Connect with us

Gulf

കുതിച്ചുപാഞ്ഞ പത്തുവര്‍ഷത്തിന്റെ കണക്കെടുക്കുമ്പോള്‍

Published

|

Last Updated

ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്നു (ഫയല്‍)

സിറാജിലൂടെ എത്രവേഗമാണ് 10 വര്‍ഷം കടന്നുപോയത്. മിക്കപ്പോഴും സംഭവബഹുലമായ ദിനസരികളായതുകൊണ്ടാകാം “കാലചക്ര ഗതിക്രമം” കണ്ണുംചിമ്മി തുറക്കുന്ന വേഗതയിലായത്.
ഒരോ മിടിപ്പിലും ഗള്‍ഫ് മലയാളികളുടെ വിയര്‍പ്പും കണ്ണീരും പ്രതീക്ഷയും നിറഞ്ഞു നിന്നിരുന്നു. മധ്യപൗരസത്യ ദേശത്തിന്റെ വിലാപങ്ങള്‍ കാതില്‍ അലച്ചിരുന്നു. മിക്കവയും സിറാജിന്റെ താളുകളില്‍ വാര്‍ത്തകളും വിശകലനങ്ങളുമായി പരന്നു.
10 വര്‍ഷത്തിനിടയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഓരോരുത്തരെയും ഉലച്ച, ഇപ്പോഴും പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിലതുണ്ട്. അതിലൊന്ന്, ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ സാമ്രാജ്യത്വം തൂക്കിലേറ്റിയതാണ്. ഓരോ ബലിപെരുന്നാള്‍ വരുമ്പോഴും, ഓരോ ഡിസംബര്‍ 30 വരുമ്പോഴും അനേകമായിരങ്ങളുടെ മനസില്‍ വിങ്ങലായി, ആ തൂക്കുകയറുണ്ട്. 2006ലാണ് ഇറാഖിലെ പാവഭരണകൂടം സദ്ദാം ഹുസൈനെ വധിച്ചത്. ആ കറുത്ത ഓര്‍മകള്‍ക്കും 10 വയസ്സായി.
മറ്റൊരു പ്രധാന സംഭവവികാസം മിക്ക ഗള്‍ഫ് രാജ്യങ്ങളും വേതന സംരക്ഷണ നിയമം കൊണ്ടുവന്നതാണ്. യു എ ഇ ഭരണകൂടമാണ് അതിന് മുന്‍പന്തിയില്‍ നിന്നത്. വേതനം ഓരോ മാസവും എ ടി എം വഴി ജീവനക്കാരന് കൈപറ്റാമെന്നത്, അതിലെ മുഖ്യഘടകമായി. തൊഴിലാളികളുടെ വിയര്‍പുണങ്ങുന്നതിന് മുമ്പ് കൂലി നല്‍കണം എന്ന പ്രവാചക മൊഴി, യാഥാര്‍ഥ്യമാക്കാന്‍ വേതന സംരക്ഷണ നിയമവും അനുബന്ധ വ്യവസ്ഥകളും കാരണമായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നന്നേ കുറഞ്ഞു.
മധ്യപൗരസത്യദേശത്തിന്റെ രാഷ്ട്രീയം അനുനിമിഷം മാറുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന തലമുറയാണിത്. ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും ചിത്രങ്ങളും ചലന ദൃശ്യങ്ങളും അതിവേഗം കടന്നു പോയ്‌ക്കൊണ്ടിരുന്നു. കാഴ്ചക്കാരും വായനക്കാരും അമ്പരന്നു നിന്നു. ഉരുക്കുപോലെ ഭദ്രമെന്നു തോന്നിച്ച ഭരണകൂടങ്ങള്‍ നിലംപതിക്കുന്നതും ലോകചരിത്രത്തിലെ തന്നെ വലിയ കൂട്ടകുരുതികളും പലായനങ്ങളും മനുഷ്യ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നതും ഒന്നിനു പുറകെ ഒന്നായിവന്നു. സാമ്രാജത്വ അജണ്ടയാണ് എല്ലാത്തിനും കാരണം എന്ന യാഥാര്‍ഥ്യം പക്ഷേ മിക്കവരും ഉള്‍കൊണ്ടിട്ടില്ല.
