Connect with us

Editorial

ഐലാന്‍ സ്മരണക്ക് ഒരു വയസ്സ്

Published

|

Last Updated

തുര്‍ക്കി കടല്‍ത്തീരത്ത് മണലില്‍ മുഖം പൂഴ്ത്തി ഐലാന്‍ കുര്‍ദിയെന്ന മൂന്ന് വയസ്സുകാരന്‍ മരിച്ചു കിടക്കുന്ന ചിത്രം ലോകത്തിന്റെ നെഞ്ചിലേക്ക് തീയായി വീണിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ആ കുരുന്നിന്റെ ഓര്‍മക്ക് ഒരാണ്ട് പിന്നിടുമ്പോള്‍ അവന്‍ സ്വന്തം ജീവിതം കൊണ്ട് ഉയര്‍ത്തിവിട്ട അവബോധങ്ങള്‍ക്കും തിരിച്ചറിവിനും ഐക്യദാര്‍ഢ്യങ്ങള്‍ക്കും എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സിറിയയിലെ കൊബാനി പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്തതായിരുന്നു അബ്ദുല്ല കുര്‍ദിയുടെ കുടുംബം. മധ്യധരണ്യാഴി വഴിയുള്ള യാത്രക്കൊടുവില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ചെന്നെത്താമെന്നും അവിടുത്തെ വിസാരഹിത സംവിധാനമുപയോഗിച്ച് പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്നുമായിരുന്നു മറ്റ് അഭയാര്‍ഥി സംഘങ്ങളെപ്പോലെ അബ്ദുല്ലയുടെ കുടുംബത്തിന്റെയും പ്രതീക്ഷ. പക്ഷേ, നടുക്കടലില്‍ ബോട്ട് മുങ്ങി. ഒറ്റക്കോളത്തില്‍ ഒതുങ്ങുന്ന വാര്‍ത്ത. ഐലാന്‍, ജ്യേഷ്ഠന്‍ ഗാലിബ്, മാതാവ് റെഹാന്‍ അങ്ങനെ 12 പേരുടെ മയ്യിത്ത് നിരനിരയായി തീരത്ത് കിടന്നു. അതില്‍ ഐലാന്റെ ശാശ്വതമായ ഉറക്കച്ചിത്രം ദുഗാന്‍ വാര്‍ത്താ ഏജന്‍സിയുടെ ലേഖികയും ഫോട്ടോഗ്രാഫറുമായ നിലൂഫര്‍ ഡെമിറിന്റെ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ ലോകം ആ ഫ്രെയിമിലേക്ക് ആവാഹിക്കപ്പെട്ടു. മനുഷ്യത്വം അസ്തമിക്കുകയല്ല, മേഘങ്ങളാല്‍ മറയ്ക്കപ്പെടുക മാത്രമാണെന്നും ഇത്തിരി കണ്ണീര്‍ തൂകിയാല്‍ മതി അത് ഒരു നിറകണ്‍ ചിരിയോടെ പുറത്ത് വരുമെന്നും ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടത് അങ്ങനെയാണ്.
ദാരിദ്ര്യഗ്രസ്തമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുദ്ധ കലുഷിതമായ സിറിയ, ലിബിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും മുസ്‌ലിംകള്‍ ക്രൂരമായ വംശശുദ്ധീകരണത്തിന് ഇരയാകുന്ന മ്യാന്‍മറില്‍ നിന്നുമെല്ലാം പലായനം ചെയ്യുന്ന മനുഷ്യരുടെ നിസ്സഹായതയിലേക്ക് ലോകത്തിന്റെ ദൃഷ്ടി പതിയാന്‍ ഐലാന്‍ കുര്‍ദിയുടെ ചിത്രം ഹേതുവായി. പൊതുവേ കുടിയേറ്റത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന യൂറോപ്യന്‍ പത്രങ്ങളും ചാനലുകളും ഐലാന്റെ ചിത്രം വെച്ച് ക്യാമ്പയിന്‍ തന്നെ തുടങ്ങി. മരണത്തിന്റെ കൈ പിടിച്ചുള്ള കടല്‍ യാത്രകളുടെ നേര്‍ ചിത്രങ്ങള്‍ നിറഞ്ഞു. അഭയാര്‍ഥി ക്യാമ്പുകളിലെ ശോച്യാവസ്ഥയും അനാവരണം ചെയ്യപ്പെട്ടു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും നിലപാടില്‍ മാറ്റം വരുത്തി. ഹംഗറിയുടെ പിടിവാശി മൂലം വഴിമുട്ടിയ അഭയാര്‍ഥികള്‍ക്ക് അഭയമൊരുക്കി ജര്‍മനി മുമ്പേ നടന്നു. യൂറോപ്യന്‍ യൂനിയനിലെ 28 അംഗരാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന ആഹ്വാനവുമായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹോലന്‍ഡും രംഗത്തെത്തി. ഈ ആഹ്വാനം ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ചെവികൊണ്ടു. മുസ്‌ലിംകളെ സ്വീകരിക്കില്ലെന്ന് വംശീയമായി ആക്രോശിച്ച ഹംഗറിയില്‍ നിന്ന് തിരിച്ചയക്കപ്പെട്ടവര്‍ക്ക് ആസ്ത്രിയ അഭയം നല്‍കി. ജര്‍മനിയിലേക്കുള്ള വഴിയായി ആ രാജ്യം പരിണമിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കാനായി കുടിയേറ്റ നിയമങ്ങള്‍ അടിമുടി പരിഷ്‌കരിക്കണമെന്ന് യു എസ് സെനറ്റര്‍മാരുടെ ഒരു സംഘം പ്രസിഡന്റ് ഒബാമയോട് ആവശ്യപ്പെട്ടു. യു എന്നും ശക്തമായ നടപടികള്‍ക്ക് തയ്യാറായി.
എന്നാല്‍ ഐലാന്‍ സ്മരണകള്‍ക്ക് ഒരു വയസ്സാകുമ്പോള്‍ ഈ പ്രതീക്ഷാ സൂര്യന്‍മാരെല്ലാം അസ്തമിക്കുകയാണ്. ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന ആഞ്ജലാ മെര്‍ക്കല്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവിടെ തീവ്രവലതുപക്ഷ പാര്‍ട്ടിയാണ് വിജയം കൊയ്തത്. ബ്രിട്ടനിലെ ബ്രക്‌സിറ്റ് ഹിതപരിശോധനയിലും കുടിയേറ്റവിരുദ്ധത തന്നെയാണ് വിജയിച്ചത്. ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങള്‍ അഭയാര്‍ഥികള്‍ക്കിടയില്‍ ഇസില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന പ്രചാരണത്തിന് ശക്തി പകര്‍ന്നിരിക്കുന്നു. അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധതയുടെ ആള്‍രൂപമായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കുന്നു. സിറിയയിലെയും ലിബിയയിലെയും യുദ്ധമുഖങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. വന്‍ ശക്തികള്‍ തമ്മിലുള്ള അധികാര വടംവലി കൂടുതല്‍ ദൃശ്യവും ശക്തവുമായിരിക്കുന്നു. തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികളെ തുര്‍ക്കി തന്നെ സ്വീകരിച്ചു കൊള്ളണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാര്‍ യൂറോപ്യന്‍ യൂനിയന്റെ അഭയാര്‍ഥികളോടുള്ള സമീപനം മാറിയതിന്റെ നിദര്‍ശനമാണ്. ഐലാന്റെ പിതാവ് പറയുന്നത് നോക്കൂ: “എന്റെ മകന്റെ മരണ ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ ലോക നേതാക്കള്‍ പറഞ്ഞു, ഇനി ഇത്തരം ദുരന്തം ആവര്‍ത്തിക്കില്ലെന്ന്. എന്നാല്‍, ഇന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, ഒന്നും മാറിയിട്ടില്ല. ഇന്നും കടലില്‍ മനുഷ്യര്‍ മരിക്കുന്നു. അഭയം യാചിച്ച് ചെല്ലുന്നവരെ ആട്ടിയോടിക്കുന്നു. അപകടം പിടിച്ച യാത്രക്ക് മുതിരരുത് എന്നാണ് ഞാന്‍ പറയുന്നത്. എന്നാല്‍, സ്വന്തം മണ്ണില്‍ നില്‍ക്കക്കള്ളിയില്ലാതായാല്‍ പിന്നെന്ത് ചെയ്യും?”
ആരാണ് ഇവരുടെ സ്വസ്ഥത കവര്‍ന്നെടുത്തത്? തീവ്രവാദികള്‍ക്ക് സൈ്വര വിഹാരം നടത്താനുതകുന്ന നിലയിലേക്ക് രാഷ്ട്രങ്ങളെ ശിഥിലമാക്കിയത് ആരാണ്? തീവ്രവാദികള്‍ക്ക് ആയുധവും പരിശീലനവും നല്‍കിയത് ഈ വന്‍ ശക്തികള്‍ തന്നെയല്ലേ? അവര്‍ പക്ഷം പിടിക്കുന്നത് കൊണ്ടല്ലേ ഒരു സൈനിക നടപടിയും ലക്ഷ്യം കാണാത്തത്? വിഭവ കൊള്ളയുടെയും മേധാവിത്വ സംസ്ഥാപനത്തിന്റെയും കുടില തന്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ നവ സാമ്രാജ്യത്വം തയ്യാറായാല്‍ പലായനങ്ങള്‍ നിലയ്ക്കും. ഇവര്‍ തന്നിഷ്ടത്തിന് മെച്ചപ്പെട്ട മണ്ണ് തേടിപ്പോകുന്ന കുടിയേറ്റക്കാരല്ല. അഭയാര്‍ഥികളാണ്. അവര്‍ക്ക് അഭയം നല്‍കാനുള്ള ഉത്തരവാദിത്വം ലോകത്തിനുണ്ട്.

Latest