Connect with us

Articles

സിംഗൂരിന്റെ ചുവരെഴുത്തുകള്‍

Published

|

Last Updated

ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിലെ അപൂര്‍വതയെന്നോണം, ഒരു സംസ്ഥാനം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഭരിക്കുക എന്ന ചരിത്രസംഭവമാണ് ഒരു പതിറ്റാണ്ട് മുമ്പ് ബംഗാളില്‍ അവസാനിച്ചത്. കാര്‍ഷിക ഭൂമി വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ സി പി എം കാണിച്ച അത്യുത്സാഹത്തിനേറ്റ പ്രഹരമായിരുന്നു ബംഗാള്‍ ജനത ആ പാര്‍ട്ടിക്ക് നല്‍കിയത്.
ടാറ്റയുടെ ചെറുകാറായ “നാനോന”യുടെ നിര്‍മാണ ഫാക്ടറി സ്ഥാപിക്കുവാനായി 2006 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാറാണ് 997.11 ഏക്കര്‍ ഭൂമി കര്‍ഷകരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഏറ്റെടുത്തത്. ബംഗാളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ, ഇരുപ്പൂ വിളയുന്ന ജലസമൃദ്ധമായ പാട ശേഖരങ്ങളായിരുന്നു സര്‍ക്കാര്‍ ബലം പ്രയോഗിച്ചു ഏറ്റെടുത്തത്. ജനാധിപത്യത്തില്‍ ഭരണകൂട അധികാരങ്ങളല്ല; ജനങ്ങളാണ് ശക്തി എന്ന് ബംഗാളികള്‍ തെളിയിച്ചു. എല്ലാ അധികാര പരിസരങ്ങളില്‍ നിന്നും അവര്‍ സി പിഎമ്മിനെ പുറത്താക്കി. ഇന്നിപ്പോള്‍ സിംഗൂരിലും നന്ദിഗ്രാമിലുമെല്ലാം സി പിഎമ്മുകാരാണ് എന്ന് പറയാന്‍ അതിന്റെ പ്രവര്‍ത്തകര്‍ തന്നെ ഭയക്കുന്ന സ്ഥിതിയിലേക്ക് എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസ് അവിടങ്ങളില്‍ ശക്തമായി കഴിഞ്ഞു.
ഈ നിലയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയത് തീര്‍ച്ചയായും സിംഗൂര്‍ സമരമായിരുന്നു. ഒരു പതിറ്റാണ്ടിനു മുമ്പ് സിംഗൂരിലെ പാവം കര്‍ഷകര്‍ക്കായി 25 ദിവസം നിരാഹാരസമരം നടത്തിയ മമതാ ബാനര്‍ജിയെ, ആപത്തില്‍ നിന്നുള്ള സംരക്ഷകയായി ആ ജനത ആഘോഷിച്ചു. ഈ ആഘോഷം സി പി എമ്മിന്റെ പതനത്തിന്റെയും മമതയുടെ മുഖ്യമന്ത്രി സോപാനത്തിലേക്കുള്ള വളര്‍ച്ചയുടെയും ആരവമായി. അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നുകൊണ്ടും സി പി എം നടത്തിയ ശ്രമങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും വൃഥാവിലായി. കോണ്‍ഗ്രസ് ചങ്ങാത്തം ചുവപ്പ് രാഷ്ട്രീയത്തില്‍ ആഭ്യന്തര കലഹത്തിന് മാത്രമേ വഴിവെച്ചുള്ളൂ.
ഇപ്പോഴിതാ പരമോന്നത കോടതിയും ജനതയുടെ വികാരത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. ടാറ്റാക്ക് വേണ്ടി 2006 ല്‍ ബുദ്ധദേവ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത് നിയമവിരുദ്ധമായിരുന്നു എന്ന് സുപ്രീം കോടതി വിധിച്ചു. ഭൂമി പന്ത്രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്ക് മടക്കി നല്‍കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. പത്ത് വര്‍ഷം കൃഷി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ നഷ്ട്ടപരിഹാരത്തുക ലഭിച്ചവര്‍ മടക്കി നല്‍കേണ്ടതില്ല എന്നും, ഇതുവരെ ലഭ്യമാകാത്തവര്‍ക്ക് എത്രയും പെട്ടെന്ന് തുക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഭൂമിയുടെ അവകാശം കര്‍ഷകര്‍ക്ക് തന്നെയെന്ന് ഉദ്‌ഘോഷിക്കുകയാണ് നിയമവ്യവസ്ഥ ചെയ്തിരിക്കുന്നത്. വ്യവസായ വികസനവും കാര്‍ഷിക വികസനവും തമ്മില്‍ ഭാവിയില്‍ വരാനിരിക്കുന്ന എല്ലാ ഏറ്റുമുട്ടലുകളിലും തീര്‍പ്പ് കല്‍പ്പിക്കാനുള്ള കീഴ്‌വഴക്കമാണ് ഈ വിധിയിലൂടെ രാജ്യത്തിന് കൈവന്നിരിക്കുന്നത്. ഒപ്പം ഇത്തരം ഘട്ടങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ജനഹിതത്തിനൊപ്പം നില്‍ക്കണമെന്ന നിര്‍ണായകമായ രാഷ്ട്രീയ സന്ദേശവും ഈ വിധി നല്‍കുന്നു.

