Connect with us

Articles

വെറുപ്പിന്റെ പാഠങ്ങളാണ് ആ കുട്ടികള്‍ ചൊല്ലിപ്പഠിക്കുന്നത്

Published

|

Last Updated

ഈ വര്‍ഷം ജൂണില്‍ നടന്ന രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റിയുടെ ബിരുദാനന്തരബിരുദ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബി ജെ പിയുടെ പ്രത്യയശാസ്ത്രവും പദ്ധതികളും വിശദീകരിക്കുക എന്ന ചോദ്യം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എം എ രാജസ്ഥാനി സാഹിത്യവും സംസ്‌കാരവും എന്ന പേപ്പറില്‍ വന്ന ഈ വിവാദചോദ്യം തുടക്കത്തില്‍ ദേശീയ മാധ്യമങ്ങള്‍ അവഗണിച്ചു. എന്നാല്‍ പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ തന്നെ ഇത് ചോദ്യം ചെയ്തു മുന്നോട്ടുവന്നു. അങ്ങനെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ ബി ജെ പിയുമായി ആശയപരമായി ചങ്ങാത്തമുള്ള ചിലര്‍ അനാവശ്യമായി ഇടപെടുന്നുണ്ട് എന്ന കാര്യം ദേശീയ മാധ്യമങ്ങള്‍ പുറത്തറിയിക്കാന്‍ നിര്‍ബന്ധിതരായത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബി ജെ പിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിനിടയിലാണ് ഈ സംഭവം. രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പ് ഇത്തരം വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ നേരത്തെയും ശ്രമിച്ചിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് “ഒരു പശു എഴുതുന്ന കത്ത്” എന്ന പാഠം പഠിക്കാനുണ്ട്. തന്നെ സ്വന്തം അമ്മയായി കണക്കാക്കിയാല്‍ ഉണ്ടാകുന്ന ഉപകാരങ്ങളാണ് പ്രസ്തുത പാഠത്തില്‍ പശു കുട്ടികളോട് വിശദീകരിക്കുന്നത്. രാജസ്ഥാന്‍ ബോര്‍ഡ് സെക്കന്‍ഡറി വകുപ്പിന്റെ എട്ടാം ക്ലാസ് സാമൂഹികപാഠം ടെക്സ്റ്റ് ബുക്കില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ആര്‍ എസ് എസ് നടപ്പില്‍ വരുത്തുന്ന പ്രത്യയശാസ്ത്ര അജന്‍ഡകളുടെ ഭാഗം മാത്രമാണ് രാജസ്ഥാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍. ഇക്കഴിഞ്ഞ ജൂണില്‍ രാജ്യത്തൊട്ടാകെയുള്ള സ്‌കൂളുകളുടെ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ആസാം വിദ്യാഭ്യാസ ബോര്‍ഡില്‍ പത്താം തരത്തില്‍ ഒന്നാം റാങ്ക് നേടിയത് ശങ്കര്‍ദേവ് ശിശു നികേതന്‍ വിദ്യാഭാരതി സ്‌കൂളിലെ സര്‍ഫറാസ് ഹുസൈന്‍ എന്ന മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. എന്നാല്‍ ഒരു മുസ്‌ലിം ആയതുകൊണ്ടാണ് സര്‍ഫറാസ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ആര്‍ എസ് എസിന്റെ പോഷകസംഘടനയായ അഖിലഭാരതീയ ശിക്ഷന്‍ സംസ്ഥാന്‍ ദേശീയ സെക്രട്ടറി ശിവകുമാര്‍ വ്യാപകമായി പ്രചരിപ്പിച്ചു. “ഞങ്ങളുടെ കുട്ടികളും റാങ്ക് വാങ്ങിയിട്ടുണ്ട്. ഉത്തരാഖണ്ഡിലും യു പിയിലും സി ബിഎസ് ഇ പരീക്ഷകളില്‍ ഹിന്ദുവിദ്യാര്‍ഥികള്‍ ഒന്നാമതെത്തിയിട്ടുണ്ട്. പക്ഷേ അവര്‍ ഹിന്ദുക്കളായതിനാല്‍ പത്രക്കാര്‍ക്ക് ഒട്ടും താല്‍പര്യം കാണില്ല” എന്നാണ് കുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചത്.
