Connect with us

Gulf

ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ നിരക്ക് കാലയളവ് പ്രഖ്യാപനം ഉടന്‍

Published

|

Last Updated

ഹസന്‍ അല്‍ ഇബ്രാഹീം

ദോഹ: ഇന്ത്യക്കാര്‍ക്ക് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയുടെ നിരക്കും രാജ്യത്തു തങ്ങാവുന്ന കാലാവധിയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡവലപ്‌മെന്റ് ഓഫിസര്‍ ഹസന്‍ അല്‍ ഇബ്രാഹീം വ്യക്തമാക്കി.
ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലഭ്യമാക്കാനുള്ള നീക്കം രാജ്യത്തെ ടൂറിസം മേഖലക്ക് കൂടുതല്‍ ഉണര്‍വു പകരും. രാജ്യം ഇപ്പോള്‍ ഏറെ പ്രോത്സാഹിപ്പിക്കുന്ന മേഖലയാണ് വിനോദ സഞ്ചാരം. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിസാ അപേക്ഷകളും നടപടികളും സുഗമവും ലളിതവുമാക്കുകയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ അനിവാര്യമായ ഘടകങ്ങളെന്നു തിരിച്ചറിഞ്ഞാണ് പരിഷ്‌കരണങ്ങള്‍ കൊണ്ടു വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചതായി ഗള്‍ഫ് ടൈംസി റിപ്പോര്‍ട്ട് ചെയ്തു. വിവിധ കാലാവധി വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത തരം സന്ദര്‍ശക വിസകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്വര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭ്യമാക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം സൗകര്യം പ്രാബല്യത്തില്‍ വരും. രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വിസാ നടപടികള്‍ ലഘൂകരിക്കുന്നത്. രാജ്യത്തെ ടൂറിസ്റ്റ് വിസ സംവിധാനത്തില്‍ സമഗ്ര മാറ്റം വരുത്തുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. അപേക്ഷ നല്‍കി 48 മണിക്കൂറിനകം വിസ ലഭ്യമാക്കും. ഇപ്പോള്‍ 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സമയത്ത് വിസ ലഭ്യമാകുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭ്യമാണ്.
റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തിലെത്തിയാല്‍ വിസ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ഏതാനും ആഴ്ചക്കള്‍ക്കുള്ളില്‍ തന്നെ നടപടി പൂര്‍ത്തിയാകുമെന്നും ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. ആഗോള എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഖത്വര്‍ ഊന്നല്‍ നല്‍കുന്നതിനിടെയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പുതിയ വിസാ സൗകര്യം ലളിതമാക്കുന്നത്. ഖത്വര്‍ ദേശീയ ടൂറിസം സ്ട്രാറ്റജി ആരംഭിച്ചതിനു ശേഷം രാജ്യത്തെത്തിയത് ഏഴു ദശലക്ഷം സന്ദര്‍ശകരാണ്. 2010നും 2015നും ഇടയില്‍ രാജ്യത്തെത്തിയത്.