നിയമപരമായ വീഴ്ചകള്‍
ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളില്‍ സ്വകാര്യ ഭൂമി എറ്റെടുക്കുന്നതിനു ജൗയഹശര കിലേൃലേെ എന്നുള്ളതാണ് അടിസ്ഥാന പ്രമാണം. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പറയുന്നത് “പൊതുതാത്പര്യം” ഉണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ പരമാധികാരത്തില്‍ സ്വകാര്യ ഭൂമികളും ഏറ്റെടുക്കാം എന്നാണ്. എന്നാല്‍ സിംഗൂരില്‍ പൊതു താത്പര്യം കമ്പനി താത്പര്യത്തിന് വഴി മാറി. വ്യാവസായിക വികസനമെന്ന പൊതുതാത്പര്യമാകട്ടെ തികച്ചും സംശയാസ്പദവും അമൂര്‍ത്തവുമായിരുന്നു.
ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ ബുദ്ധദേവ് സര്‍ക്കാര്‍ പാലിച്ചില്ല. എന്ന് മാത്രമല്ല അവിടെ നടന്ന സമരങ്ങള്‍ ഉള്‍പ്പെടെയുള്ള എതിര്‍പ്പുകള്‍ ഭരണകൂട മര്‍ദനോപാധികള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്തു. സാധാരണയായി ഇത്തരം ഏറ്റെടുക്കലുകള്‍ നടക്കുമ്പോള്‍ ജില്ലാ കലക്റ്റര്‍മാര്‍ക്ക് മുമ്പാകെ പരാതികള്‍ ബോധിപ്പിക്കുവാനുള്ള സ്വാഭാവിക അവകാശം ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ പറയുന്നുണ്ട്. സിംഗൂരില്‍ അത്‌പോലും നിഷേധിക്കപ്പെട്ടതായി സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി വിധിയില്‍ നിന്ന്:
” … വികസനത്തിന് വേഗം വര്‍ധിച്ച ഒരു കാലത്ത് സംസ്ഥാന സര്‍ക്കാറിന് വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നത് മനസ്സിലാക്കാനാവുന്നതാണ്. എന്നാല്‍ ഈ വികസനത്തിന്റെ ആഘാതം സമൂഹത്തിലെ ഏറ്റവും ദുര്‍ബല ജനവിഭാഗങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്നുള്ളപ്പോള്‍, ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ നിയമപരമായ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്ന് കരുതലോടെ ഉറപ്പുവരുത്തുകയെന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്.അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത് എന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ അസാധുവായിരിക്കുന്നു….”

