Connect with us

Gulf

റോഡ് വികസനവും പൊതുഗതാഗതവും സുഗമമായ സഞ്ചാരം പരിഗണിച്ചു മാത്രം

Published

|

Last Updated

ദോഹ: രാജ്യത്ത് പുതുതായി നടപ്പില്‍ വരുത്തുന്ന റോഡ് വികസനവും പൊതുഗതാഗത പദ്ധതികളും സുഗമായയ യാത്രാ സൗകര്യവും ഗതാഗതക്കുരുക്കില്ലാത്ത അവസ്ഥയും പരിഗണിച്ചായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നയാസൂത്രണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുര്‍റഹ്മാന്‍ മാജിദ് അല്‍ സുലൈത്വി പറഞ്ഞു. രാജ്യത്തെ ഗതാഗത പദ്ധതികള്‍ സംബന്ധിച്ച് മന്ത്രാലയം സമാഹരിച്ച പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വാഹനങ്ങളും ഗതാഗതക്കുരുക്കുകളും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഗതാഗത പ്രശ്‌നം ഇല്ലായ്മ ചെയ്യാന്‍ വിവിധ വിഭാഗങ്ങളുടെ സംയോജനത്തിനും സമഗ്രമായ ആസൂത്രണത്തിനും ആവശ്യമുയരുന്നുണ്ട്. വ്യക്തമായ ആസൂത്രണത്തോടെ മാത്രമേ ഭാവിയില്‍ പദ്ധതികള്‍ കൊണ്ടുവരികയുള്ളൂ. സുഗമമായ ഗതാഗതത്തിനു മുന്‍ഗണന കൊടുക്കും.
വാഹനപ്പെരുപ്പത്തിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷമായിരിക്കും റോഡ് വികസനങ്ങള്‍ ഉള്‍പ്പെടെ ആവിഷ്‌കരിക്കുക. വിവിധ വകുപ്പുകളുടെയും വിദഗ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ സമാഹരിക്കും. ഇത്തരം സെമിനാറുകള്‍ അഭിപ്രായ സമാഹരണത്തിന്റെ ഭാഗമായാണ്. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ റിപ്പോര്‍ട്ടായി രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തിലും പഠനങ്ങളും വിശകലനങ്ങളും നടത്തും.
രാജ്യത്തെ ഗതാഗത സാഹചര്യങ്ങള്‍ വിലയിരുത്തി, വികസനം പ്രാപിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് ഏതുവിധം ഗതാഗത പദ്ധതികള്‍ ആവിഷ്‌കരിക്കാം എന്ന ആശയത്തിലായിരുന്നു സെമിനാറിലെ ചര്‍ച്ചകള്‍. രാജ്യത്തെ റോഡ് ഉപയോഗം എങ്ങനെ മെച്ചപ്പെടുത്താം, പൊതുഗതാഗത സംവിധാനം എങ്ങനെ മെച്ചപ്പെടുത്താം, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന രീതിയില്‍ എങ്ങനെ റോഡുകളുടെ പുനര്‍ രൂപകല്പന നിര്‍വഹിക്കാം തുടങ്ങിയ ആശയങ്ങളാണ് പ്രധാനമായും ചര്‍ച്ചക്കു വിധേയമാക്കിയത്. റോഡുകളല്‍ വാഹനങ്ങള്‍ കുറക്കന്നതിനുള്ള നിയമപമരായ നിയന്ത്രണങ്ങളും ചര്‍ച്ചയില്‍ വന്നു.
ഖത്വര്‍ റയില്‍ കമ്പനി, മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, പബ്ലിക് വര്‍ക്‌സ് അതോറിറ്റി (അശ്ഗാല്‍) തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.

Latest