ഒരു പരീക്ഷാഫലം പോലും വര്‍ഗീയമായി അവതരിപ്പിച്ച്, അതുവഴി വിവിധ ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിലനിര്‍ത്തുന്നതിന് ആര്‍ എസ് എസിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കഴിയുന്നു. സര്‍ഫറാസ് ഹുസൈന്‍ പഠിച്ച സ്‌കൂളിന്റെ ആപ്തവാക്യം “Indianise, nationalise and spiritualise” എന്നതാണ്. ഇതേ മുദ്രാവാക്യമാണ് ആര്‍ എസ് എസ് നേതൃത്വത്തില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 12,363 സ്‌കൂളുകളും 12,001 ഏകാധ്യാപക സ്‌കൂളുകളും ആയിരക്കണക്കിന് സാംസ്‌കാരിക കേന്ദ്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്.
ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള 127 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ് വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. വളരെ പെട്ടെന്നായിരുന്നു ഈ പ്രചാരണ പരിപാടികള്‍ ഇംഗ്ലീഷ് വിരുദ്ധ ക്യാമ്പയിനായി മാറിയത്. തുടര്‍ന്ന് പ്രാദേശിക ഭാഷയായ കൊങ്കണിയില്‍ തന്നെ സ്‌കൂളുകളില്‍ അധ്യാപനം നടത്തണമെന്ന വാദം പോലും ഉയര്‍ന്നു വന്നു. 2017ല്‍ നടക്കാനിരിക്കുന്ന ഗോവ അസംബ്ലി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ നേതൃത്വത്തില്‍ ഈ ക്യാമ്പയിന്‍ നടന്നത്.
ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്കും അജന്‍ഡകള്‍ക്കും മുമ്പില്ലാത്ത വിധം വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നത് ഭീതിപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്. പാഠപുസ്തകത്തിലും സിലബസിലും പരീക്ഷാഫലത്തില്‍ പോലും വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായവും ഇപ്പോള്‍ ആര്‍ എസ് എസിനുണ്ട്. സ്‌കൂളുകളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനുള്ള ഒരുക്കവും ചരിത്ര പുസ്തകങ്ങളില്‍ നിന്ന് അക്ബര്‍ ചക്രവര്‍ത്തിയെയും ഔറംഗസേബിനെയും നീക്കം ചെയ്ത്, ഹിന്ദു രാജാക്കന്മാരായ ശിവാജിയെയും മഹാറാണാ പ്രതാപിനെയും ഉള്‍പ്പെടുത്തണമെന്ന് സംഘപരിവാര്‍ നേതാക്കള്‍ നിരന്തരം ആവശ്യപ്പെടുന്നതും ഈ അജന്‍ഡയുടെ ഭാഗമാണെന്ന് പ്രമുഖ ചരിത്രകാരി റോമീല ഥാപ്പര്‍ അടുത്തിടെ അഭിപ്രായപ്പെടുകയുണ്ടായി. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങള്‍ക്ക് പകരം, പ്രാചീന ചരിത്രത്തെ മുസ്‌ലിംവിരുദ്ധമായി തിരുത്തിയെഴുതാനും ഹിന്ദു സാംസ്‌കാരിക മേല്‍ക്കോയ്മ നിലനിര്‍ത്താനും എല്ലാ വിധത്തിലുമുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ മുന്നറിയിപ്പ് തരുന്നു.
വിദ്യാഭ്യാസ രംഗത്തേക്ക് ആര്‍ എസ് എസ് കടന്നുവരുന്നത് 1952ലാണ്. ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരില്‍ സരസ്വതി ശിശു മന്ദിര്‍ സ്ഥാപിച്ചായിരുന്നു അത്. ഇന്ന് ശിശു മന്ദിര്‍, സേവാ ഭാരതി, ഭാരത് കല്യാണ്‍ പ്രതിസ്ഥാന്‍, വനവാസി കല്യാണ്‍ ആശ്രം, ഭാരതീയ ജന സേവാ സംസ്ഥാന്‍ തുടങ്ങിയ പേരുകളില്‍ 32 ലക്ഷത്തിലധികം വിദ്യാര്‍ഥികളുള്ള സംവിധാനമായി ആര്‍ എസ് എസിന്റെ വിദ്യാഭാരതി മാറിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ പുതിയ അജന്‍ഡകളും പദ്ധതികളും നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍. 2017നുള്ളില്‍ രാജ്യത്തെ ഓരോ ബ്ലോക്കിലും സംഘപരിവാര്‍ സ്‌കൂള്‍ വരണമെന്ന ലക്ഷ്യത്തോടെ, കൂടുതല്‍ തീവ്രമായ പരിപാടികളാണ് ആര്‍ എസ് എസ് ഈ ആഴ്ച ആസൂത്രണം ചെയ്തിരിക്കുന്നത്. ഒപ്പം ഗ്രാമങ്ങളിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ കൂടുതല്‍ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി “സ്‌ക്രോള്‍ ഡോട്ട് ഇന്‍” വാര്‍ത്താ പോര്‍ട്ടല്‍ വെളിപ്പെടുത്തുന്നു.
സര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍ വേണ്ടത്ര നടപ്പിലാകാത്ത സ്ഥലങ്ങള്‍ നോക്കിയാണ് ആര്‍ എസ് എസ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് ട്രെയിനിംഗുമുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കരിക്കുലം തയ്യാറാക്കുന്നതിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിലും ആര്‍ എസ് എസിനും വിദ്യാഭാരതിക്കും ഇപ്പോള്‍ തന്നെ നേരിട്ടുള്ള പങ്കാളിത്തമുണ്ട്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സംവിധാനങ്ങള്‍ “ഇന്ത്യന്‍” ആക്കണമെന്ന് നരേന്ദ്രമോദിയോട് ഉപദേശിച്ച ആര്‍ എസ് എസ് പോഷക സംഘടനയായ ഭാരതീയ ശിക്ഷ നിധി ആയോഗ് ചെയര്‍മാന്‍ ദിനാനത് ഭദ്രയാണ് ഹരിയാനയിലെ മോറല്‍ ടീച്ചിംഗ് സിലബസ് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലും മാതൃഭാഷാ പ്രൊമോഷനുകളിലും ആര്‍എസ് എസിന് വ്യക്തമായ സ്വാധീനമുണ്ട്. മൂല്യാധിഷ്ടിത വിദ്യാഭ്യാസം, പ്രാദേശിക സാംസ്‌കാരിക ചരിത്ര പഠനം, ഏതു ചരിത്രവും ശാസ്ത്രീയ നേട്ടവും ഇന്ത്യക്കാരുടേതാക്കല്‍, ഹിന്ദു പുരാണങ്ങളും മിത്തുകളും യഥാര്‍ഥ്യമാണെന്നുള്ള പ്രചാരണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് ഈ അജന്‍ഡയുടെ ഭാഗമായി നടന്നുവരുന്നത്. യു പി എ സര്‍ക്കാറിനെ അപേക്ഷിച്ച് ഇപ്പോള്‍ മോദി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും അത് വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ശിക്ഷ ബചാവോ ആന്ദോളന്‍ സമിതി സെക്രട്ടറി അതുല്‍ കോത്താരി അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് ആര്‍ എ സ് എസിന്റെ പല തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രിയുടെയും മാനവവിഭവശേഷി വകുപ്പിന്റെ ഓഫീസുകളിലും വെച്ചാണെന്നും കോത്താരി വെളിപ്പെടുത്തുകയുണ്ടായി.
ഗുജറാത്തിലും പഞ്ചാബിലും ആര്‍ എസ് എസ് നടത്തുന്ന സ്‌കൂളുകളിലേക്ക് നിയമവിരുദ്ധമായി ആസാമില്‍ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ ഔട്ട്‌ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. നേഹ ദീക്ഷിതിന്റെ പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടില്‍, ആസാമിലെ വിവിധ ഗോത്രങ്ങളിലെ 31 പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന ഭീതിപ്പെടുത്തുന്ന സംഭവം വിശദീകരിക്കുന്നുണ്ട്. സ്വന്തം മക്കളെ നഷ്ടപ്പെട്ട നിരവധി അമ്മമാരെ നേഹ ദീക്ഷിത് നേരില്‍ കണ്ടു. ഇംഗ്ലീഷില്‍ തയ്യാറാക്കിയ സമ്മതപത്രത്തില്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ബലം പ്രയോഗിച്ച് ഒപ്പിട്ട് വാങ്ങിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ മക്കളെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയതെന്ന് എല്ലാ അമ്മമാരും സാക്ഷ്യപ്പെടുത്തുന്നു. നേഹ ദീക്ഷിത് ഇന്റര്‍വ്യൂ ചെയ്ത രക്ഷിതാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവരുടെ മക്കളെ കണ്ടിട്ടേയില്ല. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, ഔട്ട്‌ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ടറായ നേഹ ദീക്ഷിതിനെ വര്‍ഗീയത ആരോപിച്ച് വ്യാജ കേസുകളില്‍ കുടുക്കാന്‍ ബി ജെ പി നേതാക്കള്‍ ശ്രമം നടത്തിയെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ഔട്ട്‌ലുക്ക് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് രണ്ട് കാര്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഒന്ന്, നിയമവിരുദ്ധമായി കുട്ടികളെ കടത്തിക്കൊണ്ടുപോകല്‍. മറ്റൊന്ന്, തെറ്റായ രീതിയില്‍ ഹിന്ദുത്വ അജണ്ടകള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കല്‍. എന്നാല്‍ വ്യാപകമായ കുപ്രചാരണങ്ങളും വ്യാജ കേസുകളും കൊണ്ടാണ് സംഘപരിവാര്‍ നേതൃത്വം ഇതിനെ നേരിട്ടത്.
നേഹ ദീക്ഷിതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ, ആസാം സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ്, കൊക്രാജര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, സ്‌റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, ചൈല്‍ഡ് ലൈന്‍ (ഡല്‍ഹി, പാട്യാല) തുടങ്ങിയ സംഘടനകള്‍ 2015ല്‍ ആസാമില്‍ നിന്ന് കടത്തിയ കുട്ടികളെ തിരിച്ചു വീട്ടില്‍ കൊണ്ട് വിടണമെന്ന് സംഘപരിവാര്‍ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. “ഗുജറാത്ത്, പഞ്ചാബ് സര്‍ക്കാറുകളുടെ ഒത്താശയുള്ള സംഘപരിവാര്‍ സ്‌കൂളുകള്‍ അത് കേട്ടതേയില്ല. ശിക്ഷിക്കപ്പെടുകയില്ലെന്നുള്ള ധൈര്യമാണ് ഈ ധിക്കാരത്തിന് അവരെപ്രേരിപ്പിക്കുന്നത്”- നേഹ ദീക്ഷിത് എഴുതുന്നു. ആര്‍ എസ് എസിന്റെ മനുഷ്യക്കടത്ത് പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഔട്ട്‌ലുക്ക് ചീഫ് എഡിറ്റര്‍ കൃഷ്ണ പ്രസാദിനെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയുമുണ്ടായി.
ആര്‍ എസ് എസ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. പക്ഷേ, അധ്യാപന രീതിയും അവതരണവും സംഘപരിവാര്‍ അജന്‍ഡയനുസരിച്ചാണ്. തീവ്ര ഹിന്ദുവികാരവും ആത്മീയതയും മാത്രം അടിസ്ഥാനമാക്കിയാണ് അവിടങ്ങളിലെ അധ്യാപനവും പരിശീലനങ്ങളുമെല്ലാം. ഈ വര്‍ഗീയ ധ്രുവീകരണ പ്രക്രിയയെ ആര്‍ എസ് എസ് സ്വയം വിളിക്കുന്നത് “സോഷ്യലൈസേഷന്‍” എന്നാണ്. സ്‌കൂളുകളിലെ കാര്യകര്‍ത്താക്കളും പ്രചാരികന്മാരും കുട്ടികളില്‍ കുത്തിവെക്കുന്നത് വെറുപ്പിന്റെ പാഠങ്ങളും. സംഘപരിവാര്‍ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും എം എസ് ഗോള്‍വാള്‍ക്കറുടെ ഉപദേശങ്ങള്‍ അടങ്ങിയ പുസ്തകം ആണ് ഗൈഡായി നല്‍കുന്നതെന്ന് കൂടി അറിയണം. മുസ്‌ലിംകളെ വെറുക്കണമെന്നും ക്രിസ്ത്യാനികളെ കൊല്ലണമെന്നും ചൊല്ലിപ്പഠിക്കുന്ന ഈ കുട്ടികള്‍ എങ്ങനെയാണ് മതേതരത്വത്തില്‍ വിശ്വസിക്കുക? എങ്ങനെയാണ് ഇവരിലൂടെ നാട്ടില്‍ മതസൗഹാര്‍ദവും സഹിഷ്ണുതയും നിലനില്‍ക്കുക?

Latest