കുവൈത്തിനെ അക്രമിച്ചിരുന്നില്ലെങ്കില്‍ പോലും സാമ്രാജ്യത്വം സദ്ദാം ഹുസൈനെ വധിക്കുമായിരുന്നു. (ലിബിയയില്‍ കേണല്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയത് നോക്കുക) മേഖലയിലെ സുന്നികളും ശിയാക്കളും പരസ്പരം ഏറ്റുമുട്ടി നശിക്കണമെങ്കില്‍ സദ്ദാമിനെ വധിക്കേണ്ടത് അനിവാര്യമെന്ന് പാശ്ചാത്യ ചാരസംഘടനകള്‍ക്ക് അറിയാമായിരുന്നു. ഇന്ത്യയില്‍ ബ്രീട്ടിഷുകാര്‍ ഇത്തരമൊരു തന്ത്രം പയറ്റി വിജയിച്ചിരുന്നു. സ്വാതന്ത്ര സമരം പൊളിക്കാന്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ചു. മഹാഭാരതത്തെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും വേര്‍തിരിച്ചു. ഇരു രാജ്യങ്ങളെയും പരസ്പരം ശത്രുക്കളാക്കി മാറ്റി. തരാതരം പോലെ, ആയുധങ്ങള്‍ രണ്ടു രാജ്യങ്ങളുടെയും കൈയില്‍ വെച്ചുകൊടുത്തു. ഭരണകൂട വരുമാനത്തിന്റെ വലിയ പങ്ക്, ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത വണ്ണം, ആയുധങ്ങള്‍ വാങ്ങികൂട്ടാനുള്ള തറയൊരുക്കി. അതിലൂടെ സാമ്രാജ്യത്വം കൊഴുത്തു.
മധ്യപൗരസ്ത്യ രാജ്യത്ത് ഒരു വെടിക്ക് രണ്ടു പക്ഷി എന്നതായിരുന്നു സാമ്രാജ്യത്വ അജണ്ട. ചുരുങ്ങിയ വിലക്ക് എണ്ണലഭ്യമാക്കണം. സുന്നികളെയും ശിയാക്കളെയും തമ്മിലടിപ്പിച്ച് ഇസ്രാഈലിന്റെ നില ഭദ്രമാക്കണം. അതിന് ഘട്ടംഘട്ടമായി ഓരോരോ കരുനീക്കങ്ങള്‍ നടത്തുകയായിരുന്നു. അതിന്റെ ആദ്യലക്ഷ്യമായിരുന്നു സദ്ദാം ഹുസൈന്‍. പിന്നീട്, ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫി. അധികാരമോഹം തലയ്ക്കുപിടിച്ച കുറേ ആളുകള്‍ സ്വയം അറിയാതെ, സാമ്രാജ്യത്വ ചതിക്കുഴിയില്‍ വീണു. ഇസ്‌ലാമിക് സ്റ്റേറ്റ് അഥവാ ദായിഷ് അക്കൂട്ടത്തില്‍പെടും.
കൂട്ടനശീകരണായുധങ്ങള്‍ കുന്നുകൂട്ടി വെച്ചിരിക്കുന്നുവെന്ന് സദ്ദാം ഹുസൈനെതിരെ അമേരിക്ക ആരോപിച്ചപ്പോള്‍ തന്നെ പലര്‍ക്കും യുദ്ധസൂചന ലഭിച്ചിരുന്നു. ആ പച്ചക്കള്ളം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ഇറാഖിനെ അക്രമിക്കാനുള്ള ഒരുക്കം പെന്റഗണ്‍ നടത്തുകയായിരുന്നു. ഇറാഖില്‍ നിന്ന് സദ്ദാം ഹുസൈനെ തുരത്തിയോടിച്ചാല്‍ വിശാലമായ എണ്ണപ്പാടങ്ങള്‍ കൈക്കലാക്കാമെന്നും അതിന്റെ വിഹിതം ലഭ്യമാക്കാമെന്നും സഖ്യകക്ഷികളായ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറ്റും ധരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയെ നോക്കുകുത്തിയാക്കി. ഇറാഖില്‍ ശിയാ, കുര്‍ദ് വികാരം ഇളക്കിവിടാനും അമേരിക്കയ്ക്കുകഴിഞ്ഞു. 2003ല്‍ ഇറാഖിനെതിരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി.
സദ്ദാം ഹുസൈനെയും കൂട്ടാളികളെയും പിടികൂടി വിചാരണാ പ്രഹസനത്തിന് വിധേയമാക്കി. ശിയാക്കളുടെ നിയന്ത്രണത്തിലുള്ള കോടതിയില്‍ സദ്ദാം നടത്തിയ അഭിപ്രായങ്ങള്‍ യുട്യൂബില്‍ ലഭ്യമാണ്. അദ്ദേഹം യുദ്ധക്കുറ്റവാളി ആണെന്ന് കരുതുന്നവര്‍ പോലും അദ്ദേഹത്തിന്റെ മനഃസ്ഥൈര്യത്തെയും ധീരതയെയും അംഗീകരിക്കുന്നു. ഇറാഖിന് സദ്ദാമിനെ ആവശ്യമായിരുന്നു. പക്ഷേ, ബലിപെരുന്നാള്‍ പുലര്‍ച്ചെ 2006 ഡിസംബര്‍ 30 രാവിലെ 6.05ന് കഴുമരത്തിലേക്ക് ആനയിക്കപ്പെട്ടു. അപ്പോഴും അദ്ദേഹം അക്ഷോഭ്യനായിരുന്നു.
സദ്ദാംഹുസൈനെ തൂക്കിലേറ്റുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ, തലേദിവസം വാര്‍ത്താ ഏജന്‍സികള്‍ ഇറാഖിലെ സംഭവവികാസങ്ങളെ ഗൗരവമായി കണ്ടില്ല. എന്നാല്‍, ഇറാഖിലെ അന്നത്തെ പാവസര്‍ക്കാറിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നതിനാല്‍, സിറാജ് ദിനപത്രം സൂചന നല്‍കി വിവരം വായനക്കാരിലെത്തിച്ചു. സദ്ദാം ഹുസൈനെ “”ഇന്ന് തൂക്കിലേറ്റു””മെന്ന് വായനക്കാര്‍ വായിക്കുന്നതിനിടയില്‍ ടെലിവിഷന്‍ ചാനലുകളില്‍ സദ്ദാം ഹുസൈന്‍ വീരമൃത്യു മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടു. പെരുന്നാളായിട്ടും പലരും അന്ന് ഭക്ഷണം കഴിച്ചില്ല.
മധ്യപൗരസത്യദേശത്തിന്റെ സമകാലിക രാഷ്ട്രീയം അപ്പപ്പോള്‍ വിശദമായി വായനക്കാരിലെത്തിക്കാന്‍ സിറാജ് ശ്രമിച്ചിട്ടുണ്ട്. സദ്ദാം ഹുസൈന് ശേഷം അനേകം സംഭവവികാസങ്ങള്‍ അരങ്ങു തകര്‍ത്തു. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഉദയം, ലിബിയയില്‍ കേണല്‍ ഗദ്ദാഫിക്കെതിരെ നാറ്റോ ആക്രമണം, സിറിയയില്‍ ആഭ്യന്തരയുദ്ധം, സഊദി അറേബ്യയില്‍ വ്യാപക സ്വദേശിവല്‍ക്കരണം, എണ്ണവിലയിടിവ് എന്നിങ്ങനെ പുതിയവ ഒരോന്ന് മലവെള്ളപ്പാച്ചില്‍പോലെവന്നു.
(തുടരും )

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest