Connect with us

Kannur

അമ്മമാരെയും കുട്ടികളെയും ഭക്ഷണ ശീലം പഠിപ്പിക്കാന്‍ 'ന്യൂട്രീഷ്യന്‍ ക്ലബ്ബുകള്‍'

Published

|

Last Updated

കണ്ണൂര്‍: കുട്ടികള്‍ക്കിടയിലുള്ള അനാരോഗ്യകരമായ ഭക്ഷണരീതികള്‍ക്ക് തടയിടാന്‍ സംസ്ഥാന പോഷകാഹാര കാര്യാലയം എല്ല സ്‌കൂളുകളിലും ന്യട്രീഷ്യന്‍ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നു. സംസ്ഥാനത്തെ കുട്ടികളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം കുട്ടികളിലെ ഭക്ഷണശീലങ്ങളാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളെയും അതോടൊപ്പം മാതാപിതാക്കളെയും ബോധവത്കരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ന്യൂട്രീഷ്യന്‍ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നത്.11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന “ഈറ്റ് ബെറ്റര്‍ ഫീല്‍ ബെറ്റര്‍” എന്ന പരിപാടിയുടെ ഭാഗമായാണ് ക്ലബ്ബുകള്‍ തുടങ്ങുക.
സ്‌കൂളിലേക്ക് പോകുമ്പോഴും മറ്റും എളുപ്പത്തിന് വേണ്ടി കുട്ടിയെ കൂടുതല്‍ കലോറിയടങ്ങുന്ന ജങ്ക് ഫുഡ് കഴിക്കാന്‍ ശീലിപ്പിക്കുന്നതാണ് ഭക്ഷണശീലം അപ്പാടെ മാറ്റുന്നതിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്. രുചി കൂട്ടാന്‍ ചേര്‍ക്കുന്ന കൊഴുപ്പും അജിനോമോട്ടോ പോലുള്ള രാസവസ്തുക്കളുമാണ് കുഞ്ഞുവയറ്റിലേക്ക് തള്ളിവിടുന്നത്. ജങ്ക് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും പതിവായി നല്‍കുന്നത് കുട്ടികളുടെ ആഹാരത്തോടുള്ള താത്പര്യത്തെ പോലും ഇല്ലാതാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുട്ടികള്‍ക്ക് അമിതമായി നല്‍കുന്നത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ടെലിവിഷന് മുന്നില്‍ ചടഞ്ഞുകൂടുന്ന കുട്ടികള്‍ക്ക് വ്യായാമത്തിന് മാര്‍ഗമില്ലാത്തതും കഴിക്കുന്ന ഭക്ഷണത്തിലെ അമിത ഊര്‍ജം ചെലവഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നതും ഇവരെ പിന്നീട് വലിയ രോഗത്തിലേക്ക് തള്ളിവിടുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഈയൊരു സാഹചര്യത്തിലാണ് പോഷകാഹാരത്തെ കുറിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നതെന്ന് പോഷകാഹാര കാര്യാലയം ചീഫ് സൈന്റിഫിക് ഓഫീസര്‍ താരാകുമാരി സിറാജിനോട് പറഞ്ഞു. നിലവിലുള്ള രീതിയില്‍ മുന്നോട്ടുപോയാല്‍ കുട്ടികള്‍ രോഗികളായി തീരും. ഐസ്‌ക്രീം, ബര്‍ഗര്‍ പോലുള്ള ജങ്ക് ഫുഡുകളും പാക്കറ്റ് ഭക്ഷണവും സ്‌കൂള്‍ കാന്റീന്‍ വഴി വില്‍ക്കാന്‍ പാടില്ല. കാന്റീനുകളില്‍ നല്‍കേണ്ട ഭക്ഷണത്തിന്റെ പട്ടികയും അതുണ്ടാക്കേണ്ട വിധവും അവരെ ബോധ്യപ്പെടുത്തും. ഇവ ലംഘിക്കുന്ന കാന്റീനുകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
മുതിര്‍ന്നവരുടെ നിയന്ത്രണമില്ലെങ്കില്‍ കുട്ടി വയററിയാതെ കഴിക്കാന്‍ സാധ്യതയേറെയാണെന്നാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നന്നേ ചെറുപ്പത്തില്‍ കുട്ടിയുടെ കാര്യത്തില്‍ നിയന്ത്രണമില്ലെങ്കില്‍ അവര്‍ വലുതാകുമ്പോള്‍ അത് സാധ്യമാകുക പ്രയാസമാണ്. കുട്ടിയോടൊപ്പമിരുന്ന് ഒരു പോലെ പോഷക മൂല്യമുളള ഭക്ഷണം കഴിക്കുക. വീട്ടില്‍ കൊഴുപ്പിന്റെ അതിപ്രസരമുളള ഭക്ഷണം സൂക്ഷിക്കാതിരിക്കുക. കുട്ടിക്ക് വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും അവരോടൊപ്പം വ്യായാമം ശീലിക്കുകയും ചെയ്യുക.തുടങ്ങിയവയാണ്പരിശീലനത്തിന്റെ ഭാഗമായി അമ്മമാരെ പഠിപ്പിക്കുക.കുട്ടികള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം രുചികരമായി വീട്ടില്‍ തയ്യാറാക്കി നല്കാന്‍ അമ്മമാരെ ബോധവത്കരിക്കുകയെന്ന ലക്ഷ്യവും ന്യൂട്രീഷ്യന്‍ ക്ലബ്ബിന്റെ ഭാഗമായി നടത്തും. നല്ല ഭക്ഷണം തയ്യാറാക്കാന്‍ അമ്മമാര്‍ക്ക് പാചകപരിശീലനം നല്കുകയും സ്‌കൂള്‍ കാന്റീന്‍ നടത്തിപ്പുകാര്‍ക്കും പാചകക്കാര്‍ക്കും പ്രത്യേക പാഠശാല നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതത് ജില്ലകളിലെ ഏറ്റവും വലിയ സ്‌കൂള്‍ കാന്റീനില്‍ നടത്തുന്ന പരിപാടിയില്‍ മറ്റ് സ്‌കൂളുകളിലെ കാന്റീന്‍കാരെയും പങ്കെടുപ്പിക്കും. പരിശീലനം നല്കി അവരെക്കൊണ്ട് സ്ഥലത്തുവെച്ച് ഭക്ഷണം ഉണ്ടാക്കിപ്പിക്കും. അത്തരം ഭക്ഷണം അവര്‍ കാന്റീനിലുണ്ടാക്കി നല്കുന്നുണ്ടോയെന്ന കാര്യം നിരീക്ഷിക്കാനും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.അടുത്ത മൂന്നുമാസത്തിനുള്ളിലെങ്കിലും എല്ലാ സ്‌കൂളുകളിലും ക്ലബ്ലുകളും അനുബന്ധ പരിപാടികളും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് പദ്ധതി ആദ്യഘട്ടം നടപ്പാക്കുക.
ഒരു അധ്യാപകനായിരിക്കും ഇതിന്റെ മുഖ്യ ചുമതല. ആഴ്ചയിലൊരു ദിവസമാണ് ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുക. സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാര ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തേ സ്‌കൂളുകളില്‍ ജങ്ക് ഫുഡുകള്‍ നിരോധിക്കാനുള്ള നടപടികളുമായി വനിതാശിശു ക്ഷേമ മന്ത്രാലയവും നടപടിയുമായി രംഗത്തെത്തുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest