നെ എത്രയെത്ര ആരോപണങ്ങളാണ്? ഒരു വിഷയത്തില്‍ തന്നെ എത്രയെത്ര ഇടപെടലുകള്‍? ഇവര്‍ക്കൊക്കെ എവിടെയാണ് ഭരിക്കാന്‍ നേരമുണ്ടാകുക? ദുരുപയോഗത്തിലധിഷ്ഠിതമായ ഇടപാടുകളും അതിന്റെ സൂത്രവിദ്യകളും ആലോചിക്കാന്‍ തന്നെ സമയം തികയുമോ? കേരള കോണ്‍ഗ്രസുകളെ എല്ലാം തന്റെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന് ആ പരിസരങ്ങളിലെ നില ഭദ്രമാക്കിയ കാലത്തെക്കുറിച്ചാണ് ആരോപണങ്ങളെല്ലാം എന്നത് ശ്രദ്ധേയമാണ്. ലയനത്തിനും ഐക്യത്തിനുമൊക്കെ ഇത്തരം ലക്ഷ്യങ്ങളും ഉണ്ടായിരുന്നോ എന്തോ!
വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള, നിരവധി തവണ ധനമടക്കം പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ഒരാള്‍ ഈയൊരു പ്രതിച്ഛായയില്‍ രാഷ്ട്രീയ സായാഹ്‌നം തള്ളിനീക്കേണ്ടിവരിക എന്നതു തന്നെ വലിയ ദുരന്തമാണ്. കഴിഞ്ഞ സര്‍ക്കാറില്‍ ധനവകുപ്പിനെതിരെ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സാമുദായിക പരിഗണനകള്‍ക്കനുസരിച്ചാണ് നീങ്ങിയതെന്ന് ആരോപണമുണ്ടായി. ആദ്യ ബജറ്റ് തന്നെ അസന്തുലിതമാണെന്ന് ആരോപണമുന്നയിച്ചത് മുന്നണിക്ക് പുറത്തുള്ളവരായിരുന്നില്ല. കേരളത്തെ ഒന്നായി കാണാതെ കുടിയേറ്റക്കാര്‍ക്കും സ്വന്തം സ്വാധീന മേഖലകള്‍ക്കും മാത്രം ഊന്നല്‍ നല്‍കി എന്നായിരുന്നു പരാതി. അറബി സര്‍വകലാശാലക്കെതിരെ ധനവകുപ്പ് ഇടംകോലിട്ടതും അന്ന് വാര്‍ത്തയായിരുന്നു. കൗശലവും വിലപേശലുമായി അതിലൊന്നും ഉലയാതിരുന്ന മാണി ബാര്‍ കോഴയിലാണ് വീണുപോയത്. ബജറ്റ് വിറ്റുവെന്ന് വരെ അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നു. വിമര്‍ശകരാകട്ടെ, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുണ്ടായിരുന്നവരോ അടുത്തറിയുന്നവരോ ആണെന്നത് ഈ കാര്യങ്ങള്‍ക്ക് വിശ്വാസ്യത നല്‍കി.
രാഷ്ട്രീയമായി കെ എം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് വിടാതെ പിടികൂടുന്ന അഴിമതി കേസുകള്‍. ഇത് സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന് വരുത്തുന്ന പ്രതിച്ഛായാഭംഗം ചെറുതല്ല. ഭരണത്തില്‍ നിന്നിറങ്ങി നേരെ ജയിലിലേക്ക് പോകേണ്ടിവരുന്ന അനുഭവം പല സംസ്ഥാനങ്ങളിലും ഉണ്ടായപ്പോള്‍ നമുക്കത് പത്രവാര്‍ത്ത മാത്രമായിരുന്നു. ഈ വഴിയില്‍ നമ്മളും മുന്നേറുകയാണോ?
കാര്യങ്ങള്‍ സുതാര്യമായി നടക്കരുതെന്ന് ശഠിക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ട്. ഈ നടപടി ദൂഷ്യങ്ങളെ പല്ലിറുമ്മി സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് പൗരന്മാര്‍. രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നത് വടിയില്‍ കെട്ടിയ കാരറ്റ് കാട്ടി വഴി നടത്താവുന്ന കഴുതകളാണ് ജനങ്ങള്‍ എന്നാണ്. അത്തരം ധാരണകള്‍ക്കെതിരെ ഇടക്കെങ്കിലും ഉണ്ടാകുന്ന നിയമത്തിന്റെ പ്രഹരങ്ങള്‍ പ്രത്യാശ പകരുന്നതാണ്. പരിമിതികള്‍ പലതുമുള്ളപ്പോഴും അന്വേഷണ സംഘങ്ങളും കോടതികളും ജാഗ്രതയില്‍ തന്നെയാണെന്ന് ജനത്തിന് ആശ്വ സിക്കാം.
രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും ജനസേവനത്തിനെന്നാണ് വെപ്പ്. എന്നാല്‍, സംശുദ്ധമായ രാഷ്ട്രീയക്കാര്‍ വംശനാശ ഭീഷണിയിലേക്ക് നീങ്ങുകയാണോ എന്നത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുളവാക്കുന്നു. അതിന്റെ ഏറ്റവും ജീര്‍ണമായ മുഖമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാന്യതയും കുലീനതയും തിരോഭവിക്കുകയും ധനാസക്തിയും സുഖലോലുപതയും അധികാരമേറുകയും ചെയ്യുമ്പോള്‍ ഇതിലൊക്കെ എന്തത്ഭുതം? സത്യത്തില്‍ ഇതൊക്കെത്തന്നെയല്ലേ ഒരാളുടെ രാഷ്ട്രീയ ആത്മഹത്യ എന്നു പറയുന്നത്?