അക്ഷന്തവ്യ അപരാധങ്ങള്‍
കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും മണ്ണില്‍ അധ്വാനിക്കുന്നവരുടെയും പ്രസ്ഥാനമാണ് ഇന്ത്യന്‍ ഇടതുപക്ഷം. കേരളത്തിലും ബംഗാളിലും ഉള്‍പ്പടെ, ഭൂപരിഷ്‌കരണം നടപ്പിലാക്കി അധ്വാന വര്‍ഗത്തിന്റെ വന്‍പിന്തുണ ആര്‍ജിക്കാനും അതിലൂടെ അധികാരത്തിലിരിക്കാനും തുടര്‍ച്ചയായി ഇടതുപക്ഷത്തിനു സാധിച്ചിട്ടുണ്ട്. എന്നാല്‍ ആഗോളീകരിക്കപ്പെട്ട ലോകക്രമത്തില്‍ ബൂര്‍ഷ്വാസിയെയും, കോര്‍പറേറ്റ് കുത്തകകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷവും സ്ഥലജല വിഭ്രമത്തിലായിപ്പോയി എന്നതാണ് ബംഗാള്‍ നല്‍കുന്ന ചുവരെഴുത്ത്.
ഇന്ത്യന്‍ ഇടതുപക്ഷം അതിന്റെ ദൗര്‍ബല്യങ്ങളുടെ ഉത്തുംഗത്തില്‍ നില്‍ക്കുകയാണ്. സംഘടനാപരമായും പാര്‍ലമെന്ററി രംഗത്തും സമാനമായ ദുരവസ്ഥയാണുള്ളത്. ഇത്രയും വലിയൊരു രാജ്യത്ത് ത്രിപുര, കേരളം എന്നീ രണ്ടു കൊച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇടതുപക്ഷം അധികാരത്തിലുള്ളത്. ആഗോളീകൃതമായ ഇക്കാലത്ത് ഇന്ത്യ പോലെയൊരു രാജ്യത്ത് ജനകീയ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിനു പോലും അധികാര രാഷ്ട്രീയം പ്രസക്തമാണ്. സി പി എം നയിക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷം ദൗര്‍ബല്യങ്ങളുടെ കൂടാരമായിരിക്കുന്നു. അധികാര മോഹവും അഴിമതിയും ആരോപിക്കപ്പെടുന്ന നേതാക്കളും വ്യക്തിനിഷ്ഠടമായ കടുത്ത വിഭാഗീയതയും അതിനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ആയി മാറിയിരിക്കുന്നു.
മുതലാളിത്തമാണ് ഇന്ന് ലോകത്തെ കൈയടക്കുന്നത്. കേരളവും അതില്‍ നിന്ന് വിഭിന്നമാകുന്നില്ല. ആഗോളവത്കരണ കാലത്ത് അത് ഒട്ടൊക്കെ അസാധ്യവുമാണ്. ഒരു കഌഷേ വാചകമാണെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകല്‍ച്ച, അത്രമേല്‍ വ്യാപ്തി നേടുന്നു. എവിടെയൊക്കെ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടോ അത് കൈയടക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ മുതലാളിത്തം നടത്തിക്കൊണ്ടിരിക്കും. അവര്‍ക്ക് പണ്ട് ഭയപ്പെടാന്‍ സോവിയറ്റ് യൂനിയന്‍ എന്ന മഹാശക്തി അപ്പുറത്തുണ്ടായിരുന്നു. ഇന്നിപ്പോള്‍ അമേരിക്കക്ക്് ആ ഭയമില്ല. ഇന്നവര്‍ ചൈനയെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാകണം ചൈനയെ അവര്‍ ലാളിച്ച് മയപ്പെടുത്താന്‍ പരിശ്രമിക്കുന്നത്.
ജനാധിപത്യത്തില്‍ നിന്നുമുള്ള ഒരു സോഷ്യലിസ്റ്റ് വളര്‍ച്ചയല്ല ഇന്ത്യയില്‍ നടപ്പിലാകുക. കാരണം, ഇന്ത്യ ഇപ്പോഴും ഒരു യഥാര്‍ഥ ജനാധിപത്യ രാജ്യമായ് മാറിയിട്ടില്ല. രാജ്യം കുത്തക മുതലാളിമാരുടെ നിയന്ത്രണത്തില്‍ തന്നെയാണ്. അതിനു ഭരിക്കുന്ന മുന്നണികളെന്നോ എന്‍ ഡി എ അല്ലെങ്കില്‍ യു പി എ എന്ന വ്യത്യാസമോ ഒന്നുമില്ല. അവര്‍ക്ക് വേണ്ടി ഭരിക്കുന്ന ഗവണ്മെന്റുകളാണു നിലവില്‍. ആ നിലയില്‍ ഇടതുപക്ഷ രാഷ്ട്രീയം ഏറെ പ്രസക്തമായ കാലമാണിത്. ഇവിടെയാണ് … ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഇടതുപക്ഷത്തിന് ഇനിയും പിടികിട്ടാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം നിര്‍ണായകമാകുന്നത്. രാജ്യത്തിന്റെ ഭാവിയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതി വിഗതികള്‍ നേരിട്ട് ബാധിക്കുമെന്ന് തീര്‍ച്ചയുള്ളതിനാലാണ് കമ്യൂണിസ്റ്റുകാര്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നത്. വലതു പക്ഷ രാഷ്ട്രീയം ഗൗരവമായ വിമര്‍ശനം പോലും അര്‍ഹിക്കാത്തവിധം അവഗണിക്കപ്പെടുന്നത് അവരുടെ ആശയപരമായ ശൂന്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അങ്ങനെ വരുമ്പോള്‍ ഇടതുപക്ഷത്തിന് നേരേ ഗൗരവമായി വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങളും സാംസ്‌കാരികപ്രവര്‍ത്തകരും കാലഘട്ടത്തിന്റെ ആവശ്യമാണ് നിറവേറ്റുന്നത് .
സിംഗൂരിലെ പിഴവുകള്‍ വീണ്ടും വീണ്ടും വിശകലവിധേയമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. ബുദ്ധദേവ് രണ്ടാമതും അധികാരത്തില്‍ എത്തിയതിനു ശേഷം 2006 ലാണ് ടാറ്റക്ക് കാര്‍ ഫാക്ട്ടറിക്ക് വേണ്ടി സിംഗൂരില്‍ പാടം ഏറ്റെടുത്തു നല്‍കുവാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. മമതയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങള്‍ അടക്കം പോലീസ് അടിച്ചൊതുക്കുന്നതിനിടയില്‍ 2007 ല്‍ ടാറ്റ നാനോ കാര്‍ ഫാക്റ്ററി നിര്‍മാണം തുടങ്ങി. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ മമതാ ബാനര്‍ജി 25 ദിവസം നീണ്ട നിരാഹാര സമരം ആരംഭിച്ചു. സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ ചെലവില്‍ 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു പതിറ്റാണ്ട് കഴിഞ്ഞ സി പി എം ഭരണം അവസാനിപ്പിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തില്‍ വന്നു. ഭൂമി വിട്ടുനല്‍കാന്‍ തയ്യാറല്ലാത്ത കര്‍ഷകരുടെ 400 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കുവാനായിരുന്നു മമതാ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനം. മമതാ സര്‍ക്കാര്‍ പാസ്സാക്കിയ “സിംഗൂര്‍ ഭൂമി പുനരധിവാസ വികസന ബില്ലി”നെതിരെ ടാറ്റാ നിയമയുദ്ധത്തിന് പോയി. ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ നിന്ന് ടാറ്റയ്ക്ക് എതിരായി വിധി വന്നു. എന്നാല്‍ ഡിവിഷന്‍ ബഞ്ച് വിധി ടാറ്റയ്ക്ക് അനുകൂലമായിരുന്നു. അവിടെ നിന്നുള്ള അപ്പീലാണ് ഇപ്പോള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.
ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ഈ വികസന പരിപാടികള്‍ സാമ്രാജ്യത്വ ആഗോളവത്കരണ കാലത്തെ ബ്രോക്കര്‍ പണി മാത്രമാണ്. ആഗോള ധന മൂലധനത്തിനുമേലുള്ള ആശ്രിതത്വം വര്‍ധിക്കുന്നത് വികസ്വരപ്രദേശങ്ങള്‍ക്ക് സ്വതന്ത്രവികസനപാത തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകള്‍ വെട്ടിച്ചുരുക്കുന്നു എന്നത് ഇടതുപക്ഷം കാണാതെ പോയതിന്റെ ദുരന്തമാണ് സിംഗൂരില്‍ കണ്ടത്. എന്നാല്‍ ആഗോളവത്കരണം എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. നിലനില്‍ക്കുന്ന ലോക യാഥാര്‍ഥ്യങ്ങളില്‍ ഇടപെട്ടും സക്രിയമായി പ്രതികരിച്ചും മാത്രമേ ആഗോളവത്കരണത്തിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നതും കാണാതിരുന്നുകൂടാ. ടാറ്റ ഫാക്റ്ററി വരുമ്പോള്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ യാഥാര്‍ഥ്യമാണ് എന്നത് കാണാതെയല്ല ഇത് പറയുന്നത്. പ്രതിസന്ധി നിറഞ്ഞ സാമ്രാജ്യത്വ ചട്ടക്കൂടിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ വികസന പ്രശ്‌നങ്ങളും പരിഹരിക്കാം എന്ന വ്യാമോഹം അതിരുകടന്നതാണ്. ആഗോളവത്കരണം എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടു കൊണ്ട് സാധ്യമായ ഒരു ബദല്‍ വികസന അജന്‍ഡയാണ് ഇടതുപക്ഷം ആവിഷ്‌കരിക്കേണ്ടത്.

ജനതയുടെ ആഹ്ലാദം
ബുധനാഴ്ച രാവിലെ മുതല്‍ കോടതിവിധിക്കായി കാത്തിരുന്ന ബംഗാളികള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. അവര്‍ വീടുകളില്‍ നിന്ന് തെരുവിലിറങ്ങി പരസ്പരം ആശ്ലേഷിച്ചു ആഹ്ലാദം പങ്കു വയ്ക്കുന്നു; കുട്ടികളും സ്ത്രീകളും നൃത്തം ചവിട്ടുന്നു. പച്ച നിറത്തിലുള്ള പൊടി ദേഹത്തു പുരട്ടി മധുരം വിതരണം ചെയ്താണ് സിംഗൂരിലെ അമ്മമാര്‍ വിധിയെ ആഘോഷിക്കുന്നത്. കോടതി വിധിയുടെ ക്രെഡിറ്റും മമതാ ബാനര്‍ജിക്ക് ലഭിക്കുന്നു. എല്ലാ ആഹ്ലാദ പ്രകടനങ്ങളിലും ആളുകള്‍ “ദീദി”യ്ക്ക് സിന്ദാബാദ് വിളിക്കുന്നു. ഈ ആഹ്ലാദം സി പി എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കണം. പുതിയ സിദ്ധാന്തങ്ങള്‍ നിരത്തി തൊടു ന്യായങ്ങള്‍ അവതരിപ്പിക്കാതെ അര്‍ഥവത്തായ സ്വയം വിമര്‍ശനത്തിന് സി പി എം തയ്യാറാകണം. ആഗോളീകരിച്ച ലോകത്ത് കര്‍ഷക താത്പര്യങ്ങളും വ്യാവസായിക താത്പര്യങ്ങളും സന്തുലിതമായി കൊണ്ടു പോകാന്‍ അധികാരത്തിലുള്ള സ്ഥലങ്ങളില്‍ സി പി എം നയം തയ്യാറാക്കി ഗൃഹപാഠം ചെയ്യുക തന്നെ വേണം. ആ നിലയില്‍ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിനും സിംഗൂര്‍ വിധിയില്‍ പാഠങ്ങളുണ്ട്. വന്‍കിട വികസനമാണല്ലോ അദ്ദേഹത്തിന്റെയും സ്വപ്‌നം.